ADVERTISEMENT

കേരളത്തിലെ പ്രധാന ബീച്ചുകളിലൊന്നായ ശംഖുമുഖം ബീച്ച് ഇന്ന് കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന് ഇല്ലാതായിരിക്കുകയാണ്. മറ്റു പലപ്രദേശങ്ങളിലുമായി ഒട്ടേറെ ബീച്ചുകള്‍ ഇങ്ങനെ കടല്‍ക്ഷേഭത്താല്‍ ഇല്ലാതായിക്കഴിഞ്ഞു. ആഗോളതാപനം മൂലം കടല്‍ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ ബീച്ചുകള്‍ മാത്രമല്ല തീരപ്രദേശത്തുള്ള മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും വാസസ്ഥലങ്ങളും, ജൈവ ആവാസവ്യവസ്ഥയും തന്നെ തകരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

അതേസമയം കടല്‍ നിരപ്പുയരുമ്പോള്‍ മറ്റ് പലതും തകരുമെങ്കിലും ചില ബീച്ചുകള്‍ക്ക് മാത്രം അതീജീവിയ്ക്കാന്‍ കഴിയുമെന്നാണ് ഒരു സംഘം ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കടല്‍നിരപ്പ് വർധിക്കുന്ന തോതില്‍ കരയിലേക്ക് നീങ്ങാനുള്ള സാഹചര്യമുള്ള ബീച്ചുകളാണ് ഇത്തരത്തില്‍ അതിജീവിക്കുക എന്നാണ് ഗവേഷകര്‍ പറയുന്നത്. കൂടാതെ തീരം സംരക്ഷിക്കാനായി ഇപ്പോള്‍ സ്ഥിരമായി നിർമിക്കുന്ന കടല്‍ ഭിത്തി പോലുള്ളവ തീരങ്ങളുടെ അതിജീവന സാധ്യതയില്ലാതാക്കുമെന്നും ഗവേഷകര്‍ പറയുന്നു. അതുകൊണ്ട് തന്നെ കൃത്രിമ കടല്‍ ഭിത്തികള്‍ക്ക് പകരം കണ്ടലുകള്‍ ഉള്‍പ്പടെയുള്ള സ്വാഭാവിക തടയിണകളൊരുക്കാന്‍ സാധിച്ചാല്‍ അത് തീരങ്ങളുടെ അതിജീവനത്തിന് സഹായകമാകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

പകുതിയിലേറെ തീരപ്രദേശങ്ങള്‍ ഇല്ലാതാകും ?

Ocean Warming Is Speeding Up, with Devastating Consequences

ഈ നൂറ്റാണ്ട് പൂര്‍ത്തിയാകുന്നതോടെ ലോകത്തെ പകുതിയോളം ബീച്ചുകള്‍ ഇല്ലാതാകുമെന്നാണ് കുറച്ച് നാളുകള്‍ക്ക് മുന്‍പ് നടന്ന ഒരു പഠനം അവകാശപ്പെട്ടത്. എന്നാല്‍ ഈ അവകാശവാദത്തെ പുതിയ പഠനം തള്ളിക്കളയുന്നു. പകുതിയോളം ബീച്ചുകളില്‍ ശക്തമായ കടലാക്രമണവും, കടല്‍ കയറ്റവും ഉണ്ടാകുമെന്ന കണ്ടെത്തല്‍ പുതിയ പഠനവും ശരിവയ്ക്കുന്നു. അതേസമയം തന്നെ ഈ ബീച്ചുകളില്‍ പലതിനും കടല്‍ക്ഷോഭത്തെ അതിജീവിക്കാന്‍ കഴിയുമെന്നും കടല്‍ നിരപ്പുയരുന്നതിന് അനുസരിച്ച് കൂടുതല്‍ കരയിലേക്ക് കയറി മണല്‍തിട്ട വീണ്ടും രൂപപ്പെടുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.

എല്ലാ മണല്‍ തിട്ടകള്‍ക്കും ഇത്തരത്തില്‍ അതിജീവിക്കാനുള്ള ശേഷിയുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ മനുഷ്യനിർമിത വസ്തുക്കളാലോ, അല്ലെങ്കില്‍ കുത്തനെയുള്ള പാറക്കെട്ടുകളാലോ മണല്‍തിട്ടകള്‍ തടഞ്ഞു നിര്‍ത്തപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രദേശങ്ങളില്‍ മണല്‍ തിട്ടയ്ക്ക് കടല്‍ നിരപ്പുയരുന്നതിന് സമാനമായി പിന്നോട്ടു പോകാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ അത്തരം പ്രദേശങ്ങളിൽ‍ ബീച്ചുകള്‍ കടലെടുക്കുന്ന സ്ഥിതി ഉണ്ടാകുമെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.

പുതിയ പഠന റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ നശിക്കുമെന്ന് ഭയപ്പെട്ട പല ബീച്ചുകളും അതിജീവിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. കൂടാതെ തീരങ്ങളോടു ചേര്‍ന്നുള്ള മനുഷ്യ നിർമിത തടയിണകളും, കെട്ടിടങ്ങളും മാറ്റാന്‍ സാധിച്ചാല്‍ കുറേക്കൂടി ബീച്ചുകളെ രക്ഷിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. എന്നാല്‍ ഇത് എത്രത്തോളം സാധ്യമാണെന്നതാണ് നിർണായകമായ ചോദ്യം. കാലാവസ്ഥാ വ്യതിയാനും രൂക്ഷമായ കടല്‍ക്ഷോഭവും വർധിക്കുന്ന സാഹചര്യത്തില്‍ കടല്‍ഭിത്തികളിലൂടെ തീരദേശത്തെ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുക എന്നതിനാകും ആദ്യ പരിഗണന. അതുകൊണ്ട് തന്നെ കടല്‍ഭിത്തികള്‍ മാറ്റി തീരത്തെ മണല്‍തിട്ടിന് ഉള്ളിലേക്ക് കയറാനുള്ള അവസരമൊരുക്കുക എന്നത് ചുരുങ്ങിയത് ജനവാസ കേന്ദ്രങ്ങളിലെങ്കിലും പ്രായോഗികമല്ല. 

കടല്‍ ജലനിരപ്പിലെ വർധനവുയര്‍ത്തുന്ന ഭീഷണി  

അതേസമയം ബീച്ചുകളെ സംരക്ഷിക്കാനാകുമെന്ന ഈ സാധ്യത എപ്പോഴും നിലവിലില്ലെന്നും ഗവേഷകര്‍ വിശദീകരിക്കുന്നുണ്ട്. മണല്‍ ത്തിട്ടകള്‍ എന്നത് കടലിന് സമീപത്തുള്ള കരമേഖലകളുടെ കൂടി സംരക്ഷണത്തിന് അനിവാര്യമാണ്. അതുകൊണ്ട് തന്നെ ഈ മണല്‍തിട്ടകളുടെ പരിപാലനത്തിനും സംരക്ഷണത്തിനും ഇപ്പോഴും വിശദമായ പഠനം നടത്തി പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ട്. കാരണം ഒരു പതിറ്റാണ്ട് കൂടി പിന്നിട്ടാല്‍ താപനില വർധനവിനൊപ്പം തന്നെ കടല്‍നിരപ്പും കടലാക്രമണവും വർധിക്കും. ഇതോടെ തീരങ്ങളെ സംരക്ഷിക്കാനുള്ള സാധ്യതയും കുറയും. ഈ സാഹചര്യത്തില്‍ അടിയന്തിര നടപടികളിലൂടെ മാത്രമെ ബീച്ചുകളുടെ സംരക്ഷണം ഉറപ്പാക്കാനാകൂ എന്ന് പുതിയ പഠനത്തിന് നേതൃത്വം നല്‍കിയ ഉള്‍സ്റ്റര്‍ സര്‍വകലാശാല പ്രഫസറും ഗവേഷകനുമായ അന്‍ഡ്രൂ കൂപ്പര്‍ പറയുന്നു. 

സമുദ്രതാപനില വർധിക്കുന്നതിന്‍റെ ഏറ്റവും ആദ്യത്തെ പ്രത്യാഘാതമാകും സമുദ്ര ജലനിരപ്പിലുണ്ടാകുന്ന വർധനവ്. ഭൂമിയുടെ നിലവിലെ അവസ്ഥിലുള്ള നിലനില്‍പിന് തന്നെ ഏറ്റവുമധികം ഭീഷണി ഉയര്‍ത്താന്‍ പോന്ന പ്രതിഭാസവും ഈ കടല്‍ജിലനിരപ്പിലെ വർധനവായിരിക്കും. ഇരുന്നൂറ് കോടിയിലധികം ജനങ്ങള്‍ക്ക് തന്നെ ഭീഷണിയാകുന്ന പ്രവര്‍ത്തനമാണ് കടല്‍ജലനിരപ്പിലുണ്ടാകുന്ന വർധനവ്. കടലിന് ചൂട് പിടിക്കുമ്പോള്‍ സംഭവിക്കുന്ന രണ്ട് കാര്യങ്ങളാണ് ജലനിരപ്പ് വർധിപ്പിക്കുന്നത്. ഒന്ന് ചൂട് കൂടുമ്പോള്‍ ജലകണികകള്‍ കൂടുതല്‍ വികസിക്കുകയും ഇതോടെ ഇവയ്ക്ക് സ്ഥിതി ചെയ്യാന്‍ കൂടുതല്‍ സ്ഥലം ആവശ്യമായി വരികയും ചെയ്യുന്നു. കടലിന്‍റെ താപനില വർധിക്കുന്നതോടെ ആര്‍ട്ടിക്, ഗ്രീന്‍ലന്‍ഡ് മേഖലകളിലെ മഞ്ഞുരുകി കൂടുതല്‍ ജലം കടലിലേക്കെത്തുന്നതാണ് മറ്റൊരു കാരണം.

English Summary: Beaches Won't Go Extinct As Sea Levels Rise If They Can Move

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com