ADVERTISEMENT

ഭൂമിയിലെ ഏറ്റവും സൗന്ദര്യമുള്ള വസ്തുക്കള്‍ ഏതെന്നു ചോദിച്ചാല്‍ എല്ലാവരുടെയും ഉത്തരത്തില്‍ പൂക്കളുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. വിവിധ നിറത്തില്‍, ആകര്‍ഷകമായ മണങ്ങളോടെ, കൗതുകകരമായ രൂപത്തിലുള്ള പൂക്കളാല്‍ സമ്പന്നമാണ് ഭൂമി. കടല്‍ത്തീരങ്ങളില്‍ മുതല്‍ പാറക്കെട്ടുകളിലും, എന്തിന് മരുഭൂമിയില്‍ പോലും പൂക്കളുടെ സാന്നിധ്യമുണ്ട്. കാഴ്ചയില്‍ കൗതുകമാണന്നത് പോലെ തന്നെ പരാഗണത്തിന് സഹായിയ്ക്കുന്ന മറ്റ് ജീവികളെയും ചെടികളിലേയ്ക്ക് ആകര്‍ഷിക്കുന്നതും ഇതേ പൂക്കള്‍ തന്നെയാണ്. അത് കൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുക എന്നത് തന്നെയാണ് പൂക്കളുടെ ജന്മോദ്ദേശം.

നിറം മാറുന്ന പൂക്കള്‍

എന്നാല്‍ കിഴക്കനേഷ്യയിലെ ഒരു വിഭാഗം പൂക്കള്‍ ഇപ്പോള്‍ വഴി മാറി നടക്കുകയാണ്. സാധാരണ പൂക്കള്‍ ശ്രദ്ധ ആകര്‍ഷിച്ച് പരാഗണം നടത്താനുള്ള സാഹചര്യം ഒരുക്കിയാണ്  അതിജീവിക്കുന്നതെങ്കില്‍ കിഴക്കനേഷ്യയിലെ ഈ ചെടികള്‍ ഇപ്പോള്‍ പൂക്കളെ ഒളിച്ച് നിര്‍ത്തുന്നതിനായി ആരും കാണാത്ത രീതിയിലാണ് പൂക്കള്‍ വിരിയിക്കുന്നത്. ഇതും അതിജീവനത്തിന്‍റെ ഭാഗമാണെന്നു മാത്രം. അനാവശ്യമായ ശ്രദ്ധ ലഭിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ ചെടികള്‍ ഇത്തരം ഒരു മാര്‍ഗം സ്വീകരിക്കുന്നതെന്നാണ് ചെടികളെ നിരീക്ഷിക്കുന്ന ജൈവ ശാസ്ത്രജ്ഞര്‍ പറയുന്നത്.

ലഭ്യമാകുന്ന എല്ലാ ചെടികളില്‍ നിന്നും ജീവികളില്‍ നിന്നും പരമ്പരാഗത മരുന്നുണ്ടാക്കുന്നവരാണ് ചൈനക്കാര്‍, ചൈനക്കാരുടെ മരുന്ന് നിര്‍മ്മാണം മൂലം ഏഷ്യയിലേയും, ആഫ്രിക്കയിലേയും പല ജീവികളും ഇന്ന് വംശനാശ ഭീഷണി നേരിടുകയാണ്. കനത്ത നിയന്ത്രണങ്ങളിലൂടെയാണ് ഈ ജീവികളെ ഇപ്പോള്‍ തദ്ദേശീയ ഭരണ കൂടങ്ങള്‍ അനധികൃത വേട്ട തടഞ്ഞ് സംരക്ഷിച്ചു നിര്‍ത്തുന്നത്. എന്നാല്‍ ചൈനയില്‍ തന്നെയുള്ള ഈ ചെടിക്ക് സംരക്ഷണം നല്‍കാന്‍ പ്രദേശിക സംവിധാനങ്ങള്‍ ഒന്നുമില്ല. അതുകൊണ്ട് തന്നെയാകും ഈ ചെടികള്‍ സ്വന്തം വര്‍ഗത്തെ സംരക്ഷിക്കാനുറച്ച് മനുഷ്യരില്‍ നിന്ന് ഒളിച്ച് പൂക്കള്‍ വിരിയിക്കുന്നതെന്നാണ് സസ്യശാസ്ത്രജ്ഞരുടെ നിഗമനം.

ഫ്രറ്റാറിയ ദിലവായി

കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുമെങ്കിലും പ്രകൃതിയിലെ സസ്യങ്ങളുടെ അതിജീവന തന്ത്രങ്ങള്‍ വച്ച് നോക്കിയാല്‍ ഒളിച്ച് വളരാനുള്ള ഈ ചൈനീസ് സസ്യങ്ങളുടെ പുതിയ രീതി സ്വാഭാവികം മാത്രമാണെന്നു മനസ്സിലാകും. പൂക്കളുടെ നിറം മാറ്റിയാണ് ഫ്രിറ്റിലാറിയ ദിലവായി എന്ന ഈ സസ്യം അതിജീവനത്തിനുള്ള സാധ്യതകള്‍ തേടുന്നത്. മുന്‍പ് ഇളം പച്ച നിറത്തില്‍ വിരിഞ്ഞിരുന്ന പൂക്കള്‍ ഇപ്പോള്‍ നിറം മാറിയാണ്  കാണപ്പെടുന്നത്. നിറം മാറിയതോടെ ചെടി തിരിച്ചറിയാനാകാതെ ഇവ മരുന്നിനായി പറിച്ചെടുക്കുന്നതും കുറഞ്ഞിട്ടുണ്ട്.

