ചിറകിന്റെ അഗ്രഭാഗങ്ങള്‍ക്ക് പാമ്പിന്റെ തലയോട് സാദൃശ്യം; വിസ്മയ കാഴ്ചയായി നാഗശലഭം!

Atlas Moth
SHARE

ചിത്രശലഭങ്ങളിലെ അപൂര്‍വ ഇനമായ നാഗശലഭം വിരുന്നെത്തിയത് കൗതുകക്കാഴ്ചയായി. കണ്ണൂര്‍ പയ്യന്നൂരിലെ മഹാദേവ ഗ്രാമത്തിലാണ് നാഗത്തിന്‍റെ രൂപത്തില്‍ ചിറകുള്ള ശലഭത്തെ കണ്ടത്. പല വര്‍ണങ്ങളിലുള്ള ചിത്രശലഭങ്ങളെ കാണാറുണ്ടെങ്കിലും നാഗശലഭത്തെ കാണുന്നത് അപൂര്‍വമാണ്. മഹാദേവ ഗ്രാമത്തിലെ എ പി കൃഷ്ണന്‍റെ വീട്ടുവളപ്പിലാണ് ശലഭം വിരുന്നെത്തിയത്. 

പറമ്പിലൂടെ നടക്കുന്നതിനിടെയാണ് കൃഷ്ണന്‍ വ്യത്യസ്തമായ ചിറകുകളുള്ള ശലഭത്തെ കണ്ടത്. ഇരു ചിറകുകളിലും നാഗത്തിന്‍റെ രൂപം കാണാം. വിവരമറിഞ്ഞ നാട്ടുകാരും അപൂര്‍വ കാഴ്ച കാണാനെത്തി. ഇവ പ്രധാനമായും രാത്രിയിലാണ് സഞ്ചരിക്കുക എന്നതിനാല്‍ നിശാ ശലഭം എന്നും അറിയപ്പെടാറുണ്ട്. ഇന്ത്യയില്‍ കണ്ടുവരുന്നതില്‍ ഏറ്റവും വലുപ്പമുള്ളതും ആയുസ്സുള്ളതുമായ ചിത്രശലഭങ്ങളിലൊന്നാണിതെന്നും വിദഗ്ധര്‍ പറയുന്നു

നിബിഡവനപ്രദേശങ്ങളിലാണ്  ഇവയെ സാധാരണ കാണാറുള്ളത് . ചുവപ്പ് കലർന്ന തവിട്ടുനിറമുള്ള  ഇവയുടെ മുൻചിറകുകളിൽ പാമ്പിന്റെ  കണ്ണുകൾ പോലെ കറുത്ത പൊട്ടുകളുണ്ട്. ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ ഇതുപകരിക്കുന്നു. മുൻ-പിൻ ചിറകുകളിൽ വെളുത്ത നിറത്തിൽ ത്രികോണ അടയാളങ്ങളുമുണ്ട്.

ചിറകുകൾക്കു പിന്നിൽ പാമ്പിന്റെ തലയുടെ രൂപമുള്ളതിനാൽ സ്‌നേക്‌സ് ഹെഡ് എന്നും ഇതിനെ വിളിക്കുന്നുണ്ട്. സാധാരണഗതിയിൽ 10 മുതൽ 12 ഇഞ്ചുവരെയാണ് വിടർത്തിയ ചിറകുകളുടെ നീളം.  രണ്ടാഴ്ച മാത്രം നീണ്ടു നിൽക്കുന്ന ജീവിതത്തിൽ ഈ ശലഭങ്ങൾ ആഹാരം കഴിക്കാറില്ല. പുഴുവായിരിക്കെ ആഹരിച്ചതിന്റെ കരുതൽ ഊർജം ഉപയോഗപ്പെടുത്തിയാണ് പ്രജനനത്തിനു മാത്രമായുള്ള ജീവിതം നയിക്കുന്നത്. 

പെൺശലഭത്തിന്റെ പ്രത്യേക ഹോർമോൺ ഗന്ധത്തിൽ ആകൃഷ്ടരായാണ് ഇവയുടെ ആൺ ശലഭങ്ങളെത്തുന്നത്.ദേവാലയങ്ങളിലും വീടുകളിലും അപൂര്‍വ്വമായി എത്തിപ്പെടാറുള്ള ഇവയ്ക്ക് ജനങ്ങള്‍ ദൈവീക പരിവേഷം നല്‍കാറുണ്ട്. അതിജീവനത്തിന്റെ ഭാഗമായുളള  ഉഗ്രരൂപമുള്ള ചിറകുകൾ പ്രത്യുൽപാദന പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ പൊഴിയും.

English Summary: This Moth's Wings Have a Cobra Design to Scare Off Predators

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA