ADVERTISEMENT

കൂട്ടിലടച്ച കൂറ്റൻ കടുവ. അവനു മുന്നിലൊരു ചെറുപ്പക്കാരൻ. ചുറ്റിലും ഒട്ടേറെപ്പേർ. പതിയെ കൂടു തുറന്നു. കണ്ടു നിന്നവരെല്ലാം പിന്നോട്ടൊന്നാഞ്ഞു. ചെറുപ്പക്കാരന് കൂസലൊന്നുമില്ല. നേർത്തൊരു മുരൾച്ചയൊക്കെയായി കടുവ അവനു നേരെ വന്നു. പക്ഷേ ആക്രമിക്കുന്നൊന്നുമില്ല, ചുമ്മാ തലയാട്ടി നിന്നു. തൊട്ടടുത്ത നിമിഷം കയ്യിലെ നീളൻ വാളെടുത്ത് ഒരൊറ്റ വീശലായിരുന്നു. കടുവ രണ്ടായി പിളർന്നു നിലത്തുവീണു പിടച്ചു. കണ്ടു നിന്നവർ കയ്യടിച്ചു, പരിചാരകർ വന്ന് ആ രണ്ട് മാംസക്കഷണങ്ങൾ എടുത്തുകൊണ്ടു പോയി. ചുറ്റിലും ഈ കാഴ്ച കണ്ടു നിന്നവരുടെ മുന്നിലെ തീന്മേശയിൽ ഏതാനും സമയം കഴിഞ്ഞപ്പോൾ കടുവയിറച്ചി കൊണ്ടു പാകം ചെയ്ത വിഭവങ്ങളെത്തി. ഒപ്പം കടുവയുടെ എല്ലിട്ടു വാറ്റിയ മദ്യവും. അധോലോക സിനിമയുടെ കഥയൊന്നുമല്ല, ഇതൊരു യാഥാർഥ്യമാണ്. ചൈനയിലാണ് ഇത്തരത്തിൽ വിരുന്നുകൾക്ക് ‘ലൈവ്’ ആയി കടുവകളെ കൊന്ന് വിളമ്പുന്നത്. അതും സർക്കാരിന്റെ അനുമതിയോടെ. നൂറുകണക്കിന് കടുവകളെയാണ് ഇത്തരത്തിൽ ആഡംബര വിരുന്നിനു വേണ്ടിയും തുകലിനും എല്ലിനുമെല്ലാം വേണ്ടിയും കൊന്നൊടുക്കുന്നത്. പക്ഷേ ചൈനയിൽ ആകെയുള്ളത് വിരലിലെണ്ണാവുന്ന കാട്ടുകടുവകൾ മാത്രം. 40 വർഷങ്ങൾക്കു മുൻപേ തന്നെ കടുവകളുടെ വേട്ടയാടല്‍ ചൈന നിരോധിച്ചതുമാണ്. എന്നിട്ടുമെവിടെ നിന്നാണ് ഇങ്ങനെ കൊന്നൊടുക്കാൻ കടുവകളെ കിട്ടുന്നത്?

ചൈനയിൽ നിന്നുള്ള കൊടും ക്രൂരതയുടെ ചിത്രങ്ങളും വിവരങ്ങളും ട്വിറ്ററിൽ പങ്കുവച്ചത് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ്. ചൈനയിലെ ഫാമുകളിൽ വളർത്തുന്ന കടുവകളുടെ ചിത്രങ്ങളാണിത്. ഏകദേശം 7,000– 8,000 കടുവകൾ ചൈനയിൽ ഫാമുകളിൽ വളരുന്നുണ്ട്. ഇത് ഇന്ത്യയിലെ കാടുകളിൽ സ്വാഭാവികമായി വളരുന്ന കടുവകളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. ഫാമിൽ വളർത്തുന്ന കടുവകളുടെ ശരീരഭാഗങ്ങളും മാംസവും തോലും വൻ വിലയ്ക്കാണ് മാർക്കറ്റിലെത്തുന്നത്. ഭക്ഷണമോ വെള്ളമോ നൽകാതെ അറവുമാടുകൾക്ക് സമാനമായി കടുവകളെ വളർത്തി മാംസം വിൽക്കുന്ന സ്വകാര്യ ഫാമുകളുടെ എണ്ണം ചൈനയിൽ കൂടുകയാണ്. 

കടുവയെ വളർത്താം, കൊല്ലാം ആരും ചോദിക്കില്ല

കാട്ടുകടുവകളെ കൊല്ലുന്നതും അവയുടെ ശരീരഭാഗങ്ങൾ വിൽക്കുന്നതും ചൈനയിൽ നിയമവിരുദ്ധമാണ്. പക്ഷേ കടുവകളെ സ്വകാര്യ ആവശ്യത്തിനു വേണ്ടി വളർത്തുന്നതും കൊല്ലുന്നതും രാജ്യത്തൊരു തെറ്റല്ല. സർക്കാരിന്റെ പെർമിറ്റ് ഉണ്ടെങ്കിൽ അത്തരം കടുവകളുടെ തുകലും നിൽക്കാം. ‘ടൈഗർ ഫാം’ എന്ന ഇത്തരം കടുവാവളർത്തു കേന്ദ്രങ്ങൾ ഇന്ന് ഇരുനൂറിലേറെയുണ്ട് ചൈനയിൽ. അവിടങ്ങളിലെല്ലാമായി അയ്യായിരത്തിലേറെ കടുവകളും. രാജ്യാന്തര തലത്തിൽത്തന്നെ ഈ ടൈഗർ ഫാമുകള്‍ക്കെതിരെ വൻപ്രതിഷേധമുയർന്നിട്ടും ചൈനീസ് സർക്കാർ ഇപ്പോഴും അത് കണ്ടില്ലെന്ന മട്ടിലാണ്. മാത്രവുമല്ല, ഏറെ കാത്തിരുന്ന ചൈനയുടെ വനസംരക്ഷണ നിയമ ഭേദഗതിയുടെ കരടും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. അതിലാകട്ടെ വംശനാശഭീഷണി നേരിടുന്ന കടുവ, കരടി, ഈനാംപേച്ചി തുടങ്ങിയ ജീവികളെ സ്വകാര്യ ആവശ്യത്തിനോ മരുന്നിനു വേണ്ടിയോ വളർത്താനും കൊല്ലാനും അനുവാദവും നൽകിയിരിക്കുന്നു. ഇത് കൂടുതൽ എളുപ്പമാക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്കു തന്നെ ഇത്തരം ഫാമുകൾക്ക് ലൈസൻസ് നൽകാനുള്ള അധികാരവും നൽകിക്കഴിഞ്ഞു.

മാടുകളെപ്പോലെ വളരുന്ന കാട്ടുരാജാക്കന്മാര്‍

ഏതു കൊലകൊമ്പാനാണെങ്കിലും കാട്ടിലെ കടുവയുടെ മുന്നിൽ വരാനൊന്നു മടിക്കും. പക്ഷേ ഫാമുകളിൽ വളർത്തുന്ന കടുവകൾക്ക് എങ്ങനെ വേട്ടയാടണമെന്നു പോലും അറിയില്ല. കൂടുകളിൽ ബ്രോയിലർ കോഴികളെ വളർത്തുന്നതു പോലെയാണ് ഇവയെ അടച്ചിടുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ നൽകുന്നതാകട്ടെ വൃത്തികെട്ട ഭക്ഷണവും. ഇങ്ങനെ ആകെ മടുത്തിരിക്കുന്ന കടുവകളെയാണ് വിരുന്നുകളിലെത്തുന്നവർ ഒറ്റവെട്ടിനു കൊല്ലുന്നത്. എന്താണ് തിരിച്ചു ചെയ്യേണ്ടതെന്നു പോലും അറിയാത്ത പാവങ്ങളാണ് ഈ ‘ഫാംകടുവകളെ’ന്നു ചുരുക്കം.

ഒരുകൂട്ടം കടുവകൾക്കിടയിലേക്ക് പശുവിനെയെയോ കാളയെയോ അഴിച്ചു വിട്ടുള്ള വിനോദവും ഫാമുകളിൽ നടത്താറുണ്ട്. സർക്കസിലെ കോമാളിത്തരങ്ങൾ കാണിക്കാനും ഈ കടുവകളെ ഉപയോഗിക്കും. ജനിച്ചയുടനെ അമ്മക്കടുവയുടെ അടുത്തു നിന്ന് കുഞ്ഞിനെ മാറ്റും. എന്നാൽ മാത്രമേ അമ്മക്കടുവയ്ക്ക് കൂടുതൽ പ്രത്യുൽപാദനം നടത്താനാകൂ. ഇത്തരത്തിൽ പ്രകൃതിദത്തമായി അനുഭവിക്കേണ്ട അവസരങ്ങളെല്ലാം നിഷേധിച്ച് തികച്ചും പ്രാകൃതമായിട്ടാണ് ഈ കടുവകളെ വളർത്തുന്നത്. പ്രായമായിക്കഴിഞ്ഞാൽ ഈ കടുവകളെ പട്ടിണിക്കിടുകയാണു പതിവ്. അങ്ങനെയത് നരകിച്ചു ചാകും. പിന്നെ എല്ലും തോലുമാക്കി മാറ്റാനും എളുപ്പമാണ്.

