ADVERTISEMENT

യുഎസിലെ യൂട്ട മരുഭൂമിയിൽ കണ്ടെത്തിയ നിഗൂഢ ലോഹസ്തംഭം കഴിഞ്ഞ ദിവസം അപ്രത്യക്ഷമായതിനു പിന്നാലെ റൊമമേനിയയിലെ മലനിരകളിൽ സമാനമായ മറ്റൊരു ലോഹസ്തംഭം കണ്ടെത്തി. യൂട്ടയിൽ ലോഹസ്തംഭം കണ്ടെത്തിയതും അപ്രത്യക്ഷമായതുമെല്ലാം സമൂഹമാധ്യമമങ്ങളിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സമാനമായ സ്തംഭം റൊമേനിയയിൽ പ്രത്യക്ഷപ്പെട്ടത്. വടക്കൻ റോമമേനിയയിലെ ബാക്ട ഡോമ്നെ മലഞ്ചെരുവിലാണ് നാല് മീറ്ററോളം നീളമുള്ള ലോഹസ്തംഭം നവംബർ 26ന് കണ്ടെത്തിയത്.

പിയാട്ര നീമ്ത് നഗരത്തിനു സമീപമാണിത്. ഇതിന്റെ പിന്നിൽ ആരെന്നറിയാനുള്ള അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.ലോഹസ്തംഭം ആരാണ് ഇവിടെ എത്തിച്ചതെന്നോ എന്തിനാണെന്നോ വ്യക്തമല്ല. യൂട്ടയിൽ സ്ഥാപിച്ചതുപോലെ തന്നെയാണ് സ്തംഭം ഇവിടെയും സ്ഥാപിച്ചിരിക്കുന്നത്.  നിരവധിയാളുകൾ ഇവിടെയും ലോഹസ്തംഭത്തെ കാണാനെത്തിയിരുന്നു. നീമ്ത് മേഖലയിലെ പ്രാദേശിക ദിനപത്രമാണ് നിഗൂഢ ലോഹസ്തംഭത്തെക്കുുറിച്ചുള്ള വിവരങ്ങൾ ആദ്യം പുറത്തുവിട്ടത്.

അമേരിക്കയിലെ യൂട്ടയിൽ കണ്ടെത്തിയ ലോഹസ്തംഭത്തിനു പിന്നാലെയായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോകം. യൂട്ടയിലെ വിജനമായ മരുഭൂമി പ്രദേശത്താണ് നവംബർ 18ന്  ലോഹനിർമിതമായ കൂറ്റൻ സ്തംഭം കണ്ടെത്തിയത്. മണ്ണിന് മുകളിലേക്ക് 12 അടിയോളം നീളത്തിൽ ത്രികോണാകൃതിയിലാണ് സ്തംഭം നിന്നിരുന്നത്. ഇതാണ് കഴിഞ്ഞ ദിവസം അപ്രത്യക്ഷമായത്. പിന്നാലെയാണ് റൊമേനിയയിൽ പ്രത്യക്ഷപ്പെട്ട വിവരം പുറത്ത് വന്നത്.

വന്യജീവി വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്നതിനിടെ യാദൃശ്ചികമായി സ്തംഭം കണ്ടെത്തുകയായിരുന്നു. തികച്ചും വിജനമായ മരുഭൂമിയിൽ എങ്ങനെ ഇത്തരമൊരു സ്തംഭമെത്തി എന്നതാണ് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചത്. വന്നതുപോലെ തന്നെ അപ്രത്യക്ഷമായി ഇപ്പോൾ വീണ്ടും ഞെട്ടിച്ചു ‘നിഗൂഢ’ ലോഹസ്തംഭം. അന്യഗ്രഹ ജീവികൾ ഭൂമിയിൽ അവശേഷിപ്പിച്ചു പോയതാവാം ഇതെന്ന രീതിയിലും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. എന്നാൽ സ്തംഭം മണ്ണിൽ കൃത്യമായി ഉറപ്പിച്ച നിലയിലായിരുന്നു. അതിനാൽ ആകാശത്തുനിന്നും  താഴേക്കു പതിച്ചതല്ലെന്ന നിഗമനത്തിലായിരുന്നു ഗവേഷകർ. ഏതെങ്കിലും കലാകാരൻമാരുടെ കാലാസൃഷ്ടിയാകാം ഇതെന്നും അഭിപ്രായം ഉയർന്നിരുന്നു.

