ADVERTISEMENT

കടലിലും കരയിലും മിന്നൽപ്പിണരുകൾ പറന്നിറങ്ങുന്നത് കണ്ടവർ എല്ലാവരും അംഗീകരിക്കുന്ന ഒരു വസ്തുതയുണ്ട്.കടലിൽ വെട്ടുന്ന മിന്നൽപ്പിണരുകൾക്കാണ് കൂടുതൽ മിഴിവും ശക്തിയും തോന്നുക. ഇതെന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പണ്ടു മുതലേ ആളുകൾ ആശ്ചര്യപ്പെട്ടിരുന്നു. ഇപ്പോഴിതാ, ഈ സമസ്യയ്ക്ക് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞനായ മുസ്തഫ അസ്ഫർ.ഇസ്രയേലിലെ റുപ്പിൻ അക്കാദമിക് സെന്ററിലെ ഗവേഷകനാണ് ഇദ്ദേഹം.

കടലിലെ ഉപ്പുരസമുള്ള വെള്ളം– ഇതാണ് കാരണമെന്നാണു മുസ്തഫ പറയുന്നത്. ‘ഭൂമിയുടെ സിംഹഭാഗവും കടലാണെങ്കിലും ഇടിമിന്നലുകളിൽ 90 ശതമാനവും പതിക്കുന്നത് കരയിലാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ കടലിൽ പതിക്കുന്ന 10 ശതമാനം മിന്നലുകൾക്ക് ഭയങ്കര മിഴിവും ശക്തിയുമാണ്. സാധാരണ മിന്നലുകളേക്കാൾ 100 മുതൽ 1000 മടങ്ങ് തിളക്കമുള്ളവയാണ് ഇവ’ മുസ്തഫ പറയുന്നു. ഇതിന്റെ ഗുട്ടൻസ് എങ്ങനെയും തെളിയിക്കണമെന്ന് മുസ്തഫയ്ക്കു തോന്നി.അദ്ദേഹം ഇതിനു വേണ്ടിയുള്ള പരീക്ഷണ ശാല സെറ്റ് ചെയ്തു. ഒരു സ്പാർക് ജനറേറ്റർ,കുറച്ച് ചാലകങ്ങൾ, പിന്നെ ബീക്കറിൽ കുറച്ചുവെള്ളം.നിസ്സാര സാധനങ്ങൾ മാത്രമാണ് പരീക്ഷണത്തിനു വേണ്ടി വന്നത്. ആദ്യമായി സാധാരണ വെള്ളത്തിനു മുകളിൽ സ്പാർക്ക് ജനറേറ്റർ വച്ച് പരീക്ഷിച്ചു. 

Salt May Be Why Oceans Attract Brighter, More Intense Lightning Strikes: Study

മിന്നൽ പോലെയുള്ള സ്പാർക്ക് വെള്ളത്തിലേക്കു വന്നു. തുടർന്ന് ഉപ്പുവെള്ളം പരീക്ഷിച്ചു.അപ്പോഴുണ്ടായ സ്പാർക്കിനു പതിന്മ‍ടങ്ങു ശക്തിയായിരുന്നെന്നു മുസ്തഫ പറയുന്നു. പരീക്ഷണം വിജയിച്ചതു കണ്ട് ആവേശം കൊണ്ട മുസ്തഫ, ഇസ്രയേലിനു സമീപമുള്ള ചാവുകടലിൽ (ഡെഡ് സീ) നിന്നു വെള്ളം ശേഖരിച്ച് ആ വെള്ളത്തിൽ പരീക്ഷണം നടത്തി. ചാവു കടലിലെ വെള്ളത്തിൽ ഉപ്പിന്റെ അംശം വളരെ കൂടുതലാണെന്ന് അറിയാമല്ലോ. അതുകൊണ്ടു തന്നെ അതിന്റെ മുകളിലുണ്ടായ സ്പാർക്കും വളരെ ശക്തമായിരുന്നു. തുടർന്ന് വിവിധ കടലുകളിലെ വെള്ളവും പരീക്ഷിച്ചു.മിന്നലിന്റെ മിഴിവിൽ ഉപ്പിനു ശക്തമായ സ്വാധീനമുണ്ടെന്നു തന്നെയാണ് ഈ പരീക്ഷണങ്ങളും തെളിയിച്ചത്.

എന്തു കൊണ്ടാണ് ഇതു സംഭവിക്കുന്നത്? ഈ ചോദ്യത്തിനും ശാസ്ത്ര‍ജ്ഞരുടെ കൈയിൽ ഉത്തരമുണ്ട്. വെള്ളത്തിൽ ഉപ്പ് പോസിറ്റീവ് , നെഗറ്റീവ് അയോണുകളായി മാറുമല്ലോ. ഇവ വൈദ്യുതിയുടെ വാഹകരുമാണ്. അതിനാൽ തന്നെ കൂടുതൽ ഉപ്പുള്ള വെള്ളം കൂടുതൽ വൈദ്യുതി, മേഘങ്ങളിൽ നിന്നു ക്ഷണിക്കും. മിന്നലിന്റെ മിഴിവും കൂടും. കടലുകളിലെ മിന്നൽ ശാസ്ത്രജ്ഞൻമാരുടെ ഇഷ്ടഗവേഷണ വിഷയങ്ങളിലൊന്നാണ്. ലോകത്തിലെ ഏറ്റവും ശക്തമായ മിന്നലുകൾ മെഡിറ്ററേനിയൻ കടൽ, ജപ്പാനു സമീപമുള്ള കടൽ എന്നിവിടങ്ങളിലാണു കാണപ്പെടുന്നതെന്നാണു ശാസ്ത്രജ്ഞർ മനസ്സിലാക്കിയിരിക്കുന്നത്.

കടലിലെ മിന്നലുകൾ പലപ്പോഴും അപകടമുണ്ടാക്കാറുണ്ട്. ബോട്ടുകളിലും കപ്പലുകളിലുമൊക്കെ ചിലപ്പോൾ മിന്നലുകൾ ഏശാറുണ്ട്. കടലിന്റെ ഉപരിതലത്തിൽ ഏശുന്ന മിന്നലുകൾ പലപ്പോഴും കടലിൽ നീന്തുന്ന ആളുകളുടെയും വെള്ളത്തിന്റെ ഉപരിതലത്തിലുള്ള മത്സ്യങ്ങളുടെയും മറ്റു കടൽജീവികളുടെയുമൊക്കെ മരണത്തിനു കാരണമാകുന്ന അവസ്ഥകളും അപൂർവമല്ല. എന്നാൽ കടലിന്റെ ആഴങ്ങളിലുള്ള ജീവികൾക്ക് വലിയ പ്രശ്നം ഇടിമിന്നൽ കൊണ്ടുണ്ടാകാറില്ല. വെള്ളം ഒരു നല്ല ചാലകവസ്തുവായതിനാൽ മിന്നൽ ഉപരിതലത്തിലൂടെ പരക്കാനാണു കൂടുതൽ സാധ്യതയെന്നതിനാലാണ് ഇത്.

English Summary: Salt May Be Why Oceans Attract Brighter, More Intense Lightning Strikes: Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com