കടുവയെന്ന ‘സ്റ്റാറ്റസ് സിംബൽ’

അരി വാറ്റിയെടുത്തുണ്ടാക്കിയ മദ്യത്തിൽ കടുവയുടെ എല്ലിട്ട് തയാറാക്കുന്ന വീഞ്ഞിന് ചൈനയിൽ വൻ ഡിമാൻഡാണ്. കാട്ടുകടുവകളുടെ എല്ലിട്ട് മദ്യമുണ്ടാക്കാൻ അനുവാദമില്ലെങ്കിലും ഫാം കടുവകളെ എത്രവേണമെങ്കിലും ഉപയോഗിക്കാം.1993 മുതൽ ചൈനയിൽ കടുവകളുടെ എല്ലു കടത്തുന്നത് നിയമവിരുദ്ധമാക്കിയിട്ടുമുണ്ട്. കടുവകളെ വളർത്താൻ അനുമതി നൽകുന്നതിലൂടെ തങ്ങൾ കാട്ടുകടുവകളെ സംരക്ഷിക്കുകയാണെന്നാണ് ചൈനീസ് വനംവകുപ്പധികൃതരുടെ പക്ഷം. എന്നാൽ സത്യത്തിൽ സംഭവിക്കുന്നത് നേരെ മറിച്ചും: ഫാംകടുവകളുടെ തോലും എല്ലും കൊലപ്പെടുത്തലുമെല്ലാം ചൈനക്കാർക്ക് അത്ര താൽപര്യമില്ല. അവർക്ക് കാട്ടുകടുവകളിലാണു താൽപര്യം. ഫാം കടുവയെന്ന പേരിൽ കാട്ടുകടുവകളെ കടത്തുന്ന സംഘവും ചൈനയിൽ സജീവമാണ്. 

വിവിധ രാജ്യങ്ങളിൽ നിന്നും ഇത്തരത്തിൽ കടുവകളുടെ ശരീരഭാഗങ്ങൾ ഫാമിൽ വളർത്തുന്നതെന്ന ലേബലിൽ എത്തുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ. മാത്രവുമല്ല ഫാമിൽ കടുവയെ വളർത്തി വലുതാക്കുന്നതിനെക്കാളും എളുപ്പമാണല്ലോ കാട്ടിൽ കയറി വെടിവച്ചിടാൻ. ഫാം കടുവകളുടെ എല്ലും തുകലുമൊക്കെ ലഭ്യമാണെന്നിരിക്കെ കാട്ടുകടുവകളിലേക്ക് ജനങ്ങളുടെ ‘ആർത്തി’ ഏറുന്നത് സ്വാഭാവികമാണെന്നും എൻവയോണ്മെന്റൽ ഇൻവസ്റ്റിഗേഷൻ ഏജൻസി സാക്ഷ്യപ്പെടുത്തുന്നു. മാത്രവുമല്ല, ഫാംകടുവകളെ കണ്ടുകണ്ട് കൗതുകം വിട്ട പലരും പുലികളെയും വെള്ളക്കടുവയെയുമൊക്കെയാണിപ്പോൾ നോട്ടമിടുന്നത്. കടുവയുടെ നഖവും തുകലും എല്ലിട്ട മദ്യവുമൊക്കെ ചൈനീസ് ‘സ്റ്റാറ്റസ്’ അടയാളങ്ങളുമാണ്. കാട്ടിൽ കഴിയേണ്ട കടുവകളെ വെറും മാടുകളെപ്പോലെ വളർത്തി കൊന്ന് ആസ്വദിക്കുന്ന ഈ ക്രൂരതയ്ക്ക് എന്ന് അറുതിയാകുമെന്നറിയില്ല. change.org പോലുള്ള വെബ്സൈറ്റുകളിൽ ഇതിനെതിരെ ക്യാംപെയ്നും നടക്കുന്നുണ്ട്. രാജ്യാന്തര സമൂഹം ഇപ്പോഴും ജാഗ്രതയിലാണെന്നർഥം. എന്നെങ്കിലും ഈ പ്രാകൃതരീതി ചൈന നിരോധിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.

English Summary: The horrific cruelty of China's tiger farms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com