ADVERTISEMENT

കരയിലുള്ള പക്ഷികളിൽ ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തിയ പക്ഷി എന്ന റെക്കോർഡ് സ്വന്തമാക്കിയ ഓനോണിനെ അറിയാത്തവരില്ല.  16 മാസങ്ങൾ കൊണ്ട് 17 രാജ്യങ്ങളും 30 രാജ്യാതിർത്തികളും പിന്നിട്ട്  40,000 കി.മീ ദൂരം പറന്നാണ് ഒനോൺ റെക്കോർഡുകൾ കീഴടക്കിയത്. ഒക്ടോബർ ആദ്യം മുതൽ സിഗ്മൽ കിട്ടാത്തതിനെ തുടർന്ന് ഓനോണ്‍ ഇനിയില്ലെന്ന് ഗവേഷകർ സ്ഥിരീകരിച്ചിരുന്നു. ഓനോണിനു പിന്നാലെ മുപ്പതിനായിരത്തിൽ പരം കിലോമീറ്ററുകൾ ദേശാടനം നടത്തിയ ശേഷം ഒരു കൂട്ടം ഫാൽക്കൺ പക്ഷികൾ ഇപ്പോൾ  ഇന്ത്യയിൽ പറന്നിറങ്ങിയിരിക്കുകയാണ്.

ചൈന, കിഴക്കൻ മംഗോളിയ എന്നിവിടങ്ങളിൽനിന്നും  ദക്ഷിണാഫ്രിക്കയിലേക്കുള്ള ദേശാടനത്തിനിടെയാണ് അവ മണിപ്പൂരിൽ പറന്നിറങ്ങിയത്. പ്രതിവർഷമുള്ള ദേശാടനത്തിനിടെ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിൽ ഫാൽക്കൺ പക്ഷികൾ പറന്നിറങ്ങുന്നത് സാധാരണമാണ്. ഇവയുടെ സഞ്ചാരം രേഖപ്പെടുത്തുന്നതിനുവേണ്ടി കഴിഞ്ഞ വർഷം അഞ്ച് പക്ഷികളിൽ സാറ്റ്‌ലെറ്റ് ട്രാൻസ്മിറ്ററുകൾ ഘടിപ്പിച്ചിരുന്നു.  അവയിൽ രണ്ടു പക്ഷികളാണ് മണിപ്പൂരിൽ ഈ വർഷവും എത്തിയതായി കണ്ടെത്തിയത്.

കൈലാൻ, ഇറാങ് എന്നിങ്ങനെയാണ് മണിപ്പൂരിൽ മടങ്ങിയെത്തിയ പക്ഷികൾക്ക് പേര് നൽകിയിരിക്കുന്നത്.രണ്ടാഴ്ചയോളം മണിപ്പൂരിൽ ചെലവഴിച്ച ശേഷം അവ അറബിക്കടലും കടന്ന് വീണ്ടും ദക്ഷിണാഫ്രിക്കയിലേക്ക്  മടങ്ങി. കൈലാൻ കഴിഞ്ഞദിവസം സൊമാലിയയിൽ മടങ്ങിയെത്തിയതായി പക്ഷികളുടെ സഞ്ചാരം നിരീക്ഷിക്കുന്ന ഗവേഷകനായ സുരേഷ് കുമാർ അറിയിച്ചു. ഇന്ത്യയിൽ നിന്നും 5700 കിലോമീറ്ററുകൾ നിർത്താതെ പറന്നാണ് കൈലാൻ ദക്ഷിണാഫ്രിക്കയിലെത്തിയത്. ഈ വർഷത്തെ ദേശാടനത്തിനിടെ 33000 കിലോമീറ്റർ ദൂരമാണ് കൈലാൻ ആകെ പറന്നത്. ഇറാങ്ങ് ആകട്ടെ മണിപ്പൂരിൽ എത്തുന്നതുവരെ ആകെ 29,000 കിലോമീറ്ററുകൾ  പിന്നിട്ടു കഴിഞ്ഞിരുന്നു.

2019 ഒക്ടോബർ ഒന്നിനാണ് പക്ഷികളുടെ ശരീരത്തിൽ ട്രാൻസ്മിറ്ററുകൾ ഘടിപ്പിച്ചത്.കഴിഞ്ഞ ഏഴ് വർഷത്തിനിടെ 15 പക്ഷികളുടെ ശരീരത്തിൽ ട്രാൻസ്മിറ്ററുകൾ ഘടിപ്പിച്ചിരുന്നു. ഉൾപ്രദേശങ്ങളിലൂടെ അടക്കം ഇവയുടെ സഞ്ചാരപഥം വ്യക്തമായി മനസ്സിലാക്കാൻ ഇതിനുശേഷം സാധിച്ചിട്ടുള്ളതായി ഗവേഷകർ പറയുന്നു.സൗരോർജം സ്വീകരിച്ച് ചാർജ് ആകുന്ന ബാറ്ററികളുടെ സഹായത്തോടെയാണ്   ട്രാൻസ്മിറ്ററുകൾ പ്രവർത്തിക്കുന്നത്.

പ്രജനനത്തിനായി ചൈന, കിഴക്കൻ മംഗോളിയ എന്നിവിടങ്ങളിലേക്കെത്തി മടങ്ങും വഴി ഭക്ഷണം ശേഖരിക്കുന്നതിനും വിശ്രമിക്കുന്നതിനും വേണ്ടിയാണ് അവ ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിലേക്ക് ഒക്ടോബർ നവംബർ മാസങ്ങളിലെത്തുന്നത്.

English Summary: Tagged Falcons Make A Stop In India After Travelling For Thousands Of Kilometres

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com