മഞ്ഞിൽ സംരക്ഷിക്കപ്പെട്ടത് അന്‍പതിനായിരം വര്‍ഷം പഴക്കമുള്ള കാണ്ടാമൃഗത്തിന്‍റെ ജഢം; അമ്പരന്ന് ഗവേഷകർ!

A Freakishly Well-Preserved Woolly Rhino Was Plucked From Siberia's Melting Tundra
Image Credit: Valery Plotnikov/The Siberian Times
SHARE

സൈബീരിയന്‍ മേഖലയിലെ മഞ്ഞും മണ്ണും കൂടിക്കലര്‍ന്ന ഭൂവിഭാഗത്തെ ആണ് പെര്‍മാഫ്രോസ്റ്റ് എന്നു വിളിയ്ക്കുന്നത്. ഈ പെര്‍മാഫ്രോസ്റ്റ് മേഖല ഇപ്പോള്‍ ആഗോള താപനത്തെ തുടര്‍ന്ന് തകര്‍ന്നു കൊണ്ടിരിക്കുകയാണ്. മഞ്ഞുരുകുന്നതോടെ മണ്ണിടിച്ചില്‍ രൂക്ഷമാകുന്നതാണ് മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണം. പെര്‍മാഫ്രോസ്റ്റ് മേഖലയുടെ ഈ തകര്‍ച്ച പല വിധ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിനൊപ്പം അത്യപൂര്‍വമായ ചില വിവരങ്ങള്‍ ശാസ്ത്രമേഖലയ്ക്ക് ലഭിക്കാന്‍ കൂടി സഹായിക്കുന്നുണ്ട്. ഇതിലൊന്നാണ് പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ജീവികളുടെ ജീര്‍ണിക്കാത്ത ജഢങ്ങളുടെ ശേഖരം.

സമീപകാലത്തായി റഷ്യന്‍ പ്രവശ്യയില്‍ നിന്ന് ഗുഹാസിംഹങ്ങള്‍ മുതല്‍ ശൈത്യമേഖലയില്‍ ജീവിച്ചിരുന്ന കാണ്ടാമൃഗങ്ങളുടെ വരെ ജീര്‍ണിക്കാത്ത ജഢങ്ങള്‍ കണ്ടെത്തിരിയിരുന്നു. നേരിയ തോതില്‍ മാത്രം കേടുപാടുകള്‍ സംഭവിച്ചിട്ടുള്ള ഈ ജീവികളുടെ ശരീരത്തില്‍ നിന്ന് ഡിഎന്‍എ പോലും സുരക്ഷിതമായ ശേഖരിയ്ക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഇത് വരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും സുരക്ഷിതമായ രീതിയില്‍ മഞ്ഞിനടിയില്‍ സംരക്ഷിക്കപ്പെട്ട ‍വംശനാശം സംഭവിച്ച ജീവിയുടെ ജഢം കൂടി ഗവേഷകര്‍ക്ക് ലഭിച്ചിരിക്കുയാണ്. വൂളി റൈനോസറസ് എന്ന ശൈത്യമേഖലാ കാണ്ടാമൃഗത്തിന്‍റെ വിഭാഗത്തിലുള്ള കുട്ടിയുടേതാണ് ഈ ജഢം. 

ഇതേ വര്‍ഗത്തില്‍ പെട്ട ഒരു മുതിര്‍ന്ന കാണ്ടാമൃഗത്തിന്‍റെ ജഢം നേരത്തെ തന്നെ ഗവേഷകര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ കുട്ടി കാണ്ടാമൃഗത്തിന്‍റെ ശരീരം പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷവും അതേ രൂപത്തില്‍ തുടരുന്നു എന്നതാണ് ഗവേഷകരെ അമ്പരപ്പിക്കുന്ന കാര്യം. ഈ കുട്ടി കാണ്ടാമൃഗത്തിന്‍റെ ശരീരം 80 ശതമാനത്തോളം മരിച്ച സമയത്തുള്ള അതേ രീതിയില്‍ തുടരുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. ഏതാണ്ട് 20000 മുതല്‍ 50000 വര്‍ഷം വരെയാണ് ഈ ജഢത്തിന്‍റെ പഴക്കമെന്നും ഗവേഷകര്‍ കണക്കു കൂട്ടുന്നു. 