വര്‍ഷത്തിലൊരിക്കലാണ് ഈ ചെടികള്‍ പൂവിടുന്നത്. അഞ്ച് വര്‍ഷമാകുമ്പോഴാണ് ഈ ചെടികള്‍ പൂവിടാന്‍ തുടങ്ങുന്നത്. പാറക്കെട്ടുകള്‍ക്കിടയിലാണ് ഈ ചെടികള്‍ ധാരാളമായി വളരുന്നതും. അഞ്ചാം വര്‍ഷത്തില്‍ ഇളം പച്ച നിറത്തില്‍ വിടരുന്ന ഈ ചെടിയുടെ പൂക്കള്‍ക്ക് അസാധാരണമായ മരുന്ന് നിർമിക്കാനുള്ള മൂല്യമുണ്ടെന്നാണ് ചൈനാക്കാര്‍ കണക്കാക്കുന്നത്. വ്യാപകമായി പൂക്കള്‍ പറിച്ചെടുക്കപ്പെട്ടതോടെ പരാഗണം കുറയുകയും ചെടികളുടെ എണ്ണം അതുവഴി താഴേക്കു പോരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അതിജീവനത്തിനായി പ്രകൃതി നല്‍കിയ സാധ്യതകളിലൊന്ന് ചെടി ഉപയോഗപ്പെടുത്തിയത്.

ഒളിച്ചിരിക്കാന്‍ സഹായിക്കുന്ന നിറം

ഇപ്പോള്‍ ഈ ചെടി വര്‍ഗങ്ങളില്‍ ഒരു വിഭാഗത്തിനിടയില്‍ വിടരുന്നത് പച്ച നിറത്തിലുള്ള പൂവല്ലെന്നും, മറച്ച് ഈ പൂവിന് ചാരം കലര്‍ന്ന ബ്രൗണ്‍ നിറമാണ് കൂടുതലുള്ളതെന്നും ഗവേഷകര്‍ പറയുന്നു. ഇതോടെ സമാനമായ നിറത്തിലുള്ള പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് ഈ പൂവുകളെ വേഗത്തില്‍ കണ്ടെത്താന്‍ കഴിയില്ല. ഇതിലൂടെ പൂ പറിക്കാനെത്തുന്നവരില്‍ നിന്ന് രക്ഷ നേടാന്‍ സാധിക്കും. അതേസമയം പരാഗണം നടത്താന്‍ വരുന്ന ജീവികള്‍ നിറം മാത്രം ഉപയോഗിച്ചല്ല ചെടികളെ കണ്ടെത്തുന്നത് എന്നതിനാല്‍ പരാഗണം നടക്കുകയും ചെയ്യും.

ഏറ്റവും കൗതുകകരമായ കാര്യം ചില ചെടികളില്‍ പൂക്കളുടെ നിറം മാത്രമല്ല ചെടികളുട ഇലയുടെ നിറത്തില്‍ പോലും മാറ്റമുണ്ട് എന്നതാണ്. പല ചെടികളും ശത്രുക്കളില്‍ നിന്ന് തല്‍ക്കാലത്തേക്ക് രക്ഷ നേടുന്നതിനായി ഒളിച്ചു കളിക്കുകയും നിറം മാറുകയുമൊക്കെ ചെയ്യാറുണ്ട്. പക്ഷേ ഇതാദ്യമാണ് മനുഷ്യരില്‍ നിന്ന് രക്ഷനേടാന്‍ ഒരു ചെടി അതിജീവിനത്തിന്‍റെ ഭാഗമായി നിറം മാറുന്നതായി കണ്ടെത്തുന്നത്. യുകെയിലെ എക്സ്റ്റര്‍ സര്‍വകലാശാല സസ്യശാസ്ത്ര വിഭാഗമാണ് ശ്രദ്ധേയമായ ഈ അതിജീവന മാര്‍ഗം തിരിച്ചറിഞ്ഞതും പഠനം നടത്തി ഇപ്പോള്‍ ഇതിനു പിന്നിലെ രഹസ്യം കണ്ടെത്തിയിരിക്കുന്നതും.

ചൈനയിലെ ഹെഗ്ഡൂണ്‍ മലനിരകളിലാണ് ഈ ചെടി ഏറ്റവുമധികം കാണപ്പെടുന്നത്. പാറക്കെട്ടുകള്‍ നിറഞ്ഞ ഈ മലനിരകളില്‍ കാണപ്പെടുന്ന ചെടിയുടെ പൂവ് ചുമയ്ക്കും, കഫക്കെട്ടിനും ഉള്‍പ്പടെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് പ്രതിവിധിയാണെന്ന് ചൈനയിലും നേപ്പാളിലുമുള്ളവർ വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെ പരമ്പരാഗത മരുന്ന് നിർമാണത്തിനായി ഈ പൂവുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മനുഷ്യരുടെ ഇടപെടല്‍ തന്നെയാണ് പൂക്കളുടെ നിറം മാറ്റത്തിന് കാരണമാകുന്നതെന്ന് ഉറപ്പാക്കുന്നതിനായി ഏറ്റവുമധികം ഈ പൂക്കള്‍ പറിച്ചെടുക്കുന്ന പ്രദേശത്തും, കുറവ് മാത്രം പറിച്ചെടുക്കുന്ന മേഖലയിലും വ്യത്യസ്ത പഠനങ്ങള്‍ നടത്തി. ഇതില്‍ വ്യാപകമായ രീതിയില്‍ പൂക്കള്‍ പറിച്ചെടുക്കുന്ന മേഖലയിലെ ചെടികള്‍ക്കാണ് നിറം മാറ്റം വന്നിരിക്കുന്നതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. 

English Summary: Scientists Discover A Plant That’s Evolved To Be Able To Hide From Humans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com