ADVERTISEMENT

കാവൻ, പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദിലുള്ള മൃഗശാലയിലെത്തിയത് ഒരു കൊച്ചു പെൺകുട്ടിയുടെ ആഗ്രഹം മൂലമാണ്. പഴയ പാക് മിലിട്ടറി ജനറലും ഭരണാധികാരിയുമായിരുന്ന സിയാ ഉൾ ഹക്കിന്റെ മകൾ സെയിനാണ് ആ പെൺകുട്ടി. ചില ടിവി പരിപാടികൾ കണ്ട് ആനകളോട് ഇഷ്ടം വളർന്ന സെയിന് ഒരാനയെ സ്വന്തമാക്കണമെന്ന് ബാല്യസഹജമായ ആഗ്രഹം. മകളെ അതിരറ്റു സ്നേഹിച്ച ശക്തനായ അച്ഛൻ ഒടുവിൽ അതു നടത്തിക്കൊടുക്കുക തന്നെ ചെയ്തു. ശ്രീലങ്കയിലെ പിന്നവാലയിൽ നിന്നു കാവൻ എന്ന ഒരുവയസ്സുകാരൻ കുട്ടിയാന 1985ൽ പാക്കിസ്ഥാനിലെ മർഘാസർ മൃഗശാലയിലെത്തി. പിടിപ്പുകേടിനു പേരുകേട്ട മൃഗശാലയിൽ അവൻ വളർന്നു. ഒടുവിൽ ആ മൃഗശാലയിലെ താരമായി മാറി.

പ്രായഭേദമന്യേ മൃഗശാലയിൽ എത്തിയവർക്കെല്ലാം കാവനെയാണു കാണേണ്ടിയിരുന്നത്. അവൻ തുമ്പിക്കൈ കൊണ്ട് തൊടുമ്പോഴും സല്യൂട്ട് അടിക്കുമ്പോഴുമൊക്കെ മൃഗശാലയിലെത്തിയ ആബാലവൃദ്ധം ജനങ്ങൾ സന്തോഷം കൊണ്ട് ആർത്തു ചിരിച്ചിരുന്നു, പക്ഷേ അവരാരുമറിയുന്നുണ്ടായിരുന്നില്ല കാവന്റെ വേദന. ഉള്ള് ചുട്ടുപൊള്ളുമ്പോഴാണ് അവൻ ആളുകളുടെ വിനോദത്തിനായി പരിശീലകർ പറയുന്ന കോപ്രായങ്ങൾ കാട്ടിയിരുന്നത്. അതു ചെയ്തില്ലെങ്കിൽ മൂർച്ചയുള്ള ലോഹഹുക്ക് മാംസത്തിലേക്ക് തറഞ്ഞു കയറുന്ന വേദന അനുഭവിക്കണം.  മൃഗശാലയിലേക്ക് ആളുകളെ ആകർഷിക്കുന്ന മൃഗം എന്നതിനപ്പുറം, മർഘാസർ മൃഗശാലയിലെ ജീവനക്കാർക്ക് കാവനെക്കുറിച്ച് യാതൊരു പരിഗണനയുമില്ലായിരുന്നു.ഏകാകിയായി കാവൻ വളർന്നു വന്നു.

'World's loneliest elephant' arrives for new life in Cambodia
കാവൻ

∙വിട്ടുപോയ സഹേലി

തൊണ്ണൂറുകളിൽ കാവന്റെ ഒറ്റപ്പെട്ട ജീവിതത്തിൽ ചില്ലറ മാറ്റങ്ങൾ വന്നു. ബംഗ്ലദേശിൽ നിന്നു മൃഗശാലയിലേക്കു കൊണ്ടുവന്ന സഹേലി എന്ന പിടിയാനയായിരുന്നു കാരണം. താമസിയാതെ തന്നെ കാവനും സഹേലിയും നല്ല കൂട്ടായി. എന്നാൽ വർഷങ്ങൾക്കു മുൻപ് സഹേലി മരിച്ചതോടെ കാവൻ വീണ്ടും ഒറ്റയ്ക്കായി. ഹൃദയാഘാതം മൂലമാണ് സഹേലി മരിച്ചതെന്നാണ് അധികാരികളുടെ ഭാഷ്യമെങ്കിലും ജീവനക്കാർ ഇരുമ്പുഹുക്കുകൾ കൊണ്ടു കുത്തുന്നതു പഴുത്ത് വൃണമായാണ് മരിച്ചതെന്നാണു പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ഒരുപാടു കാലം രോഗഗ്രസ്തയായി കഴിഞ്ഞ സഹേലിയുടെ അവസാന കാലത്തെ നില കാവനെ വിഷമിപ്പിച്ചിരുന്നത്രേ. സഹേലി മരിച്ചതോടെ കാവൻ ആക്രമണകാരിയായി. ശരീര ചലനങ്ങൾ കുറഞ്ഞു. എപ്പോഴും മടിപിടിച്ചിരിപ്പായി. മനുഷ്യരെ കാണുന്നത് ഇഷ്ടമില്ല, എപ്പോഴും കാരണമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും തലയാട്ടുകയും ചെയ്യും.ലോകത്തിലേക്കും ഏറ്റവും ഒറ്റപ്പെട്ട ആനയെന്ന പേര് അതോടെ ലഭിച്ച കാവൻ എന്ന ആന പാക്കിസ്ഥാനിലെ മൃഗശാലകളില്‍ മൃഗങ്ങൾ വഹിക്കുന്ന പീഡനത്തിന്റെ നേർച്ചിത്രമായി മാറി. ഒടുവിൽ അവന്റെ കഥ ലോകമറിഞ്ഞു. രാജ്യാന്തര തലത്തിൽ അവനുവേണ്ടി യോഗങ്ങൾ നടന്നു.

