ADVERTISEMENT

ബൊളീവിയയിൽ യുഎസ് ഗവേഷകസംഘം പുതിയൊരു വൈറസിനെ സ്ഥിരീകരിച്ചു.ചാപാരി എന്നു പേരിട്ടിരിക്കുന്ന വൈറസ് മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പരക്കാൻ കഴിയുന്നതും എബോള രോഗബാധയെപ്പോലെ കടുത്ത ലക്ഷണങ്ങളും ആന്തരിക രക്തസ്രാവവും ശരീരത്തിലുണ്ടാക്കാൻ ശേഷിയുള്ളതുമാണ്. ഇതിനാൽ  അപകടകാരികളായ വൈറസിന്റെ ഗണത്തിലാണ് ഇവയെ ശാസ്ത്രജ്ഞന്‍മാർ കൂട്ടുന്നത്.

ബൊളീവിയയിലെ ചാപാരി പ്രവിശ്യയിൽ കണ്ടെത്തിയതിനാലാണു വൈറസിനും ചാപാരിയെന്നു പേരു കിട്ടിയത്.2004 മുതൽ തന്നെ വൈറസ് ബൊളീവിയയിലുണ്ടെന്നു ഗവേഷകർ പറയുന്നു. 2019ല് ബൊളീവിയൻ തലസ്ഥാനമായ ലാ പാസിൽ ഇതു മൂലം രോഗബാധ സംഭവിച്ചു.മൂന്നു പേർ മരിക്കുകയും ചെയ്തിരുന്നു.‘അരീന വൈറസ്’ എന്ന വൈറൽ കുടുംബത്തിൽ പെട്ടതാണു ചാപാരി.

എലികളിൽ നിന്നാണത്രേ ചാപാരി വൈറസ് മനുഷ്യരിലെത്തുന്നത്.കടുത്ത പനി, വയറുവേദന, മോണ രോഗം,ഛർദി,കണ്ണിനു പുറകിൽ വേദന തുടങ്ങിയ ലക്ഷണങ്ങൾ ഇതു മൂലം സംഭവിക്കും.എന്നാൽ കൊറോണ വൈറസിനെ പോലെയൊന്നും വേഗത്തിൽ പടരാനുള്ള ശേഷി ചാപാരിക്കില്ല.പക്ഷേ എത്തിയാൽ വലിയ അപായമാകും.ചാപാരിയെപ്പറ്റി കൂടുതൽ ഗവേഷണങ്ങൾ നടക്കുന്നതേയുള്ളൂ. ആന്തരിക സ്രാവമുണ്ടാക്കുന്ന വൈറസുകൾ പൊതുവേ ഗുരുതരമായ രോഗബാധയുണ്ടാക്കുന്നതാണ്. എബോള വൈറസാണ് ഇക്കൂട്ടത്തിൽ ഏറ്റവും  പ്രശസ്തമെങ്കിലും വേറെയും വൈറസുകളുണ്ട്. ഇവയിലൊന്നാണ് മാർബർഗ്.പിടിക്കപ്പെടുന്നവരിൽ 88 ശതമാനം പേർക്ക് വരെ മരണം സംഭവിക്കാനുള്ള സാധ്യതയുള്ള മാർബർഗ് എബോളയുടെ കുടുംബമായ ഫിലോവൈറസിൽ പെട്ടതാണ്.

1967ൽ ജർമനിയിലെ മാർബർഗ് പട്ടണത്തിലാണ് ഈ വൈറസ് ബാധ ആദ്യം കണ്ടെത്തിയത്. ഇങ്ങനെയാണ് പേരും കിട്ടിയത്.ആഫ്രിക്കയിലെ ഉഗാണ്ടയിൽ നിന്നു പരീക്ഷണത്തിനായി എത്തിച്ച കുരങ്ങുകളിൽ (ആഫ്രിക്കൻ ഗ്രീൻ മങ്കി) നിന്നാണു രോഗം പടർന്നത്.പിന്നീട് ആഫ്രിക്കയിലെ അംഗോള, കോംഗോ, കെനിയ,സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും ഈ വൈറസിന്റെ ഒറ്റപ്പെട്ട ആക്രമണങ്ങളുണ്ടായി.2008ൽ ഉഗാണ്ടയിലെ റൗസറ്റസ് ഗുഹകൾ സന്ദർശിച്ച ചില വിനോദയാത്രക്കാർക്ക് വൈറസ് ബാധയുണ്ടായതാണ് ഈ വൈറസിനെ സംബന്ധിച്ചുള്ള അവസാനം രേഖപ്പെടുത്തിയ വാർത്ത.

1998ൽ കോംഗോയിൽ ഈ വൈറസ് ബാധിച്ച 154 പേരിൽ 128 പേരും മരിച്ചു.അംഗോളയിൽ 2005ൽ 374 പേർക്കു ബാധിച്ച വൈറസ് 329 പേരുടെ രോഗമെടുത്തു.വവ്വാലിൽ നിന്നാണു മനുഷ്യരിലേക്കു മാർബർഗ് പകരുന്നത്. ഒരിക്കൽ മനുഷ്യരിലെത്തിയാൽ പിന്നീട് മറ്റുള്ളവരിലേക്കു പടരും,രക്തം,മറ്റു ശരീര ദ്രവങ്ങൾ എന്നിവയിലൂടെയൊക്കെ പകരാം.കൊറോണ വൈറസ് മൂലം വൈറോളജി ഗവേഷണരംഗത്തുണ്ടായ പുത്തനുണർവ്വ് ചാപാരിയെപ്പോലെയും മാർബർഗിനെയുമൊക്കെപ്പോലെയുള്ള പുതിയ വൈറസുകളെ കണ്ടെത്തുന്നതിനും പഠനവിധേയമാക്കുന്നതിനും വഴി വയ്ക്കുമെന്നു പ്രതീക്ഷിക്കാം.

English Summary: Chapare virus: Scientists confirm rare deadly virus in Bolivia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com