ADVERTISEMENT

പ്രകൃതിയിലുണ്ടായകുന്ന ഊര്‍ജപ്രവര്‍ത്തനങ്ങളുടെ ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമാണ് ഇടിമിന്നലുകള്‍. സെക്കൻഡിലൊരംശം മുതല്‍ ഏതാനും മിനുട്ടുകള്‍ വരെ നീണ്ടു നില്‍ക്കുന്ന ഇടിമിന്നലുകള്‍ പ്രകൃതിയില്‍ ഉണ്ടാകാറുണ്ട്. മിന്നലുകളിലെ ഊര്‍ജത്തിലും പ്രകാശത്തിലുമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തതകള്‍ ഉണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ശക്തിയേറെയ മിന്നലുകളെയാണ് സൂപ്പര്‍ ബോള്‍ട്ടുകള്‍ എന്ന് ശാസ്ത്രലോകം വിളിക്കുന്നത്. ഈ സൂപ്പര്‍ ബോള്‍ട്ടുകളുടെ പ്രകാശ വിതരണ ശേഷി സാധാരണ മിന്നലിനേക്കാള്‍ ആയിരം ഇരട്ടി വരെ വരുമെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ കണക്കുകൂട്ടുന്നത്. 

യുഎസിന്‍റെ പാതി നീളം വരുന്ന മിന്നല്‍പിണര്‍

1970 കളില്‍ സാറ്റ്‌ലെറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യമായി ശാസ്ത്രലോകം സൂപ്പര്‍ബോള്‍ട്ടുകളെ തിരിച്ചറിയുന്നത്. നാല് പതിറ്റാണ്ടിനു ശേഷം സൂപ്പര്‍ബോള്‍ട്ടുകളെ കുറിച്ചുള്ള പഠനം ഏറെ മുന്നോട്ടു പോയിട്ടുണ്ട്. ഇപ്പോള്‍ സൂപ്പര്‍ബോള്‍ട്ടുകള്‍ക്ക് എത്രയധികം ഊര്‍ജവും പ്രകാശവും സൃഷ്ടിയ്ക്കാന്‍ കഴിയും എന്നു മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. രണ്ട് തരത്തിലാണ് സൂപ്പര്‍ബോള്‍ട്ടുകളുടെ പ്രകാശത്തിന്‍റെ വ്യാപ്തി മനസ്സിലാക്കാന്‍ ഗവേഷകര്‍ ശ്രമിക്കുന്നത്. ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള ഉപകരണള്‍ ഉപയോഗിച്ചും, സാറ്റ്‌ലെറ്റുകളിലുള്ള ഉപകരണങ്ങള്‍ വഴിയും. എന്നാല്‍ ഈ പഠനങ്ങളിലെല്ലാം വെളിച്ചത്തിന്‍റെ വ്യാപ്തി മനസ്സിലാക്കുന്നതിന് പരിമിതികളുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. 

ഭൂമിയില്‍ നിന്ന് പ്രകാശം അളക്കുമ്പോഴും ശൂന്യാകാശത്തില്‍ നിന്ന് സാറ്റ്‌ലെറ്റുകള്‍ അളക്കുമ്പോഴും പ്രധാന വിലങ്ങുതടി മേഘങ്ങളാണ്. മേഘങ്ങള്‍ കാഴ്ചയെ മറയ്ക്കുന്നതു മൂലം പ്രകാശത്തിന്റെ വ്യാപ്തി കൃത്യമായി തിരിച്ചറിയാന്‍ സാധിക്കില്ല. ഇത് പഠനത്തില്‍ സ്വാഭാവികമായും ഏറ്റക്കുറച്ചിലുകളുണ്ടാക്കും. എങ്കിലും സമീപകാലത്ത് പകര്‍ത്തിയ ഒരു സൂപ്പര്‍ബോള്‍ട്ടിന്‍റെ സാറ്റ്‌ലെറ്റ് ദൃശ്യങ്ങള്‍ അവയുടെ പ്രകാശ വ്യാപ്തി എത്ര വലുതാണെന്ന് മനസ്സിലാക്കി തരും. അമേരിക്കയുടെ മുകളിലുള്ള ഈ ദൃശ്യത്തില്‍ സൂപ്പര്‍ ബോള്‍ട്ടിന്‍റെ പ്രകാശം യുഎസിന്‍റെ പാതിയോളം നീളത്തില്‍  വരെ എത്തുന്നതു വ്യക്തമാണ്.

സൂപ്പര്‍ബോള്‍ട്ടുകള്‍

സൂപ്പര്‍ബോള്‍ട്ടുകള്‍ സൃഷ്ടിക്കപ്പെടുന്നത് സാധാരണ ഇടിമിന്നല്‍ സൃഷ്ടിക്കപ്പെടുന്ന അതേ പ്രക്രിയയിലൂടെയാണോ, അതോ മറ്റേതെങ്കിലും ഊര്‍ജസ്രോതസ്സിന് ഇതില്‍ പങ്കുണ്ടോ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്. ഇതിനും വ്യക്തമായ ഉത്തരം കണ്ടെത്താന്‍ ഗവേഷകര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം ഇത്തരം വലിയ മിന്നലുകളെ കുറിച്ചുള്ള പഠനം മിന്നലില്‍ നിന്നുള്ള ഊര്‍ജത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സഹായിക്കുമെന്ന് ഗവേഷകനായ മൈക്കിള്‍ പീറ്റേഴ്സണ്‍ പറയുന്നു. ലോകത്തെ തന്നെ ഏറ്റവും നീളമേറിയ മിന്നല്‍ കഴിഞ്ഞ വര്‍ഷം കലിഫോര്‍ണിയയില്‍ നിന്ന് കണ്ടെത്തിയത് പീറ്റേഴ്സണും സംഘവുമാണ്. 700 കിലോമീറ്ററില്‍ അധികം നീളമാണ് ആ മിന്നലിന് ഉണ്ടായിരുന്നത്. 17 സെക്കന്‍റാണ് ഈ മിന്നല്‍ നീണ്ടുനിന്നത്.

സൂപ്പര്‍ബോള്‍ട്ടുകളെ കുറിച്ചുള്ള പഠനത്തിനായി പീറ്റേഴ്സണും സംഘവും ഉപയോഗിച്ച പുതിയ മാര്‍ഗമാണ് ഇപ്പോള്‍ അവയുടെ പ്രകാശത്തിന്‍റെ വിസ്തൃതിയുടെ വലുപ്പം മനസ്സിലാക്കാന്‍ സഹായിച്ചിരിക്കുന്നത്. സൂപ്പര്‍ബോള്‍ട്ടുകളെ ഭൂമിയില്‍ നിന്ന് പഠിക്കുമ്പോള്‍ അതിനായി ഉപയോഗിക്കുന്നത് റേഡിയോ തരംഗങ്ങളാണ്. അതേസമയം പീറ്റേഴ്സണ്‍ ഇവയുടെ പ്രകാശത്തെ നിരീക്ഷിക്കുന്നതിനുള്ള ഉപകരണങ്ങള്‍ കാലാവസ്ഥാ സാറ്റ്‍ലെറ്റുകളില്‍ ഘടിപ്പിച്ചു. തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഓരോ രണ്ട് സെക്കന്‍റ് വീതവും ഈ സാറ്റ്‌ലെറ്റുകളിലെ ഉപകരണം പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന പ്രകാശങ്ങളെ സെന്‍സറിലൂടെ തിരിച്ചറിഞ്ഞ് ആ വിവരങ്ങള്‍ ഭൂമിയിലേയക്ക് അയയ്ക്കും.

പ്രകാശത്തിന്‍റെ വ്യാപ്തി

ഈ മാര്‍ഗം സൂപ്പര്‍ ബോള്‍ട്ടുകളെ കുറിച്ചുള്ള പഠനത്തില്‍ തന്നെ വഴിത്തിരിവായി. പ്രകാശത്തെ തിരിച്ചറിഞ്ഞ്  അവയെ  പിന്തുടര്‍ന്ന്  ലഭിച്ച വിവരങ്ങള്‍ ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തതോടെ സൂപ്പര്‍ബോള്‍ട്ടുകളുടെ പ്രകാശം കടന്നു പോകുന്ന മാപ്പ് തന്നെ തയ്യാറാക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. ഇത് വഴിയാണ് യുഎസിന്റെ പാതി നീളത്തോളം വരുന്ന സൂപ്പര്‍ബോള്‍ട്ടുകളുടെ പ്രകാശ വ്യാപ്തി ഗവേഷകര്‍ കണ്ടെത്തിയത്. ആദ്യം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സാധാരണ മിന്നലുകളേക്കാള്‍ നൂറിരട്ടി വരെ സൂപ്പര്‍ബോള്‍ട്ടുകള്‍ക്ക് പ്രകാശം ഉണ്ടെന്നാണ് കണക്കാക്കിയത്. എന്നാല്‍ കൂടുതല്‍ വലിയ സൂപ്പര്‍ ബോള്‍ട്ടുകളെ തിരിച്ചറിഞ്ഞതോടെ സാധാരണ മിന്നലുകളേക്കാള്‍ ആയിരം ഇരട്ടി വരെ പ്രകാശം സൂപ്പര്‍ ബോള്‍ട്ടുകള്‍ക്കുണ്ടാകാമെന്ന് ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. 

കൂടാതെ എല്ലാ വര്‍ഷവും സൂപ്പര്‍ബോള്‍ട്ടുകള്‍ എന്നു വിളിക്കാവുന്ന 20 ലക്ഷം വലിയ മിന്നലുകളെങ്കിലും ആകാശത്ത് ഉണ്ടാകുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. അതായത് 300 മിന്നലുകളില്‍ ഒന്ന് ഒരു സൂപ്പര്‍ബോള്‍ട്ട് എന്ന രീതിയില്‍ ഇവ തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ടെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. പ്രധാനമായും യുഎസിന് മുകളിലും. തെക്കേ അമേരിക്കയില്‍ ബ്രസീല്‍, പരഗ്വേ, ഉറുഗ്വേ, അര്‍ജന്‍റീന എന്നീ രാജ്യങ്ങളുടെ മുകളിലുമാണ് ഈ മിന്നലുകള്‍ ഏറ്റവും സജീവമായി കാണപ്പെടുന്നതെന്നും ഗവേഷകര്‍ തിരിച്ചറിഞ്ഞു. 

English Summary: Scientists Detect 'Superbolts' 1,000 Times Brighter Than Typical Lightning Strikes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com