Cher
ഷെർ

∙രക്ഷകയായ ‘ഷെർ’

ഇതിനിടെ 2016ലാണു പോപ് ഇതിഹാസവും ഓസ്കർ ജേതാവുമായ ഷെർലിൻ സക്കീസിയൻ അഥവാ ‘ഷെർ’ കാവനെക്കുറിച്ച് അറിയുന്നത്. മൃഗസ്നേഹിയായ ഷെർ ഉടൻ തന്നെ കാവന്റെ മോചനത്തിനായി ഒരു നിയമസംഘത്തെ ഏർപ്പെടുത്തി. കാവന്റെ പ്രശ്നങ്ങൾ ലോകത്തെ അറിയിക്കാനുള്ള  ശ്രമങ്ങൾ ഇവർ ശക്തമായി തുടങ്ങി. കാവനെക്കുറിച്ചുള്ള വിവരങ്ങളും ശ്രമത്തിന്റെ പുരോഗതികളും 38 ലക്ഷം ഫോളോവേഴ്സ് ഉള്ള തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അവർ പങ്കുവച്ചു. ഈ കഥ രാജ്യാന്തര മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തു.

കാവന്റെ മോചനമാവശ്യപ്പെട്ടുള്ള കേസ് ഇതിനിടെ ഇസ്‌ലാമബാദ് ഹൈക്കോടതിയിലെത്തി. മൃഗശാലയുടെ ശോചനീയാവസ്ഥയിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി അത് അടച്ചുപൂട്ടാൻ ഉത്തരവ് കൊടുത്തു. എന്നാൽ കാവന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടർന്നു. ഇതിനിടെ ഷെറിനോടൊപ്പം പാക്കിസ്ഥാനിലെ ചില പരിസ്ഥിതി പ്രവർത്തകരും രാജ്യാന്തര സന്നദ്ധ സംഘടനകളും കാവന്റെ മോചനത്തിനായി അണിചേർന്നിരുന്നു. കാവന്റെ മോചനത്തിനായി പാക്കിസ്ഥാനിലേക്കു നേരിട്ടെത്താനും  പാക്ക് പ്രധാനമന്ത്രി ഇമ്രാൻഖാനുമായി ചർച്ച നടത്താനും ഷെർ തയാറായി.

∙ആനയൊരുക്കം

ഒറ്റപ്പെടലിന്റെയും മാനസിക വൃഥയുടെയും പരകോടിയിലെത്തിയിരുന്ന കാവനെ രക്ഷിക്കാനായി ഒരു പദ്ധതിയാണ് ഇവരുടെയെല്ലാം മുന്നിലുണ്ടായിരുന്നത്. പാക്കിസ്ഥാനിൽ നിന്നും ആനയെ കംബോഡിയയിലെ കുലൻ പ്രോംപ്ടെംപ് എന്ന ആനസംരക്ഷണ കേന്ദ്രത്തിൽ എത്തിക്കുക. അവിടെ മറ്റ് ആനകളുടെ കൂട്ടു ലഭിക്കുന്നതോടെ കാവന്റെ പ്രശ്നങ്ങളെല്ലാം മാറുമെന്നായിരുന്നു അവരുടെ വിശ്വാസം.

എന്നാൽ ഈ പദ്ധതിക്ക് പല പ്രശ്നങ്ങളുമുണ്ടായിരുന്നു. മനുഷ്യരോട് സ്നേഹവും വിശ്വാസവും നഷ്ടപ്പെട്ട കാവനെ വിമാനത്തിൽ കയറ്റി കംബോഡിയയിലെത്തിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്. അവൻ ഇണങ്ങാതെ ആ യാത്ര യാഥാർഥ്യമാകില്ല.

