ADVERTISEMENT

കാലംതെറ്റാതെ കടലാമ മുട്ടയിടാനെത്തി. പുന്നയൂർ മന്ദലാംകുന്ന് ബീച്ചിൽ ബുധനാഴ്ച രാത്രിയാണ് ഒലീവ് റിഡ്‌ലി ഇനത്തിലുള്ള കടലാമ കരയ്‌ക്കെത്തിയത്. കടപ്പുറത്തെ മണൽപ്പരപ്പിൽ കുഴിയെടുത്ത് 134 മുട്ട ഇട്ട ശേഷം ആമ കടലിലേക്കു മറഞ്ഞു. മുട്ടകൾ കടലാമ സംരക്ഷണ സമിതി പ്രവർത്തകരായ ഹംസു, കമറുദ്ദീൻ, താഹിർ എന്നിവർ ചേർന്ന് പ്രത്യേകം കെട്ടിമറച്ച കൂട്ടിലേക്കു മാറ്റി. കടലാമ കരയ്ക്കു കയറി മുട്ടയിടുന്നത് കാണാൻ കഴിഞ്ഞു എന്നതും പ്രത്യേകതയാണ്. 

50 ദിവസത്തിനകം ഇവ വിരിഞ്ഞിറങ്ങും. കഴിഞ്ഞ വർഷം ജനുവരി 10നാണ് കടലാമ മുട്ടയിടാൻ കയറിത്തുടങ്ങിയത്. ഫെബ്രുവരി 26 വരെ 1230 മുട്ടകളാണു സംരക്ഷണ സമിതി പ്രവർത്തകർ ബീച്ചിലെ 11 ഇടത്തു നിന്നായി കണ്ടെത്തി കൂട്ടിലേക്കു മാറ്റിയത്. ഇതിൽ 796 കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി. മുൻ വർഷത്തേക്കാൾ കൂടുതലായിരുന്നു ഇത്. ഇതിനു പുറമേ കാപ്പിരിക്കാട് ബീച്ചിൽ ഒരു കുഴിയിലും രാജ ബീച്ചിൽ രണ്ടിടത്തും മുട്ടകൾ കണ്ടെത്തിയെങ്കിലും അവ വിരിഞ്ഞില്ല.

കടലാമ മുട്ടകൾ ആളുകൾ കൊണ്ടുപോകുന്നത് പതിവായതോടെയാണ് വനം വന്യജീവി വകുപ്പ് കടലാമ സംരക്ഷണ സമിതി സജീവമാക്കിയത്. ബീച്ചിൽ പലയിടത്തു നിന്നായി ലഭിക്കുന്ന മുട്ടകൾ ഇവർ പ്രത്യേകം കുഴിയെടുത്ത് അതിലേക്കു മാറ്റും. നായ, കുറുക്കൻ എന്നിവ മാന്തിയെടുക്കാതിരിക്കാൻ ചുറ്റും ഇരുമ്പ് കൂടും കെട്ടും. സമിതി പ്രവർത്തകർക്കു സഹായവുമായി വിൻഷയർ ക്ലബ്ബും രംഗത്തുണ്ട്.

English Summary: Endangered Olive Ridley sea turtles nest in peace at Punnayur beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com