ADVERTISEMENT

കടലിലെ ഏറ്റവും ഭീകരൻമാരായ വേട്ടക്കാരെന്നാണ് സ്രാവുകള്‍ പൊതുവെ അറിയപ്പെടുന്നത്. സ്രാവെന്നാല്‍ കൂറ്റന്‍ കൊമ്പന്‍ സ്രാവിന്‍റെ രൂപം മനസ്സിലേക്കെത്തുന്നതിനാലാകും ഇത്തരം ഒരു ധാരണ എല്ലാവരിലുമുണ്ടാകാന്‍ കാരണം. എന്നാല്‍ കൊമ്പന്‍ സ്രാവുകള്‍ മാത്രമല്ല ചില കുഞ്ഞന്‍മാരും സ്രാവുകളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നവയാണ്. ഇത്തരത്തില്‍ കുഞ്ഞന്‍ സ്രാവുകളില്‍ പെടുന്ന ഒരു ഇനമാണ് സൗത്ത് ആഫ്രിക്കന്‍ തീരത്തുള്ള ഷൈ ഷാര്‍ക്കുകള്‍. ഈ ഷൈ ഷാര്‍ക്കുകളെയാണ് നീര്‍നായകള്‍ കൂട്ടത്തോടെ വേട്ടയാടി ആന്തരികാവയവങ്ങള്‍ മാത്രം ഭക്ഷിച്ച് ഉപേക്ഷിക്കുന്നതായി കണ്ടെത്തിയത്.

നീര്‍നായകളും സ്രാവുകളും

ഏതാനും മാസങ്ങളായി അന്തരികാവയവങ്ങള്‍ തുരന്നെടുത്ത് ഉപേക്ഷിക്കപ്പെട്ട രീതിയില്‍ ഷൈ ഷാര്‍ക്കുകളുടെ ശരീരം കണ്ടെത്തിയതോടെണ് ഒരു സംഘം ആളുകള്‍ ഇതിന് പിന്നിലെ രഹസ്യം അന്വേഷിച്ചിറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും സമുദ്ര ജീവി ഗവേഷകരും അടങ്ങിയതായിരുന്നു ഈ സംഘം. ഏതോ ഒരു ജീവിയുടെ ആക്രമണത്തിലാണ് ഇവ കൊല്ലപ്പെടുന്നതെന്ന് മനസ്സിലായെങ്കിലും ഉത്തരവാദിയെ അത്ര എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ല. കാട്ടുപൂച്ചകളെയും പട്ടികളെയുമെല്ലാം സംശയിച്ചെങ്കിലും ഇവയെല്ലാം മത്സ്യങ്ങളെ മുഴുവനായി ഭക്ഷിക്കുന്നവയാണ് എന്നുള്ളതിനാല്‍ ഈ സംശയം തള്ളിക്കളഞ്ഞു.

കൂടാതെ ഗവേഷകരെ അദ്ഭുതപ്പെടുത്ത മറ്റൊരു കാര്യം ഈ മത്സ്യങ്ങള്‍  സാധാരണയായി കാണപ്പെടുന്നത് തീരത്ത് നിന്ന് അല്‍പം മാറി സമുദ്രനിരപ്പില്‍ നിന്ന് 430 അടി വരെ ആഴമുള്ള പ്രദേശത്താണ്. എന്നാല്‍ ഇവയുടെ ഉപേക്ഷിക്കപ്പെട്ട ശരീരങ്ങള്‍ കണ്ടെത്തിയത് തീരത്തും. ഇതോടെ കടലിന്‍റെ ആഴത്തില്‍ നിന്ന് പിടിച്ച് കരയിലെത്തി തിന്നുന്ന ഏതോ ജീവിയാണ് ഉത്തരവാദിയെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഇങ്ങനെ ചെയ്യുന്നവരില്‍ പ്രധാനികള്‍ പക്ഷികളാണെങ്കിലും അവയും മത്സ്യത്തെ മുഴുവനായി അകത്താക്കുന്നവയാണ്. ഇതോടെയാണ് പതിയെ ശ്രദ്ധ നീര്‍നായകളിലേക്കെത്താന്‍ തുടങ്ങിയത്.

ഷൈ ഷാര്‍ക്കുകളുടെ കൊലപാതക പരമ്പര അരങ്ങേറിയ സൈമണ്‍ ബേ തീരത്താകെ നീര്‍നായകളെ നിരീക്ഷിക്കാൻ തുടങ്ങി. വൈകാതെ ഈ നിരീക്ഷണത്തിന് ഫലം കണ്ടു. ഒരാഴ്ചയ്ക്കിടെ ഷൈ ഷാര്‍ക്കുകളെ പിടിച്ച് കരയ്ക്കെത്തിച്ച് ഭക്ഷണമാക്കുന്ന 23 നീര്‍നായ്ക്കളുടെ ദൃശ്യങ്ങളാണ് പലപ്പോഴായി ക്യാമറയില്‍ പതിഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ തീരപ്രദേശങ്ങളില്‍ കാണപ്പെടുന്ന ക്ലോലസ് ഒട്ടറുകള്‍ എന്ന വിഭാഗത്തിലുള്ള നീര്‍ന്നായ്ക്കളായിരുന്നു ഷൈ ഷാര്‍ക്കുകളെ കൊന്ന് ഏറ്റവും പോഷക സമ്പന്നമായ ശരീരഭാഗങ്ങള്‍ മാത്രം കഴിച്ചിരുന്നതെന്ന് ഇതോടെ കണ്ടെത്തി. ആണ്‍ പെണ്‍ സ്രാവുകളുടെ ഹൃദയവും, കരളും, കഴിക്കുന്ന ഇവ, ആണ്‍ സ്രാവുകളുടെ പ്രത്യുൽപാദന അവയവവും ഭക്ഷിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി.

ഷൈ ഷാര്‍ക്കുകള്‍

ഷാര്‍ക്കുകളുടെ ഗണത്തില്‍ പെടുന്നവയാണെങ്കിലും വലിയ ഷാര്‍ക്കുകളുടെ വേട്ടയാടല്‍ ഭയന്നു ജീവിക്കകുന്ന ജീവികളാണ് ഷൈ ഷാര്‍ക്കുകള്‍. 23 ഇഞ്ച് വരെ വലുപ്പം വയ്ക്കുന്ന ഷൈ ഷാര്‍ക്കുകളെ കടലിലെ ഭക്ഷ്യശൃംഖലയിലെ മധ്യവര്‍ത്തികളായാണ് കണക്കാക്കുന്നത്. ചെറു പുഴുക്കളെയും, ചെറു കടല്‍ ജീവികളെയും മറ്റുമാണ് ഈ സ്രാവുകള്‍ ഭക്ഷണമാക്കുന്നത്. അതുകൊണ്ട് തന്നെ പാറക്കെട്ടുകള്‍ കൂടുതലുള്ള പ്രദേശത്താണ് ഇവ പൊതുവെ കാണപ്പെടുന്നതും. സ്രാവുകള്‍ക്ക് പുറമെ സീലുകളും ഇവയെ ആഹാരമാക്കാറുണ്ട്. പക്ഷേ ഇതാദ്യമായാണ് നീര്‍നായകള്‍ ഈ സ്രാവുകളെ വേട്ടയാടുന്നതായി ശാസ്ത്രലോകം തിരിച്ചറിയുന്നത്. ഇതോടെ നീർനായ്ക്കള്‍ക്ക് കടലില്‍ ആഴത്തില്‍ പോയി ഇര തേടാന്‍ കഴിയുന്നുണ്ടെന്ന നിഗമനത്തില്‍ കൂടിയാണ് ശാസ്ത്രലോകം എത്തിച്ചേര്‍ന്നിരിക്കുന്നത്. 

ടേബിള്‍ മൗണ്ടെയിന്‍ ദേശീയ പാര്‍ക്ക്

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും നിര്‍ണ്ണായകമായ മറൈന്‍ ദേശീയ പാര്‍ക്കാണ് ടേബിള്‍ മൗണ്ടെയിന്‍ ദേശീയ പാര്‍ക്ക്. സൈമണ്‍ ഉള്‍പ്പെടുന്ന പ്രദേശവും ഈ ദേശീയ പാര്‍ക്കിലാണ്. ഈ ദേശീയ പാര്‍ക്കില്‍ ഏറ്റവും ധാരാളമായി കാണപ്പെടുന്ന ജീവി വര്‍ഗമാണ് ഷൈ ഷൈര്‍ക്കുകള്‍. അതേസമയം ദക്ഷിണാഫ്രിക്കന്‍ തീരത്ത് മാത്രമാണ് ഷൈ ഷാര്‍ക്ക് ഇനത്തെ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. അതുപോലെ തന്നെ കടലിന്‍റെ ഉള്ളില്‍ അടിത്തട്ടിനോടു ചേര്‍ന്ന് ജീവിക്കുന്ന ഒരു ജീവിയെ കരയിലെ ഒരു ജീവി വേട്ടയാടുന്ന സംഭവവും ഇതാദ്യമാണ് ഇപ്പോള്‍ കണ്ടെത്തുന്നത്. 

English Summary: Otters Are Eating The Hearts, Livers, And Reproductive Organs Of Sharks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com