ADVERTISEMENT

ഓള്‍ഡ് ഫെയ്ത്ഫുള്‍ എന്നത് യുഎസിലെ വ്യോമിങ്ങില്‍ യെല്ലോസ്റ്റോണ്‍ ദേശീയ പാര്‍ക്കിലുള്ള ചൂടുറവയാണ്. കൃത്യമായ ഇടവേളകളിൽ ചൂട് വെള്ളം ഭൂമിയ്ക്കടിയില്‍ നിന്നു പുറത്തേക്ക് വന്ന് ഒരു അരുവി പോലെ ഒഴുകുന്ന വിചിത്ര പ്രതിഭാസമാണ് ഇവിടെ കാണാനാകുക. 60-90 മിനുട്ടുകളുടെ ഇടവേളയിലാണ് ഇത്തരത്തില്‍ ചൂടുവെള്ളം ഭൂമിക്കടിയില്‍ നിന്ന് പുറത്തേക്കു വരുന്നത്. ഏതാനും മീറ്ററുകള്‍ ഉയരത്തിലേക്ക് ഈ വെള്ളം ഓരോ തവണയും ചീറിയെത്തും. ഭൂമിക്കടിയില്‍ തന്നെയുള്ള ജിയോ തെര്‍മല്‍ എനര്‍ജിയാണ് ഇത്തരത്തില്‍ വെള്ളം ചൂടുള്ളതാക്കി പുറത്തേക്കെത്തുന്നതിന് കാരണമാകുന്നത്.

അതേസമയം ഈ ഓള്‍ഡ് ഫെയ്ത്ത് ചൂടുറവ ഇനി എത്രനാള്‍ ഈ രീതിയില്‍ കൃത്യമായ ഇടവേളകളില്‍ വെള്ളം പുറന്തള്ളുമെന്ന് പറയാനാകില്ല. വ്യോമിങ് മേഖലയില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന വരള്‍ച്ചയാണ് ഇതിനു കാരണം. ഓരോ വര്‍ഷം പിന്നിടുന്തോറും ഈ വരള്‍ച്ച കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. സമാനമായ ഒരു സ്ഥിതി ഈ മേഖലയില്‍ ഉണ്ടായത് 800 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അന്ന് ഏതാനും പതിറ്റാണ്ടു കാലത്തേക്ക് തന്നെ ഈ ചൂടുറവ വറ്റി പോയിരുന്നു. ഇതേ ഘട്ടത്തിലേക്കാണ് ഗുഡ് ഫെയ്ത്ത് ചൂടുറവ എത്തുന്നതെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. ആഗോളതാപനമാണ് ഇത്രവേഗത്തില്‍ മേഖലയിലേക്ക് വരള്‍ച്ച വ്യാപിക്കാനും ആ വരള്‍ച്ച ചൂടുറവ വറ്റുന്നതിലേക്കെത്തുന്നതിനും കാരണമായതെന്നും ഇവര്‍ വിശദീകരിക്കുന്നു.

യെല്ലോസ്റ്റോണിലെ ചൂടുറവകള്‍

ഭൂമിയില്‍ സമാനമായ ചൂടുറവകള്‍ ഉണ്ടാകുന്ന നിരവധി പ്രദേശങ്ങളുണ്ട്. ഇതില്‍ യെല്ലോസ്റ്റോണ്‍ ഉള്‍പ്പടെയുള്ള ആയിരത്തിലധികം പ്രദേശങ്ങളിലാണ് അഗ്നിപര്‍വത സാന്നിധ്യം മൂലം ചൂടുറവകള്‍ ഉണ്ടാകുന്നത്. ഭൂ ഉറവകള്‍  ഉറങ്ങിക്കിടക്കുന്ന അഗ്നിപര്‍വതങ്ങളുടെ മാഗ്മ ശേഖരത്തിന് സമീപത്തെത്തുമ്പോഴാണ് ചൂടുറവകള്‍ ഉദ്ഭവിക്കാനുള്ള സാധ്യത ഒരുങ്ങുന്നത്. മാഗ്മയുടെ സമീപത്തെത്തുന്ന ഭൂഗര്‍ഭ ജലം തിളയ്ക്കാനാവശ്യമായ താപനിലയിലേക്കെത്തും. അതേസമയം ഭൂമിക്കടിയിലെ ഉയര്‍ന്ന മര്‍ദ്ദം ഈ സാഹചര്യത്തിലും വെള്ളം നീരാവിയാകുന്നത് തടയും. ഇതോടെ ചൂടുറവയായി വിടവുകളിലൂടെ ജലം പുറത്തേക്കെത്തും. ഉയര്‍ന്ന ചൂടും മര്‍ദ്ദവും മൂലം മിക്കപ്പോഴും പൊട്ടിത്തെറിക്കുന്ന അവസ്ഥയിലാണ് ഇവ പുറത്തേക്കെത്തുക.

ഓള്‍ഡ് ഫെയ്ത്ത്ഫുളിന്‍റെ പ്രത്യേകത

 Drought once shut down Old Faithful and might again

1870 തിലാണ് ഗവേഷകനായ ഹെന്‍റി വാഷ് ബേണ്‍, ഓള്‍ഡ് ഫെയ്ത്ത് ഫുള്‍ എന്ന ഈ ചൂടുറവ കണ്ടെത്തുന്നത്. ഈ ചൂടുറവയ്ക്ക് ഫെയ്ത്ത് ഫുള്‍ എന്ന പേര് നല്‍കാന്‍ വ്യക്തമായ കാരണമുണ്ട്. മറ്റെല്ലാ ചൂടുറവകളും കൃത്യമായ ഇടവേളകളോ സമയക്രമമോ ഇല്ലാതെയാണ് പുറത്തേക്കെത്തുന്നത്. എന്നാല്‍ ഓള്‍ഡ് ഫെയ്ത്ത് ഫുളിന്‍റെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. മുകളില്‍ പറഞ്ഞതുു പോലെ ഏതാണ്ട് കൃത്യമായ ഇടവേളകളിലാണ് ഈ ചൂടുറവ പുറത്തേക്കു വരുന്നത്. ചില സമയങ്ങളില്‍ കാലാവസ്ഥയും, മറ്റ് സാഹചര്യങ്ങളും ഈ കൃത്യതയെ ബാധിക്കാറുണ്ടെങ്കിലും വീണ്ടും ഇവ ഈ കൃത്യമായ സമയക്രമത്തിലേക്ക് തിരിച്ചെത്താറുണ്ട്. ഈ കൃത്യമായ ഇടവേള ക്രമം തന്നെയാണ് ഓള്‍ഡ് ഫെയ്ത്ത് ഫുള്‍ എന്ന് പേര് നല്‍കുന്നതിനു പിന്നിലുള്ള കാരണം.

ഒരു ചെറിയ കുന്നില്‍ മുകളില്‍ നിന്നാണ് ഓള്‍ഡ് ഫെയ്ത്ത് ഫുള്‍ പുറത്തേക്കൊഴുകുന്നത്. ചൂടുറവ എന്നത് കൗതുകകരമായ കാര്യമാണെങ്കിലും ഈ മേഖലയിലൊന്നും ചെടികളോ മരങ്ങളോ ഇല്ല. കനത്ത ചൂടില്‍ ഒഴുകുന്ന വെള്ളമാണ് ഈ മേഖലയിലുള്ളത് എന്നതാണ് ഇതിനു കാരണം . അതേസമയം ഇതേ മേഖലയില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നടത്തിയ പഠനത്തില്‍ ഈ പ്രദേശത്ത് മുന്‍പ് മരങ്ങളും ചെടികളും ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാന്‍ സാധിച്ചു. കാര്‍ബണ്‍ ഡേറ്റിങ്ങിലൂടെ ഈ മരങ്ങളുടെ കാലപ്പഴക്കം 800 വര്‍ഷത്തോളം ഉണ്ടെന്ന് മനസ്സിലായി. അതായത് 13-14 നൂറ്റാണ്ടുകളിലാണ് ഇവിടെ മരങ്ങള്‍ ഉണ്ടായിരുന്നത് എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ഈ ചൂടുറവയ്ക്ക് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. അങ്ങനെയിരിക്കെ എങ്ങനെ തുടര്‍ച്ചയായി ഒഴുകുന്ന ചൂടുറവയുടെ സമീപത്ത് മരങ്ങളുടെ ചെടികളും വളരും എന്നതായിരുന്നു ചോദ്യം. ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള അന്വേഷണമാണ് 800 വര്‍ഷം മുന്‍പുള്ള വരള്‍ച്ചയുടെ കണ്ടെത്തലിലേക്ക് നയിച്ചത്. മരങ്ങള്‍ വളര്‍ന്നു വന്ന സമയത്തും അതിന് മുന്‍പ് ഏതാനും ദശാബ്ദങ്ങളിലും ചൂടുറവ ഒഴുകിയിരുന്നില്ല എന്നാണ് തിരിച്ചറിഞ്ഞത്. ഇതോടെ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനങ്ങള്‍ നടത്തി. ഇതോടെയാണ് 800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ പ്രദേശത്തുണ്ടായ കനത്ത വരള്‍ച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്.

സമാനമായ വരള്‍ച്ച വീണ്ടും

ആഗോളതാപനവും, കാലാവസ്ഥാ വ്യതിയാനവും രൂക്ഷമാകുന്നതോടെ സമാനമായ സാഹചര്യവും വരള്‍ച്ചയും വീണ്ടും ഉണ്ടായേക്കാമെന്നാണ് ഇപ്പോഴത്തെ കണക്കു കൂട്ടല്‍. വ്യോമിങ്ങില്‍ , പ്രത്യേകിച്ചും യെല്ലോസ്റ്റോണ്‍ മേഖലിയില്‍ ഉണ്ടാകുന്ന തുടര്‍ച്ചയായ കാട്ടുതീയും, വരള്‍ച്ചയും പ്രദേശത്തെ ഭൂഗര്‍ഭജലത്തിന്‍റെ അളവ് ഗണ്യമായി കുറച്ചിട്ടുണ്ട്. കാലാവസ്ഥാ മാറ്റം മൂലം വരും വര്‍ഷങ്ങളിലും പ്രദേശത്ത് ലഭിക്കാനിടയുള്ള മഴയുടെ അളവില്‍ വലിയ കുറവാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ വൈകാതെ യെല്ലോസ്റ്റോണിലെ ഈ ഓള്‍ഡ് ഫെയ്ത്ത് ഫുള്‍ ചൂടുറവയുടെ പ്രവാഹവും നിലയ്ക്കുമെന്നാണ് ഇപ്പോള്‍ കണക്കു കൂട്ടുന്നത്. 

English Summary: Drought once shut down Old Faithful and might again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com