ഭൗമസൂചികാ പദവി സ്വന്തമാക്കിയ തിരൂർ വെറ്റില കൊണ്ട് ഇനി പപ്പടവും!

Tirur betel leaves Papadum
SHARE

തിരൂർ വെറ്റിലയ്ക്ക് നല്ല കാലം വരുന്നു. ഭൗമസൂചികാ പദവി ലഭിച്ചതോടെ നേടിയ രാജ്യാന്തര ശ്രദ്ധയ്ക്കൊപ്പം കൂടുതൽ ജനകീയമാകാനുള്ള അരങ്ങൊരുക്കമാണ് ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. മലപ്പുറം ജില്ലയിൽ തിരൂർ, താനൂർ, തിരൂരങ്ങാടി, കുറ്റിപ്പുറം, മലപ്പുറം, വേങ്ങര പ്രദേശങ്ങളിൽ കൃഷി ചെയ്യുന്ന സവിശേഷതരം വെറ്റിലയാണ് തിരൂർ വെറ്റിലയെന്ന പേരിൽ ഭൗമസൂചികാ പദവി സ്വന്തമാക്കിയത്. ഇരുണ്ട പച്ചനിറവും വലിപ്പവുമുള്ള ലങ്കാ പാൻ എന്ന കണ്ണിവെറ്റിലയുൾപ്പെടെ പാക്കിസ്ഥാനിലെ മുറുക്കുകാരുടെ വരെ മനം കവരുന്നതാണു തിരൂർ വെറ്റിലയിനങ്ങൾ. കാർഷിക സർവകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെല്ലാണ് ഭൗമസൂചികാ പദവിക്കായുള്ള ശ്രമങ്ങൾക്കു നേതൃത്വം നൽകിയത്. 

കൊതിപ്പിക്കുന്ന സുഗന്ധവും ലഹരിയും പകരും ഈ തളിരിലകൾക്ക് അതിർത്തിക്കപ്പുറവും ആരാധകരേറെയുണ്ടായിരുന്ന ഒരുകാലമുണ്ടായിരുന്നു. ഇന്ന് പഴയ പ്രതാപം മങ്ങിയെങ്കിലും  പഴയ പ്രതാപം വീണ്ടെടുക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. തവനൂർ കാർഷിക സർവകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിൽ തിരൂർ വെറ്റില ഉപയോഗിച്ചുള്ള വിവിധ മൂല്യവർധിത ഉൽപന്നങ്ങളാണ് വികസിപ്പിച്ചിട്ടുള്ളത്. വെറ്റില ഉപയോഗിച്ച് നിർമിച്ച പപ്പടങ്ങൾ, അച്ചാറുകൾ, മിഠായികൾ എന്നിവ പരീക്ഷണാടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ചിട്ടുണ്ട്. ഏതൊരു ഉൽപന്നവും തനിമയോടെ വിപണിയിലെത്തിക്കാനും വിൽപന നടത്താനും കഴിഞ്ഞാൽ വെറ്റിലക്കർഷകർക്ക് അത് ആശ്വാസമാകുമെന്നും അതിനുതകുന്ന വിധമാണ് വെറ്റില ഗവേഷണങ്ങൾ നടക്കുന്നതെന്നും ഈ പരിപാടിക്ക് നേതൃത്വം നൽകുന്ന കൃഷിവിദഗ്ധൻ ഡോ. പി.കെ. അബ്ദുൽ ജബ്ബാർ പറഞ്ഞു. തിരൂർ വെറ്റിലയെ ഒരു ബ്രാൻഡ് നെയിമിന് കീഴിലാക്കി മുന്നോട്ടു പോകാനാണ് പദ്ധതി.

Tirur betel leaves Papadum

തിരൂർ വെറ്റിലകൾ ഏറ്റവും കൂടുതൽ കയറ്റി അയച്ചിരുന്നത് പാക്കിസ്ഥാനിലേക്കായിരുന്നു. അറുപതുകളിലും എഴുപതുകളിലും 18 20 മെട്രിക് ടൺ തളിർവെറ്റില തിരൂരിൽനിന്നു ദിവസേന പാക്കിസ്‌ഥാനിലേക്ക് പൊയ്‌ക്കൊണ്ടിരുന്നു. ഇപ്പോഴത് വളരെ കുറഞ്ഞിരിക്കുന്നു. മൂപ്പും ഇരുണ്ട പച്ചയും വലുപ്പവുമുള്ള തിരൂരിന്റെ ലങ്കാ പാൻ എന്നറിയപ്പെടുന്ന കണ്ണിവെറ്റില മറ്റിടങ്ങളിൽനിന്നെത്തുന്നവയെ പിന്നിലാക്കുന്നു. പാക്കിസ്‌ഥാനികൾക്ക് ഇതു മാത്രമേ വേണ്ടൂ...നാവിനു ഹരമേകുന്ന പ്രത്യകതരം എരിവുള്ള ഈ മലപ്പുറം വെറ്റിലയ്‌ക്ക് അപൂർവ രുചിയെന്ന് ചൂണ്ടിക്കാണിക്കുന്ന ഉത്തരേന്ത്യക്കാരും ധാരാളം. 

ജിഐ പദവി 

കണ്ടുപിടിത്തങ്ങൾക്കുള്ള പേറ്റന്റിന് സമാനമാണ് കാർഷിക–കരകൗശല–ഭക്ഷ്യ–പ്രകൃതി വിഭവ മേഖലകളിലെ ബൗദ്ധിക സ്വത്തവകാശം. 2002ൽ ജിഐ (ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻസ്) നിലവിൽ വന്നതിനു ശേഷം കേരളത്തിൽ നിന്നു 23 വസ്തുക്കൾക്കു ഭൗമ സൂചികാ പദവി ലഭിച്ചു. ആറൻമുള കണ്ണാടിക്കാണ് ആദ്യമായി ഭൗതിക സൂചികാ പദവി ലഭിച്ചത്. പ്രത്യേകതയുള്ള കാർഷിക ഇനങ്ങളോ പ്രത്യേക പ്രദേശത്തുമാത്രമുള്ള കൃഷി ഉൽപ്പന്നങ്ങളോ ആണ് ദേശസുചികക്കായി പരിഗണിക്കപ്പെടുന്നത്. പ്രാഥമിക സർവേയും കൃഷിക്കാരുടെ ക്ലസ്റ്റർ രൂപീകരണവും കൂടുതൽ ഗവേഷണവുമെല്ലാം ഇതിനായി ആവശ്യമാണ്. ജിഐ പദവി ലഭിച്ചാൽ പ്രാദേശിക ഉൽപ്പന്നത്തിനു രാജ്യാന്തര മൂല്യം വർധിക്കും. ഇതേ ഉൽപ്പന്നം മറ്റാർക്കും വിപണനം ചെയ്യാനാവില്ല, പ്രത്യേക ബ്രാൻഡായി അംഗീകരിക്കും തുടങ്ങിയ ഗുണങ്ങൾ ഉൽപന്നങ്ങൾക്കു ലഭിക്കും.

English Summary: Tirur betel leaves Papadum

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA