ADVERTISEMENT

നിവാർ ചുഴലിക്കാറ്റ് മൂന്നു ദിവസം തുടർച്ചയായി മഴ എത്തിച്ചതോടെ ചെന്നൈയിൽ വ്യാപകമായി വെള്ളക്കെട്ട്.  തിങ്കളാഴ്ച മുതൽ ഇന്നലെ വരെ 23 സെന്റീമീറ്റർ മഴയാണ് നഗരത്തിൽ രേഖപ്പെടുത്തിയത്. താഴ്ന്ന പ്രദേശങ്ങളായ വേളാച്ചേരി, ആദമ്പാക്കം, താംബരം, ക്രോംപെട്ട്, കിൽപോക്, മന്ദവേലി, പെരമ്പൂർ, ടിനഗർ, വെസ്റ്റ് മാമ്പലം, പ്രകാശം സ്ട്രീറ്റ്, പുരുഷവാക്കം, റോയപുരം, ട്രിപ്ലിക്കേൻ, നങ്കനല്ലൂർ എന്നിവിടങ്ങളിൽ ഒട്ടേറെ വീടുകളിലും കടകളിലും വെള്ളം കയറി. പ്രളയ സാധ്യത ഭയന്ന് വേളാച്ചേരി നിവാസികളിൽ പലരും വാഹനങ്ങൾ മേൽപാതകളിൽ പാർക്ക് ചെയ്തു. 

ഓടകൾ നേരത്തേ ശുചീകരിക്കാത്തതാണ് വെള്ളക്കെട്ടിനു കാരണമെന്ന പരാതി വ്യാപകമാണ്. വെള്ളം നിറഞ്ഞ സ്ഥലങ്ങളിൽ 4 മണിക്കൂറിനുള്ളിൽ പമ്പ് സെറ്റ് ഉപയോഗിച്ചു ജലം നീക്കിയതായി കോർപറേഷൻ അവകാശപ്പെട്ടു. എന്നാൽ അൻപതിലേറെ ഇടങ്ങളിൽ 24 മണിക്കൂറിലേറെ വെള്ളക്കെട്ടു തുടർന്നു. നഗരത്തിലെ പ്രധാന അടിപ്പാതകളിലെല്ലാം മൂന്നടിയിലേറെ വെള്ളക്കെട്ടുണ്ടായി.  ജലം പമ്പ് ചെയ്തു കളഞ്ഞാലും മഴ തുടരുന്നതിനാലാണിതെന്നാണു കോർപറേഷൻ അധികൃതരുടെ വിശദീകരണം. ഭൂഗർഭ  കേബിളുകളിലും, ജംക്‌ഷൻ ബോക്സുകളിലും വെള്ളം കയറിയതിനെ തുടർന്നു പലയിടത്തും ഏറെ നേരം വൈദ്യുതി മുടങ്ങി. 

 ഇന്നലെ ഉച്ചയോടെ നഗരത്തിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചതായി തമിഴ്നാട് വൈദ്യുതി വകുപ്പ് (ടാൻജെഡ്കൊ) അറിയിച്ചു.  അമ്പത്തൂർ, ആവഡി, തിരുമുല്ലൈവയൽ, തിരുനിൻട്രാവൂർ എന്നിവിടങ്ങളിൽ വൻ മരങ്ങൾ കടപുഴകി. നിലംപൊത്തിയ മരങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതും പുരോഗമിക്കുകയാണ്. റോഡിലേക്കു വീണ മരങ്ങളാണ് ആദ്യം നീക്കം ചെയ്തത്. ഡിസംബർ അവസാനം വരെ മഴ നീളുമെന്ന കാലാവസ്ഥാ പ്രവചനം കണക്കിലെടുത്ത് റോഡിലേക്കു ചാഞ്ഞ മരക്കൊമ്പുകളും നീക്കും. ചെന്നൈയിൽ മാത്രം 244 മരങ്ങൾ കടപുഴകിയതായി ചെന്നൈ കോർപറേഷൻ അറിയിച്ചു. നീക്കം ചെയ്യുന്ന മരങ്ങൾക്കു പകരം വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുമെന്നു മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രഖ്യാപിച്ചു. 

Chennai Waterlogged by Cyclone Nivar

ഹെൽപ് ലൈനുകളിൽ പരാതി കുറഞ്ഞു

2015ലെ പ്രളയ കാലത്തെ അപേക്ഷിച്ച് ഹെൽപ് ലൈനുകളിൽ ലഭിച്ച പരാതികളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നു കോർപറേഷൻ കമ്മിഷണർ ജി.പ്രകാശ്. ഒന്നര ദിവസത്തിനിടെ മഴ സംബന്ധമായി ലഭിച്ചത് 377 പരാതികൾ മാത്രം. വെള്ളക്കെട്ട് സംബന്ധിച്ചു 2015ൽ ആയിരത്തിലേറെ പരാതികൾ ലഭിച്ചിരുന്നു. ഇത്തവണ 36 മണിക്കൂറിനിടെ 58 പരാതികൾ മാത്രം. നഗരത്തിലെ 22 അടിപ്പാതകളിലെ വെള്ളക്കെട്ടു നീക്കം ചെയ്തു. നഗരത്തിൽ ആയിരം കിലോമീറ്റർ അഴുക്കുചാലുകൾ നവീകരിച്ചതാണു വെള്ളക്കെട്ടു കുറയാൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

∙വെള്ളക്കെട്ട്, മരങ്ങൾ നീക്കം ചെയ്യാൻ: 044–25384530, 044–25384540

∙കോർപറേഷൻ കൺട്രോൾ റൂം: 1913

English Summary: Chennai Waterlogged by Cyclone Nivar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com