ഹെലേന ഗ്വാലിങ്; സരയാകൂ ഗോത്രത്തിന്റെ ശബ്ദം, ആമസോൺ മഴക്കാടുകളുടെ രക്ഷക!

Helena Gualinga is a voice for indigenous communities in the fight against climate change
SHARE

ഹെലേന ഗ്വാലിങ്ങ് എന്ന് സെർച്ചു ചെയ്താൽ ആദ്യമെത്തുക ഒരു ഇൻസ്റ്റഗ്രാം പേജാണ്. അതിൽ കയറി നോക്കിയാൽ ഒരു പതിനെട്ടുകാരിയുടെ സെൽഫികളും മറ്റും തെളിഞ്ഞുവരും, കാലാവസ്ഥയെയും പരിസ്ഥിതിയെയും സംബന്ധിച്ച് ചില പോസ്റ്റുകളും. ഇതിലെന്താണ് ഇത്ര പ്രത്യേകത, ഇതു പലരും ചെയ്യുന്നതല്ലേ? എന്നാൽ ഹെലേന ആളത്ര ചില്ലറക്കാരിയല്ല. ആമസോൺ മഴക്കാടുകളുടെ രക്ഷയ്ക്കായി മുൻപന്തിയിൽ നിൽക്കുന്ന പരിസ്ഥിതി നായികയാണ് ഈ യുവതി... ഗ്രെറ്റ ട്യുൺബെർഗിന്റെ ലാറ്റിനമേരിക്കൻ പതിപ്പ്.

തെക്കനമേരിക്കൻ രാജ്യമായ ഇക്വഡോറിലാണ് ഹെലേന ജനിച്ചത്.ആമസോൺ കാടുകളിൽ താമസിക്കുന്ന സരയാകു എന്ന ആദിമഗോത്രത്തിലായിരുന്നു ജനനം. നവോമി ഗ്വാലിംഗയാണ് ഹെലേനയുടെ അമ്മ. സരയാകൂ ഗോത്രത്തിൽ ഇന്ന് ആകെ 1500 ആളുകളേയുള്ളൂ. ഒറ്റപ്പെട്ട രീതിയിൽ ജീവിക്കുന്നതിനാൽ ഇവർ താമസിക്കുന്നിടത്തേക്ക് എത്തണമെങ്കിൽ വള്ളങ്ങൾ വേണം.ഇങ്ങോട്ടേക്കു റോഡുകളില്ല. എന്നാൽ ഹെലേനയുടെ അച്ഛൻ ഫിൻലൻഡിലെ ഒരു പ്രശസ്ത സർവകലാശാലയിൽ അധ്യാപകനാണ്. കുറേക്കാലം ഹെലേന വളർന്നതും വിദ്യാഭ്യാസം തേടിയതും അവിടെയാണ്. ഇങ്ങനെ ലഭിച്ച രാജ്യാന്തര സമ്പർക്കമാണ് ഹെലേനയെ സരയാകൂ വംശത്തിനു വേണ്ടി നിലയുറപ്പിക്കാൻ കരുത്തയാക്കിയത്.

Helena Gualinga is a voice for indigenous communities in the fight against climate change

എന്താണ് സരയാകുവിന്റെ പ്രശ്നം? പ്രധാന പ്രതിസന്ധി വനനശീകരണമാണ്.ലോകത്ത് ഏറ്റവുമധികം പ്രകൃതിചൂഷണം നേരിടുന്ന മേഖലയാണ് ആമസോൺ.ഈ വനങ്ങളുമായി ആഴത്തിൽ സമ്പർക്കത്തിലേർപ്പെട്ടാണു സരയാകു ഗോത്രം താമസിക്കുന്നത്.ബ്രസീലിലാണു കൂടുതലെങ്കിലും ഇക്വഡോറിലും നല്ലരീതിയിൽ ആമസോൺ പ്രദേശങ്ങളുണ്ട്.ഇവിടം എണ്ണ നിക്ഷേപത്താൽ സമ്പന്നവുമാണ്. 1996ൽ ഇതു ഖനനം ചെയ്യാനായി സർക്കാർ പെട്രോഇക്വഡോർ, സിജിസി തുടങ്ങിയ വമ്പൻ കമ്പനികളെ കരാറേൽപിച്ചു.സരയാകൂ വംശങ്ങളുടെ ആവാസകേന്ദ്രങ്ങളും ഈ ഖനനമേഖലയിൽ പെടും.

തുടർന്ന് ചൂഷണം ശക്തമായി. 2002ൽ സരയാകു വംശജരുടെ സമ്മതം ചോദിക്കാതെ തന്നെ ഇക്വഡോർ പട്ടാളവും മറ്റും പരിശോധനകൾക്കായി അവരുടെ സ്ഥലത്തേക്കു നിരന്തരമെത്തി. സരയാകൂ വംശത്തിലെ പലർക്കു നേരെയും ആക്രമണമുണ്ടായി. കാടിനുള്ളിൽ എണ്ണക്കമ്പനികൾ നടത്തിയ സ്ഫോടനത്തിൽ ഇവരുടെ പരിപാവന സ്ഥലങ്ങളും ആരാധനാകേന്ദ്രങ്ങളും നശിച്ചു. ആ വർഷമാണ് ഹെലേന ജനിച്ചത്.

എന്നാൽ തദ്ദേശീയരും വെറുതെയിരുന്നില്ല. 2012ൽ സരയാകൂ വംശജർ ഇക്വഡ‍ോർ ഗവൺമെന്റിനെതിരെ ലാറ്റിനമേരിക്കൻ കോടതിയിൽ കേസ് കൊടുക്കുകയും  വിജയിക്കുകയും ചെയ്തു. തുടർന്ന് ഇക്വഡോറിലെ സമാന ഗോത്രങ്ങളെല്ലാം ഒരു കുടക്കീഴിൽ അണിനിരന്നു. പ്രക്ഷോഭം ശക്തമായി മാറി. ഇതിലെല്ലാം ഹെലേന വഹിച്ച പങ്ക് ചില്ലറയല്ല.

Helena Gualinga is a voice for indigenous communities in the fight against climate change

ഇംഗ്ലിഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയാവുന്ന ഹെലേന, ഗോത്രത്തിന്റെ ശബ്ദമായി മാറി. ഇക്വഡോർ ഗവൺമെന്റിന്റെ പ്രവൃത്തികളും ഗോത്രങ്ങളുടെ പരാധീനതകളും ലോകം ഇങ്ങനെ അറിഞ്ഞു. ഒട്ടേറെ സമരങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുത്തിട്ടുള്ള ഹെലേന പ്രശസ്തമായ രാജ്യാന്തര കാലാവസ്ഥാ ഉച്ചകോടിയിലും പ്രതിനിധിയായി എത്തി. നിലവിൽ ഫിൻലൻഡിൽ ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കുകയാണ് ഹെലേന.ഗ്രെറ്റ തുൺബെർഗിനെപ്പോലെ ഒരു മുഴുവൻ സമയ പ്രവർത്തകയാകുന്നതിനു മുൻപ് സർവകലാശാലയിൽ ഉപരിപഠനം പൂർത്തീകരിക്കാനാണു ഹെലേനയുടെ ലക്ഷ്യം.ഇതിനു ശേഷം ഇക്വഡോറിലേക്കു മടങ്ങി സരയാകുവിന്റെയും ആമസോണിന്റെയും ഉന്നമനത്തിനായി പ്രവർത്തിക്കാൻ ഇവർ ലക്ഷ്യമിടുന്നു.

English Summary: Helena Gualinga is a voice for indigenous communities in the fight against climate change

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA