ADVERTISEMENT

പേരാമ്പ്രയിൽ പരവതാനി വിരിച്ചതു പോലെ വയലറ്റും പിങ്കും കലർന്ന പൂക്കൾ കിലോമീറ്റർ കണക്കിന് വ്യാപിച്ചു കിടക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. എന്നാൽ തോടും തടാകവും പാടവുമെല്ലാം ഞെക്കിക്കൊല്ലുകയാണ് അധിനിവേശ സസ്യമായ മുള്ളൻപായൽ. കഥയറിയാതെ, പൂവിന്റെ ഭംഗി മാത്രം കണ്ട് തോട്ടിൽ നിന്ന് പായലെടുത്തു കൊണ്ടു പോകുന്നവരാകട്ടെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ഇത് വ്യാപിക്കാൻ കാരണമാവുകയും ചെയ്യുന്നു. 

കേരളത്തിന്റെ ജലസമ്പത്ത് തന്നെ ഞെക്കിക്കൊല്ലാൻ ശേഷിയുള്ളതാണ് ഈ പായൽ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഓൺലൈൻ വിപണിയിലൂടെ വരെ ഈ പായൽ വാങ്ങാൻ കിട്ടുമെന്നാണ് ഗവേഷകരെ പോലും അത്ഭുതപ്പെടുത്തുന്നത്.  പേരാമ്പ്ര ആവള പാണ്ടിയിൽ പാടത്തിനു നടുവിലുള്ള തോട്ടിലാണ് മുള്ളൻപായൽ വ്യാപിച്ചിരിക്കുന്നത്.

ആലപ്പുഴ, മൂവാറ്റുപുഴ, കോതമംഗലം, ഭൂതത്താൻകെട്ട് എന്നിവിടങ്ങളിലും  പായൽ വ്യാപിച്ചിട്ടുണ്ട്. മകരമഞ്ഞിന്റെ തണുപ്പും നല്ല വെയിലും ചേരുമ്പോൾ പൂവിടും. അക്വേറിയങ്ങൾ ഭംഗിയാക്കാൻ വേണ്ടിയാണ് പലരും തോട്ടിൽ നിന്ന് പായൽ പറിച്ചുകൊണ്ടു പോകുന്നത്. ദോഷകരമായ വ്യാപനത്തിന് ഇതു കാരണമാവുന്നു. നാട്ടിൻപുറങ്ങളിലെ മറ്റ് ജലാശയങ്ങളിൽ എത്തിയാൽ ഏറെ പ്രയാസങ്ങളുണ്ടാക്കും. പിന്നീടത് മാറ്റാനും കഴിയില്ല.

ആവള പാണ്ടിയിൽ വ്യാപിച്ച പായൽ മാറ്റൽ എളുപ്പമല്ല. ഇപ്പോൾ തന്നെ ഏക്കറുകളോളം വ്യാപിച്ചു കഴിഞ്ഞു. ആഫ്രിക്കൻ പായലും തോട്ടിലെ വെള്ളത്തിന്റെ ഒഴുക്കിന്റെ പ്രശ്നവും കൃഷി ചെയ്യാൻ തടസ്സമുണ്ടാക്കുന്നതായി കർഷകർ പറയുന്നു. പൂപ്പാടം കാണാൻ ആയിരങ്ങളുടെ തിരക്ക്. സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് ആളുകൾ എത്താൻ തുടങ്ങിയത്. തോടിനെ ഇത് മനോഹരമാക്കുമെങ്കിലും മറ്റു വശങ്ങൾ ആരും ചിന്തിക്കുന്നില്ലെന്ന് വിദഗ്ധർ പറയുന്നു. 

കബോംബ എന്ന വില്ലൻ

ദക്ഷിണ അമേരിക്കയിൽ നിന്ന് അക്വേറിയം പ്ലാന്റ് ആയും ഗാർഡൻ പ്ലാന്റ് ആയും എത്തിയതാണ് ഇവ. കബോംബ ഫെർക്കേറ്റ, കബോംബ കരോളിനിയാന ഇനങ്ങളിൽപെട്ടവയാണ് ആവള പാണ്ടിയിൽ വ്യാപിച്ച് കൂട്ടത്തോടെ പൂവിട്ടിരിക്കുന്നത്. ഇലകൾ മുള്ളു പോലുള്ളതുകൊണ്ടാണ് ഇതിനെ മുള്ളൻപായൽ എന്നു പറയുന്നത്.

ഇൗ അധിനിവേശ സസ്യം അക്വേറിയങ്ങളിൽ നിന്നാണ് പുറത്തെത്തിയത്. അതിലേക്ക് വഴിയൊരുക്കിയത് ദോഷവശങ്ങൾ ചിന്തിക്കാതെയുള്ള ഓൺലൈൻ വ്യാപാരവും. ആൾപ്പെരുമാറ്റമുള്ള ജലാശയങ്ങളിൽ ഇത്തരം ചെടികളുടെ സാന്നിധ്യം പൊതുവേ കുറവാണ്. ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ പൂവിടും. വളരെവേഗം ഇടതിങ്ങി വളരുന്ന സസ്യം അടിത്തട്ടിൽനിന്ന് 15 മുതൽ 20 അടി വരെ വളർന്നു വരും.

മത്സ്യങ്ങളുടെ സഞ്ചാരത്തെയും ഇവ തടസ്സപ്പെടുത്തും. ജലത്തിന്റെ അടിത്തട്ടിലേക്കു സൂര്യപ്രകാശത്തെ കടത്തിവിടാത്തവിധം ഇടതൂർന്ന് വളരുന്നതിനാൽ ജീവജാലങ്ങളുടെ നിലനിൽപിനും ഭീഷണിയാകുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജലാശയങ്ങളുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതിനാൽ നദികൾ ചെളിനിറയാനും കാരണമാവും.

English Summary: Avala Pandi Covered in Pink Aquatic Plant go Viral, Sparks Concern for Water Bodies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com