'World's loneliest elephant' arrives for new life in Cambodia
ഡോ അമീർ ഖാലിലിന്റെ കൈകളിൽ തുമ്പിക്കൈ ഇട്ടുരസി യാത്ര പറയുന്ന കാവൻ

∙ഈജ്പ്തിൽ നിന്നു സ്നേഹം

അപ്പോഴാണു ഡോ. അമീർ ഖാലിൽ എന്ന ഈജിപ്തുകാരനായ സന്നദ്ധപ്രവർത്തകൻ രംഗത്തെത്തിയത്. അമീറിന്റെ സ്നേഹപൂർവമായ പെരുമാറ്റത്തിലും പരിചരണത്തിലും കാവൻ തെല്ലൊന്നയഞ്ഞു. തന്റെ പരുക്കൻ ശബ്ദത്തിൽ അമീർ പാടിയ പാട്ടുകൾക്ക് അവൻ ശ്രദ്ധയോടെ ചെവിയോർത്തു. ഒടുവിൽ പാട്ടുകൊള്ളാമെന്ന അർഥത്തിൽ തലയാട്ടി. ഖാലിലിന്റെ കൈയിൽ നിന്നു ഭക്ഷണം കഴിക്കാനും അദ്ദേഹത്തെ തുമ്പിക്കൈ കൊണ്ട് തഴുകാനുമൊക്കെ തുടങ്ങി. കാവൻ ഇണങ്ങിക്കഴിഞ്ഞെന്ന് ടീമംഗങ്ങൾക്കു മനസ്സിലായി. ഒറ്റപ്പെടലാണ് കാവന്റെ പ്രധാന പ്രശ്നമെന്നതും ഈ സംഭവം വെളിവാക്കി. കംബോഡിയയിലേക്കു കൊണ്ടുപോകാനുള്ള നടപടികൾ വൈകാതെ തുടങ്ങി. ഒരു കമ്പിക്കൂടിനുള്ളിൽ കയറ്റി വിമാനമാർഗം അവിടേക്കെത്തിക്കാനാണു ടീമംഗങ്ങൾ പദ്ധതിയിട്ടത്. ഇതിനായി അവർ കാവനു പ്രത്യേക പരിശീലനം നൽകിത്തുടങ്ങി.പ്രവർത്തനങ്ങളോടെല്ലാം കാവൻ നന്നായി പ്രതികരിച്ചു. ലോകത്തെ ആനസ്നേഹികളെല്ലാം അവനായി സമൂഹമാധ്യമങ്ങളിൽ പ്രോൽസാഹനമേകി.

∙ ജംബോ ട്രിപ്പ്

ഒടുവിൽ ഞായറാഴ്ച, 35 വർഷത്തെ നരകതുല്യമായ മൃഗശാല വാസത്തിനു ശേഷം കാവൻ പാക്കിസ്ഥാനിൽ നിന്നു വിമാനം കയറി.സഹോദരതുല്യനായി മാറിക്കഴിഞ്ഞ ഡോ അമീർ ഖാലിലിന്റെ കൈകളിൽ തുമ്പിക്കൈ ഇട്ടുരസി വികാരപരമായി കാവന്‍ യാത്ര പറഞ്ഞത് ഇന്നലെ സമൂഹമാധ്യമങ്ങളിലെ വൈറൽ ചിത്രങ്ങളിലൊന്നായി മാറി.  ഇനി കാവനെ കാത്തിരിക്കുന്നത് കംബോഡിയയിലെ, പത്തുലക്ഷം ഏക്കർ വിസ്തീർണമുള്ള കുലൻ പ്രോംപ്ടെംപ് ആനസംരക്ഷണകേന്ദ്രത്തിലെ പച്ചപ്പും പുതിയ കൂട്ടുകാരുടെ സ്നേഹവുമാണ്. 35 വർഷങ്ങൾക്കു ശേഷം വിരുന്നെത്തുന്ന വസന്തം. ഏതായാലും കാവന്റെ മോചനത്തിൽ ഏറ്റവും വലിയ പങ്കുവഹിച്ച ഷെറും സന്തോഷവതിയാണ്.കാവൻ കംബോഡിയയിലെത്തിയ ശേഷം അവനെ കാണാനായി താൻ നേരിട്ടുപോകുമെന്ന് അവർ പറയുന്നു. 

English Summary: 'World's loneliest elephant' arrives for new life in Cambodia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com