ADVERTISEMENT

കേരളമടക്കമുള്ള തീരങ്ങളില്‍ ചുഴലിക്കാറ്റിന് സാധ്യതയുള്ള ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറി. 24 മണികൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച പുലര്‍ച്ചെ ചുഴലിക്കാറ്റ് കന്യാകുമാരി തീരം തൊടുമെന്നതിനാല്‍ കേരളത്തിന്‍റെ തെക്കന്‍ ജില്ലകളിലും കനത്ത ജാഗ്രത. ചുഴലിക്കാറ്റ് ഭീഷണിയുള്ള തെക്കന്‍ കേരളത്തില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി. നാളെ രാത്രി മുതല്‍ അതീവജാഗ്രത വേണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 

കടല്‍ പ്രക്ഷുദ്ധബ്മാകുമെന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. കടലിലുള്ളവര്‍ തീരത്തെത്താന്‍ നല്‍കിയിരുന്ന സമയം ഇന്നലെ രാത്രി അവസാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലർട്ടും എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദം ആറു മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദമായും തുടര്‍ന്ന് ചുഴലിക്കാറ്റായും മാറുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച പുലര്‍ച്ചെ ചുഴലിക്കാറ്റ് കന്യാകുമാരി തീരം തൊടുമെന്നതിനാല്‍ കേരളത്തിന്‍റെ തെക്കന്‍ ജില്ലകളിലും കനത്ത ജാഗ്രത. തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ് ഭീഷണിയുള്ളതിനാല്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി. 

തെക്കൻ കേരളം -തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ  തീവ്ര ന്യൂനമർദം കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 10  കിമീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സിസ്റ്റം അതിതീവ്ര ന്യൂനമർദ്ദമായി 7.8° N അക്ഷാംശത്തിലും 86.6°E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് ശ്രീലങ്കൻ തീരത്ത് നിന്ന് 530  കിമീ ദൂരത്തിലും കന്യാകുമാരിയിൽ നിന്ന് ഏകദേശം 930  കിമീ ദൂരത്തിലുമാണ്. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച്  ചുഴലിക്കാറ്റായി മാറുമെന്നും ഡിസംബർ 2 ന് വൈകിട്ടോടെ ശ്രീലങ്കൻ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഡിസംബർ ന് കന്യാകുമാരി തീരത്തെത്തുമെന്നാണ് നിഗമനം.

കേരളത്തിനുള്ള മുന്നറിയിപ്പ്

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണമായും നിരോധിച്ചു. നവംബർ 30 അർധരാത്രി മുതൽ നിലവിൽ വന്ന വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ അനുവദിക്കുന്നതല്ല.

ഡിസംബർ 2 മുതൽ ഡിസംബർ 4 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ആവശ്യമായ തയാറെടുപ്പുകൾ പൂർത്തീകരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. 

English Summary: Cyclone to cause heavy rainfall in Tamil Nadu, Kerala: IMD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com