Mysterious Metal Monolith In US Desert Reportedly Disappears

തിളങ്ങുന്ന തരത്തിലുള്ള ലോഹം കൊണ്ടാണ് സ്തംഭം  ഈ ലോഹസ്തംഭം നിർമിച്ചിരിക്കുന്നത്. മരുഭൂമിയിൽ  ചുവന്ന പാറക്കെട്ടുകൾക്കുള്ളിലായാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. എന്നാൽ സുരക്ഷ കണക്കിലെടുത്ത് സ്ഥലത്തെക്കുറിച്ചും സ്തംഭം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന ലോഹത്തേക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങൾ  അധികൃതർ പുറത്തുവിട്ടിരുന്നില്ല. എന്നാൽ സാഹസിക സഞ്ചാരികൾ ഗൂഗിൾ മാപ്പുപയോഗിച്ച് സ്ഥലം കണ്ടെത്തി ഇവിടം സന്ദർശിക്കുകയും ലോഹസ്തംഭത്തിനൊപ്പം നിന്ന് ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങളൊക്കെ കാറ്റിൽ പറത്തി നിരവധി സഞ്ചാരികൾ ഇവിടേക്കെത്തിയിരുന്നു. അജ്ഞാതർ വെള്ളിയാഴ്ച രാത്രി തന്നെ ലോഹസ്തംഭം ഇവിടെ നിന്നു നീക്കം ചെയ്തതായി യൂട്ടയിലെ ബ്യൂറോ ഓഫ് ലാൻഡ് മാനേജ്മെന്റ് അധികൃതർക്ക് വിവരം ലഭിച്ചിരുന്നു.

പ്രശസ്ത ഹോളിവുഡ് ചിത്രമായ 2001: സ്പേസ് ഒഡീസിയിൽ കാണുന്ന തരത്തിൽ  ഭൗമേതര ജീവികൾ നിർമിച്ച മോണോലിത്തുകളുമായി യൂട്ടയിൽ കണ്ടെത്തിയ സ്തംഭത്തിന് സാമ്യതകളുണ്ട്. അതിനാൽ സ്പേസ് ഒഡീസിയുടെ ആരാധകരോ അല്ലെങ്കിൽ ഏതെങ്കിലും കലാകാരന്മാരോ നിർമിച്ച സ്തംഭമാവാം ഇതെന്നാണ് നിഗമനം.

സ്തംഭത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വളരെ പെട്ടെന്ന് ജനശ്രദ്ധ നേടിയിരുന്നു ലോകമാകെ പ്രതിസന്ധിയിലായ 2020 എന്ന വർഷം പുനരാരംഭിക്കാനുള്ള ബട്ടൻ ആണിതെന്നും, കോവിസ് 19 നുള്ള വാക്സിൻ സ്തംഭത്തിനുള്ളിലുണ്ടാവാമെന്നുമെല്ലാമുള്ള രസകരമായ പ്രതികരണങ്ങളും സ്തംഭത്തേക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ടായിരുന്നു. അതിനിടയിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്  ‘നിഗൂഢ’ ലോഹസ്തംഭം അപ്രത്യക്ഷമായത്. ഇപ്പോൾ റോമേനിയയിലെ ലോഹസ്തംഭത്തിനു പിന്നിലെ രഹസ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോകം.

Ennglish Summary: Mysterious metal monolith similar to one found in Utah appears on a hillside in Romania

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com