ADVERTISEMENT

കടൽത്തീരത്തടിഞ്ഞ വിചിത്ര ജീവികളുടെ ചിത്രം കൗതുകമാകുന്നു. സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണിലുള്ള ഫിഷ് ഹോക്ക് ബീച്ചിലാണ് വിചിത്ര ഇരുപതോളം വിചിത്ര ജീവികൾ തീരത്തടിഞ്ഞത്. പ്രദേശവാസിയായ മരിയ വാഗണർ ആണ് തീരത്തടിഞ്ഞ ജീവികളെ ആദ്യം കണ്ടത്. ഏറെ കൗതുകത്തോടെ നോക്കിയെങ്കിലും ഇതുവരെ കണ്ടിട്ടില്ലാത്തതിനാൽ ഇവ എന്താണെന്നു വ്യക്തമായില്ല. സാധാരണ കരയ്ക്കടിയുള്ള നക്ഷത്ര മത്സ്യങ്ങളെയും മറ്റും തിരിച്ച് കടലിലേക്ക് എടുത്തു കൊണ്ടുപോയി വിടാറുണ്ടെങ്കിലും ഈ ജീവികളെ തൊടാൻ ശ്രമിച്ചില്ല. കണ്ടാൽ വ്യാളിയെ പോലെ തോന്നുന്ന ജീവിയെ ഭയത്തോടെയാണ് ബീച്ചിലുണ്ടായിരുന്നവർ നിരീക്ഷിച്ചത്. ഇവർ ജീവികളുടെ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് തീരത്തടിഞ്ഞ വിചിത്ര ജീവി യഥാർഥത്തിൽ എന്താണെന്ന കാര്യം പുറത്തുവന്നത്. ബ്ലൂ ഡ്രാഗൺ എന്ന കടൽ ജീവിയാണ് ഫിഷ് ഹോക്ക് തീരത്തടിഞ്ഞത്.

ഡ്രാഗണ്‍ എന്നു പറയപ്പെടുന്ന ജീവി ഭൂമിയില്‍ ജീവിച്ചിരുന്നോ എന്നു വ്യക്തമല്ല. പക്ഷേ ചൈനീസ് മിത്തുകളിലുള്ള ഈ ജീവികളെ പോലെ രൂപമുള്ള എന്തിനെയും ഡ്രാഗണ്‍ എന്ന പേരു ചേര്‍ത്ത് വിളിയ്ക്കാനാണ് മനുഷ്യര്‍ക്കിഷ്ടം. അതുകൊണ്ട് തന്നെയാണ് ആറ് ചിറകുകളും, കൂര്‍ത്ത തലയും നീണ്ട വാലുമുള്ള ഈ കടല്‍ ജീവിക്കും ബ്ലൂ ഡ്രാഗണ്‍ അഥവാ നീല ഡ്രാഗണ്‍ എന്ന പേര് ലഭിച്ചത്. തിളങ്ങുന്ന നീല നിറത്തിലുള്ള ഈ ജീവികള്‍ യഥാര്‍ത്ഥത്തില്‍ കടല്‍ ഒച്ച് വിഭാഗത്തില്‍ പെട്ടവയാണ്. അറ്റ്ലാന്‍റിക് സമുദ്രമേഖലയിലാണ് ഇവ പൊതുവെ കാണപ്പെടുന്നത്

ബ്ലൂ ഡ്രാഗണ്‍

ഗ്ലോക്കസ് അറ്റ്ലാന്‍റിക്കസ് എന്നതാണ് ഈ ബ്ലൂ ഡ്രാഗണുകളുടെ ശാസ്ത്രീയ നാമം. ബ്ലൂ ഡ്രാഗണ്‍ , ഡ്രാഗണ്‍ സ്ലഗ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ ജീവികള്‍ ന്യൂഡിബ്രാഞ്ച് വിഭാഗത്തില്‍ പെടുന്ന ഒച്ചുകളുടെ കൂട്ടത്തില്‍ പെട്ടവയാണ്. പുറംതോട് ഉപേക്ഷിക്കുന്ന ഒച്ചുകളുടെ വിഭാഗത്തെയാണ് നഗ്നമായ ഷെല്ലുകള്‍ ഉള്ളവ എന്ന അര്‍ത്ഥത്തില്‍ ന്യൂഡിബ്രാഞ്ച് എന്നു വിളിക്കുന്നത്. പൊതുവെ അപകടകാരിയല്ലെങ്കിലും ഈ സമയത്തെ ഇവയുടെ ഭക്ഷണ ശൈലിയാണ് ബ്ലൂ ഡ്രാഗണുകളെ തല്‍ക്കാലത്തേക്കെങ്കിലും മനുഷ്യര്‍ക്ക് അപകടകാരികളാക്കി മാറ്റുന്നത്.

അതീവ അപകടകാരികളായ പോച്ചുഗീസ് മാന്‍ ഒ വാര്‍ ജെല്ലിഫിഷ് പോലുള്ള വിഷാംശമുള്ള പല ജീവികളെയും ആണ് ഇവ ഭക്ഷിക്കാറുള്ളത്. അതിനാല്‍ തന്ന ഇത്തരം ജീവികളില്‍ നിന്നുള്ള വിഷാംശം ഇവയുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. ഈ വിഷം വേട്ടയാടുന്ന സമയത്ത് നഖങ്ങളിലൂടെ ഇവ പുറന്തള്ളുകയും ചെയ്യും. ഇത് തന്നെയാണ് ഇവയെ മനുഷ്യര്‍ക്കും അപകടകാരിയാക്കി മാറ്റുന്നത്. കാഴ്ചയിലുള്ള സൗന്ദര്യം നിമിത്തം ആരെങ്കിലും കയ്യിലെടുത്താല്‍ നഖം കൊണ്ട് ഇവ ഏല്‍പ്പിക്കുന്ന മുറിവലൂടെ വിഷം മനുഷ്യരിലേക്കും അനായായാസമെത്തും.

മനുഷ്യര്‍ക്ക് അതീവ അപകടകരമായ അവസ്ഥ തന്നെ സൃഷ്ടിക്കാന്‍ ഇങ്ങനെ നീല ഡ്രാഗണിലൂടെ എത്തുന്ന വിഷത്തിനു സാധിയ്ക്കും. 3 സെന്‍റീമീറ്ററില്‍ താഴെ മാത്രം വലുപ്പമുള്ള ഇവയെ കണ്ടാല്‍ അപകടകാരികളാണെന്ന് തോന്നാത്തതിനാല്‍ പലരും കയ്യിലെടുത്ത് അപകടം വിളിച്ചു വരുത്താറുണ്ട്. 

ഇവയുട ആക്രമണമേറ്റാല്‍ വിഷം എത്തിയ ഭാഗം തടിക്കുകയും നീരു വയ്ക്കുകയും ചെയ്യും. വൈകാതെ തല ചുറ്റലും, ഛര്‍ദ്ദിയും ശക്തമായ ശരീര വേദനയും. കാഴ്ചക്കുറവും വരെ അനുഭവപ്പെടാം. മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരാണെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാക്കാന്‍ ഇവയുടെ വിഷത്തിനു കഴിയും. പകല്‍സമയങ്ങളില്‍ ഇവ കടല്‍ ഉപരിതലത്തില്‍ മലര്‍ന്നാണണ് കിടക്കുക. ഇങ്ങന മലര്‍ന്ന് കിടക്കുമ്പോഴാണ് നീല നിറത്തിലുള്ള ഇവയുടെ ശരീരഭാഗം വ്യക്തമായി കാണാന്‍ കഴിയുന്നത്. 

English Summary: Bizarre dragon-like sea creature dubbed ‘the most beautiful killer in the ocean’ washes up on South African beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com