ADVERTISEMENT

ഇന്ത്യയുടെ വനമനുഷ്യൻ എന്നറിയപ്പെടുന്ന ജാദവ് പായേങ്ങിന്റെ ജീവചരിത്രം യുഎസിലെ കണക്ടികറ്റിലുള്ള ഗ്രീൻ ഹിൽ സ്കൂള്‍ തങ്ങളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. ബ്രഹ്മപുത്രാ നദിക്കരയിലെ ഒരു മണൽത്തിട്ട വലിയ വനമാക്കി മാറ്റിയതോടെയാണ് ജാദവ് പ്രശസ്തനായത്. ഇതിന്റെ ആദരസൂചകമായി പത്മശ്രീ പുരസ്കാരവും 57കാരനായ ജാദവിനു ലഭിച്ചു.

അസമിലെ മജൂലി ദ്വീപിലുള്ള മിഷിങ് ഗോത്രത്തിലാണ് ജാദവ് ജനിച്ചത്. ദരിദ്ര കുടുംബത്തിൽ പെട്ട ലഖിറാമിന്റെയും അഫൂലിയുടെയും 13 മക്കളിൽ മൂന്നാമത്തെ കുട്ടിയായി. മോലൈ എന്നായിരുന്നു ഗോത്രവാസികൾ ഇദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചിരുന്നത്. പാൽക്കച്ചവടമായിരുന്നു ജാദവിന്റെ കുടുംബത്തിന്റെ വരുമാന മാർഗം.

Jadav Payeng, Forest Man of India

സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ ജാദവ് ഒരു വല്ലാത്ത കാഴ്ച കണ്ടതാണ് അദ്ദേഹത്തിലെ പ്രകൃതിസ്നേഹിയുടെ യാത്രയ്ക്കു തുടക്കമിട്ടത്. മജൂലിയിലെ ഒരു മണൽത്തിട്ടയിൽ നൂറുകണക്കിനു പാമ്പുകൾ ജീവന്‍ വെടിഞ്ഞു കിടക്കുന്നതാണ് ജാദവ് കണ്ടത്.വെള്ളപ്പൊക്കത്തിൽ മണൽത്തിട്ടയിലേക്ക് അടിച്ചുകയറപ്പെട്ട പാമ്പുകൾ, മണൽത്തിട്ടയിൽ തണലും ഭക്ഷണവുമില്ലാതെയാണു മരിച്ചത്. അവിടെ മരങ്ങളുണ്ടായിരുന്നെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നെന്ന് ജാദവ് മനസ്സിലാക്കി. മജൂലി ഇന്ത്യയിലെ ഏറ്റവും വലിയ നദീദ്വീപാണ്. ഈ ദ്വീപിനെ പച്ചപ്പുള്ളതാക്കാൻ തന്നെ ജാദവ് തീരുമാനിച്ചു.

തുടർന്നാണ് കൗമാരക്കാരനായ ജാദവ് തന്റെ ഉദ്യമത്തിനു തുടക്കമിട്ടത്.ആദ്യമായി വിരലിലെണ്ണാവുന്ന മുളച്ചെടികളുടെ തൈകളും കുറച്ചു വിത്തുകളും അവിടെ മണൽത്തിട്ടയിൽ നട്ടു.അവ വളർന്നതോടെ ജാദവിന് ഉത്സാഹമായി. ഒട്ടേറെ മരങ്ങളുടെ വിത്തുകളും തൈകളും ഇദ്ദേഹം ശേഖരിച്ചു കൊണ്ടു വന്ന് ഇവിടെ നട്ടു. അതിരാവിലെ ഉണര്‍ന്ന് നദി കടന്ന് മണൽത്തിട്ടയിലെത്തിയാണ് ജാദവ് വനപരിപാലനം നടത്തിപ്പോന്നത്. പതിയെ പതിയെ വനം കിലോമീറ്ററുകൾ വ്യാപിച്ചു.

ബ്രഹ്മപുത്രയുടെ വളക്കൂറുള്ള തിട്ടയിൽ വൻമരങ്ങൾ തഴച്ചുവളർന്നു.ഇന്നു ജാദവിന്റെ 1300 ഏക്കർ വിസ്തീർണമുള്ള വനം അഞ്ച് ബംഗാൾ കടുവകൾക്കും നൂറുകണക്കിനു മാനുകൾക്കും ഒട്ടേറെ തരം പക്ഷികൾക്കും വീടാണ്.15 ഫുട്ബോൾ സ്റ്റേഡിയങ്ങളുടെ വലുപ്പമുള്ള ഈ വനത്തിനെ ജാദവിനോടുള്ള ആദരസൂചകമായി ‘മോലൈ’ വനം എന്നാണ് നാട്ടുകാർ വിളിക്കുന്നത്.

2008ൽ ഈ വനത്തിലേക്ക് 100 ഓളം ആനകൾ വിരുന്നെത്തി. ഇതിനെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ജാദവ് പ്രശസ്തിയിലേക്കുയർന്നു. തുടർന്ന് ജവാഹർലാൽ നെഹ്റു സർവകലാശാല ജാദവിന് ഇന്ത്യയുടെ വനമനുഷ്യൻ എന്ന ബഹുമതി നൽകി.ഫ്രാൻസിലെ എവിയനിൽ പരിസ്ഥിതി സംബന്ധിച്ച് നടന്ന രാജ്യാന്തര ഉച്ചകോടിയിലും ജാദവ് പങ്കെടുത്തിട്ടുണ്ട്.അന്നു വന്ന ആനകൾ പിന്നീട് മോലൈ വനത്തിലെ സ്ഥിരം വിരുന്നുകാരായി. 3–4 മാസങ്ങളുടെ ഇടവേളയിൽ ഇവ ഇവിടെയെത്താറുണ്ട്.

എതിർപ്പുകളെയും അവഗണനകളെയും നേരിട്ട് പരിസ്ഥിതിയുടെ ആരോഗ്യത്തിൽ മാറ്റം വരുത്താനായി അഹോരാത്രം യത്നിക്കുന്നവരെ ആദരിക്കാനും അതിന്റെ സന്ദേശം കുട്ടികളിലെത്തിക്കാനുമായാണ് ജാദവിനെപാഠ്യപദ്ധതിയില്‍ ഉൾപ്പെടുത്തിയതെന്ന് സ്കൂള്‍ അധികൃതർ പറയുന്നു.

English Summary: US School Adds Chapter on Assam’s Jadav Payeng, Forest Man of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com