ADVERTISEMENT

പരിമിത സ്ഥലത്ത് കൃത്രിമമായി വളര്‍ത്തിയെടുക്കുന്ന മിയാവാക്കി വനത്തിന് കോതമംഗലം നെല്ലിമറ്റത്ത് തുടക്കം. വനംവകുപ്പുമായി സഹകരിച്ചാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. നൂറ്റാണ്ടുകൊണ്ട് രൂപപ്പെടുന്ന സ്വഭാവിക വനത്തിന് പകരം പത്തുവര്‍ഷംകൊണ്ട് ശാസ്ത്രീയമായി വനം വളര്‍ത്തിയെടുക്കുന്ന വിദ്യയാണ് മിയാവാക്കി. 

ഒരു സ്ക്വയര്‍ മീറ്റര്‍ സ്ഥലത്ത് നാലു തൈകളാണ് നടുന്നത്. ഒരു വന്‍മരം, ഒരു വള്ളിച്ചെടി, കുറ്റിച്ചെടികള്‍ എന്നതാണ് തത്വം. അഞ്ചു സെന്റ് സ്ഥലത്തേക്ക് നാനൂറ് തൈകളെത്തിച്ചാണ് കോതമംഗലത്ത് മിയാവാക്കി ഒരുക്കുന്നത്. ഇച്ഛാശക്തിയുണ്ടെങ്കില്‍ ആര്‍ക്കും കുഞ്ഞന്‍വനമൊരുക്കാമെന്ന് കോതമംഗലം ഡി.എഫ്.ഒ പറഞ്ഞു.

കാടിനോടുള്ള ഇഷ്ടം വീട്ടുമുറ്റത്തെത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സ്ഥലമുടമ. കൂടുതല്‍പേര്‍ വനവല്‍ക്കരണത്തിന് മുന്നോട്ടുവന്നാല്‍ ആഗോളതാപനം അടക്കമുള്ള പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാനാകുമെന്നാണ് പ്രതീക്ഷ.

അക്കിര മിയാവാക്കി

അക്കിര മിയാവാക്കി – ജപ്പാനിൽ നിന്നുള്ള ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞൻ. ഒരു തുണ്ട് ഭൂമിയെപ്പോലും സ്വാഭാവിക വനമായി മാറ്റിയെടുക്കുന്ന മാജിക്കുകാരൻ. തരിശെന്ന് എഴുതിത്തള്ളിയ ഭൂമിയിലും മിയാവാക്കി അപ്പൂപ്പൻ മാസങ്ങൾ കൊണ്ടു കാട് തീർക്കും. മൂന്നു വർഷം കൊണ്ടു മരങ്ങൾക്ക് 30 അടി ഉയരം, 20 വർഷം കൊണ്ട് ,100 വർഷം പഴക്കമുള്ള കാടിന്റെ രൂപം!.  മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള ബ്ലൂ പ്ലാനെറ്റ് പ്രൈസ് ഉൾപ്പെടെ നേടിയ മിയാവാക്കി 90–ാം വയസ്സിലും യജ്ഞം തുടരുന്നു. ഇന്ത്യയിൽ ഉൾപ്പെടെ ലോകത്തെമ്പാടും നൂറുകണക്കിനു മിയാവാക്കി കാടുകൾ.

എന്താണ് മിയാവാക്കി?

ചുരുങ്ങിയ സ്ഥലത്ത് കൃത്രിമമായി നിർമിച്ചെടുക്കുന്ന വനമാണ് മിയാവാക്കി. പ്രശസ്ത ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ പ്രഫ.അകിറ മിയാവാക്കി 1970ൽ വികസിപ്പിച്ചെടുത്ത വനനിർമാണ മാതൃകയാണിത്. കാലാവസ്ഥാവ്യതിയാനത്തെ തടയാൻ ഇത്തരം വനങ്ങൾക്കു കഴിയുമെന്നാണു വിലയിരുത്തൽ. മൂന്നു വർഷംകൊണ്ട് മരങ്ങൾക്കു 30 അടി ഉയരം, 20 വർഷത്തിനുള്ളിൽ 100 വർഷം പഴക്കമുള്ള മരത്തിന്റെ രൂപം – ഇതാണു മിയാവാക്കിയുടെ മാസ്മരികത.

കാടുണ്ടാക്കാൻ

അര സെന്റിൽ പോലും വനമുണ്ടാക്കാം. ചകിരിച്ചോറും ചാണകപ്പൊടിയും ഉമിയും മണ്ണും തുല്യഅനുപാതത്തിലുള്ള മിശ്രിതമാണു നിലം. ചതുരശ്ര മീറ്ററിൽ നാലു തൈകൾ. ഒരു സെന്റിൽ ഏതാണ്ട് 162 ചെടി. ഇത്ര അടുപ്പിച്ചു നട്ടാൽ ആവശ്യത്തിനു സൂര്യപ്രകാശം കിട്ടാതെ തൈകൾ നശിക്കുമെന്നാണു നമ്മൾ പഠിച്ചിട്ടുള്ള കൃഷിപാഠം. എന്നാൽ സൂര്യപ്രകാശത്തിനായി പരസ്പരം മൽസരിച്ചു ചെടികൾ പൊങ്ങിപ്പൊങ്ങിയങ്ങു പോകുമെന്നു മിയാവാക്കി തിയറി. വൻമരങ്ങളാകുന്നവ മുതൽ പുല്ലും കളയും മുൾച്ചെടിയും വള്ളിച്ചെടിയുമെല്ലാം വേണം. അപ്പോഴല്ലേ കാടാകൂ. ഉപയോഗമില്ലാത്ത ഒരു കള പോലും ഇല്ലെന്ന് അടുത്ത പാഠം. എല്ലാറ്റിനുമുണ്ട് ഗുണങ്ങൾ. അതു മനസ്സിലാക്കാൻ മാത്രം മനുഷ്യൻ വളർന്നിട്ടില്ല, അത്ര തന്നെ.

ചെലവ്

അങ്ങേയറ്റം തരിശായിക്കിടക്കുന്ന മണ്ണ് വനമാക്കാൻ സെന്റിന് ഏതാണ്ട് ഒന്നേകാൽ ലക്ഷം രൂപയാണു ചെലവ്. ചെടികൾക്കു രണ്ടു വർഷത്തെ പരിചരണമേ വേണ്ടൂ. പിന്നീടു കാടായിക്കൊള്ളും. 

English Summary: Miyawaki forest in Kothamangalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com