ADVERTISEMENT

ചെന്നൈ നഗരത്തിന്റെ പ്രധാന ശുദ്ധജല സ്രോതസ്സുകളിലൊന്നായ ചെമ്പരമ്പാക്കം സംഭരണിയുടെ ഏഴു ഷട്ടറുകൾ ഇന്നലെ തുറന്നു. തുടർച്ചയായ മഴയിൽ ജലനിരപ്പ് ഉയർന്നതോടെയാണു ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ന് സെക്കൻഡിൽ 1,000 ഘനയടി ജലമാണ് അഡയാർ നദിയിലേക്കു തുറന്നു വിട്ടത്. പിന്നീടു ഘട്ടം ഘട്ടമായി വർധിപ്പിച്ച് 5000 ഘനയടി ഒഴുക്കിവിടാൻ തുടങ്ങി. വീണ്ടും മഴ ശക്തിപ്പെട്ടാൽ ഇതു 7000 ഘനയടി വരെയാകും. ജലം എത്തിച്ചേരുന്ന അഡയാർ നദിയിൽ 60,000 ഘനയടി വരെ ഒരേ സമയം ഉൾക്കൊള്ളാനുള്ള ശേഷിയുള്ളതിനാൽ ആശങ്ക വേണ്ടെന്ന് അധികൃതർ അറിയിച്ചു. എങ്കിലും, നദിക്കു സമീപത്തെ രണ്ടായിരത്തോളം പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്കു മാറ്റി. ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ 9 ജില്ലകളിലും ജാഗ്രതാ നിർദേശമുണ്ട്. മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയുടെ സാന്നിധ്യത്തിലാണു ഷട്ടറുകൾ തുറന്നത്. തടാകവും പരിസരവും പരിശോധിച്ച മുഖ്യമന്ത്രി മുൻകരുതൽ നടപടികൾ വിലയിരുത്തി. 

രണ്ടു ദിവസമായി പെയ്യുന്ന തുടർച്ചയായ മഴയിൽ ചെമ്പരമ്പാക്കം സംഭരണി പരമാവധി ശേഷിയിലേക്ക് അടുക്കുന്നു. 21.5 അടി ജലമാണു നിലവിലുള്ളത്. പരമാവധി ശേഷി 24 അടി. 4000 ക്യുസെക്സ് വെള്ളമാണു നിലവിൽ സംഭരണിയിൽ എത്തിക്കൊണ്ടിരിക്കുന്നത്. അധികജലം അഡയാറിലേക്ക് ഒഴുക്കി വിടും. 60,000 ക്യുസെക്സ് വരെ വഹിക്കാനുള്ള ശേഷിയാണ് അഡയാർ നദിക്കുള്ളത്.

Cyclone Nivar

നിവാർ ചുഴലിക്കാറ്റ് മുന്നറിയിപ്പ് വന്നതു മുതൽ ചെമ്പരമ്പാക്കം തുറക്കുമോയെന്നതാണു ചെന്നൈയിലെ ചൂടേറിയ ചർച്ച. നഗരത്തിലെ ജല വിതരണത്തിനുള്ള ചെമ്പരമ്പാക്കം സംഭരണിയിൽ നിന്ന് സെക്കൻഡിൽ 12,000 ഘനയടി ജലം ഒറ്റയടിക്കു തുറന്നു വിട്ടതായിരുന്നു 2015ലെ പ്രളയത്തിനു കാരണം. 2015 വീണ്ടും ആവർത്തിക്കുമോയെന്നാണു നഗരം ഉറ്റുനോക്കുന്നത്. ചെന്നൈയിൽ നിന്നു 30 കിലോമീറ്റർ അകലെ, കാഞ്ചീപുരം ജില്ലയിലെ കുണ്ട്രത്തൂർ താലൂക്കിൽ 25.51 ചതുരശ്ര അടിയിലായി സ്ഥിതി ചെയ്യുകയാണു ചെമ്പരമ്പാക്കം സംഭരണി.

നഗരത്തെ ചുറ്റി ഒഴുകുന്ന അഡയാർ നദിയുടെ ഉൽഭവകേന്ദ്രം. ചെമ്പരമ്പാക്കത്തു വെള്ളം തുറന്നുവിട്ടാൽ ഇരച്ചു കയറുക നദീ തീരങ്ങളിലേക്കാണ്.

തുറന്നു വിടുന്ന വെള്ളം തിരുണീമല, കുണ്ട്രത്തൂർ, തിരുമുടിവാക്കം സെയ്ദാപെട്ട്, കോട്ടൂർപുരം, ഈക്കാട്ടുതങ്ങൾ, പട്ടിണപ്പാക്കം, അഡയാർ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച ശേഷം കടലിലേക്കെത്തും. ശ്രീപെരുംപുത്തൂർ, താംബരം താലൂക്കുകളിലേക്കും വെള്ളം കയറാനുള്ള സാധ്യത കൂടുതലാണ്.

English Summary: Cyclone Nivar: Gates of Chembarambakkam Lake Opened to Release Water

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com