കേടുപാടുകള്‍ കൂടുതലും സംഭവിച്ചിരിക്കുന്നത് പുറമേയ്ക്കാണ്. രോമം കുറച്ച് നഷ്ടപ്പെട്ടതും, ചിലയിടങ്ങളില്‍ തോല്‍ അടര്‍ന്ന് പോയതും, പിന്‍കാലുകളുടെ പാദങ്ങള്‍ ദ്രവിച്ചതുമാണ് പ്രധാനമായും സംഭവിച്ച മാറ്റം. അതേസമയം മുഖത്തിന്‍റ ഭാഗവും, ആന്തരിക അവയവങ്ങളുമെല്ലാം കാര്യമായ കോട്ടം തട്ടാതെ തുടരുന്നു എന്നതും കൗതുകകരമായ കാര്യമാണ്. സൈബീരിയയില്‍ നിന്ന് മാത്രമല്ല ലോകത്ത് ഇതുവരെ ഏത് മേഖലയിലും നിന്ന് ലഭിച്ച  ഫോസിലുകളില്‍ ഏറ്റവും സുരക്ഷിതമായ കാണപ്പെട്ട ഫോസിലാണ് ഈ കുട്ടി കാണ്ടാമൃഗത്തിന്‍റേതെന്ന് ഗവേഷകര്‍ നിസ്സംശയം പറയുന്നു. 

പ്രാഥമിക നിഗമനത്തില്‍ മുന്ന് മുതല്‍ നാല് വയസ്സു വരെ പ്രായം ഈ കാണ്ടാമൃഗത്തിന് ഉണ്ടായിരിക്കാമെന്നാണ് കണക്ക് കൂട്ടുന്നത്. അമ്മയില്‍ നിന്ന് വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങിയ സമയത്താണ് മരണം സംഭവിച്ചതെന്നും ഗവേഷകര്‍ കണക്കാക്കുന്നു. വേനല്‍ക്കാലത്ത് മഞ്ഞുരുകിയ സമയത്താണ് ഈ കാണ്ടാമൃഗക്കുട്ടിക്ക് ജീവൻ നഷ്ടമായത്. വെള്ളത്തില്‍ മുങ്ങി മരിച്ചതായാണ് ആന്തരിക അവയവങ്ങളുടെ പരിശോധനയിലൂടെ മനസ്സിലാകുന്നത്. മഞ്ഞുപാളികള്‍ ഉരുകുന്ന സമയത്ത് സംഭവിച്ച ദുരന്തമാകാം ഈ കാണ്ടമൃഗക്കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.

2020 ഓഗസ്റ്റിലാണ് ഈ കാണ്ടാമൃഗത്തിന്‍റെ ജഢം കണ്ടെത്തുന്നത്. തിരത്തിയഖ് നദിയിലെ ഒരു വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു ജഢം മഞ്ഞിനടിയില്‍ പുതഞ്ഞ് കിടന്നിരുന്നത്. പഠനാവശ്യങ്ങള്‍ക്കായി ഗവേഷകര്‍ക്ക്  എത്തിച്ചേരാന്‍ ഏറെ ബുദ്ധിമുട്ടുള്ള പ്രദേശമാണിത്. വേനല്‍ക്കാലത്ത് ബോട്ടിലോ, ഹെലികോപ്റ്ററിലോ മാത്രമേ ഈ പ്രദേശത്തെത്താനാകൂ. ശൈത്യകാലത്ത് മാത്രമേ മേഖലയിലെ റോഡുകള്‍ ഉപയോഗിക്കാനാകൂ. ഈ മേഖലയിലെ ചെറു സമൂഹങ്ങളിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ എത്തിക്കുന്നതും ശൈത്യകാലത്ത് മാത്രമാണ്.

ഏതായാലും അനുകൂലമായ കാലാവസ്ഥയില്‍ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താനാണ് ഗവേഷകരുടെ തീരുമാനം. പ്രദേശത്തു നിന്ന് കാണ്ടാമൃഗത്തിന്‍റെയോ മറ്റ ജീവികളുടേയോ കൂടുതല്‍ ഫോസിലുകള്‍ കണ്ടാത്താന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ കണക്കു കൂട്ടുന്നു. സാരമായ കേടുപാടുകള്‍ പറ്റാത്തതിനാല്‍ ഇത്തരം ഫോസിലുകളില്‍ നിന്ന് ജനിതക ഘടകങ്ങള്‍ വേര്‍തിരിച്ച് വംശനാശം സംഭവിച്ച ജീവികളുടെ ക്ലോണുകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും ശാസ്ത്രലോകത്ത് നടക്കുന്നുണ്ട്. 

English Summary: A Freakishly Well-Preserved Woolly Rhino Was Plucked From Siberia's Melting Tundra

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA