പുഴയെ ശ്വാസംമുട്ടിച്ച് വളരുന്ന പുൽക്കാടുകളും അവ തീയിട്ട് മണൽ വാരുന്ന സംഘങ്ങളും; ഭാരതപ്പുഴ നാശത്തിലേക്ക്

Sand mafia returns to haunt Bharathapuzha
SHARE

ജനപ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും കാണാതെ പോകരുത് നിളയുടെ ഈ ദുരവസ്ഥ. പുഴയെ ശ്വാസംമുട്ടിച്ച് വളരുന്ന പുൽക്കാടുകളും പുൽക്കാടുകൾ തീയിട്ട് മണൽ വാരുന്ന സംഘങ്ങളും ഭാരതപ്പുഴയെ വീണ്ടും നാശത്തിലേക്ക് തള്ളിയിടുകയാണ്. കഴിഞ്ഞ പ്രളയങ്ങളിൽ വൻ മണൽ ശേഖരം ഒഴുകിയെത്തിയതോടെ, പഴയകാല പ്രതാപത്തിലേക്കു പോയ ഭാരതപ്പുഴ കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിലാണു വീണ്ടും കാടുമൂടിയത്.

പുഴയുടെ ഒഴുക്കിനും സ്വാഭാവിക ജലസംഭരണത്തിനും തടസ്സമാകുന്ന പുൽക്കാടുകൾ നീക്കം ചെയ്യാനുള്ള നടപടികൾ ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. നിലവിൽ പേരിനു മാത്രം നീരൊഴുക്കുള്ള പുഴയിലെ ജലത്തെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ വരുന്ന 5 മാസക്കാലം എങ്ങനെ തരണം ചെയ്യുമെന്ന് കണ്ടറിയണം.

എവിടെ ‘താളം നിലയ്ക്കാത്ത നിള’ ?

ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത് ബജറ്റിൽ 5 കോടി വകയിരുത്തിയ പദ്ധതിയാണിത്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പി.ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ 2 വർഷം മുൻപ് കുറ്റിപ്പുറം നിളയോരം പാർക്കിൽ യോഗം ചേർന്നിരുന്നു. ഇതിനുശേഷം തിരുവനന്തപുരത്ത് ചില യോഗങ്ങൾ നടന്നതല്ലാതെ പദ്ധതിക്ക് തുടക്കമായില്ല.

പുൽപരപ്പായി പുഴ... 

വേനലിൽ വറ്റിത്തുടങ്ങിയ ഭാരതപ്പുഴയിൽ വ്യാപിച്ച പുൽക്കാടുകൾ. ഭാരതപ്പുഴയിലെ നീരൊഴുക്കിനും സ്വാഭാവിക ജലസംഭരണത്തിനും തടസ്സമാണ് ഈ പുൽക്കാടുകൾ. പുഴയിലെ പുൽക്കാടുകൾ നീക്കം ചെയ്യുന്ന പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനം പല ഉദ്ഘാടന വേദികളിലും ഉയർന്നിരുന്നു.  പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ റിവർ മാനേജ്മെന്റ് ഫണ്ടിൽ കോടിക്കണക്കിനു രൂപ കെട്ടിക്കിടക്കുന്നുണ്ടെങ്കിലും ഭാരതപ്പുഴയുടെ സംരക്ഷണത്തിനും പുൽക്കാടുകൾ നീക്കുന്നതിനും നടപടി എടുക്കുന്നില്ല.

തടയണം മണലെടുപ്പ്

പുഴയിലെ പുൽക്കാടുകൾ പല ഭാഗങ്ങളിലായി കൂട്ടത്തോടെ കത്തുന്നത് വേനലിലെ പതിവുകാഴ്ചയാണ്. പുഴയിലെ വെള്ളം വറ്റിയാൽ കുറ്റിപ്പുറത്തിനും തവനൂരിനും ഇടയിൽ പല ഭാഗങ്ങളിലായി പുൽക്കാടുകൾ കത്തിയമരാറുണ്ട്. പുൽക്കാടുകൾ കത്തിച്ച് പുഴയുടെ മധ്യഭാഗത്തുനിന്ന് മണൽ വാരുന്ന സംഘങ്ങളാണ് ഇതിനു പിന്നിലെന്ന് നാട്ടുകാർ പറയുന്നു.

ചെക്ക് ഡാമുകൾ എവിടെ?

വേനലെത്തും മുൻപേ വറ്റുന്ന ഭാരതപ്പുഴയിൽ ജലസംഭരണത്തിനായി ചെക്ക് ‍ഡാമുകൾ നിർമിക്കുമെന്ന് കഴിഞ്ഞ വർഷം മന്ത്രി കെ.ടി.ജലീൽ പ്രഖ്യാപിച്ചിരുന്നു. ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിന് അടിയിലാണ് ഡാമുകൾ യാഥാർഥ്യമാക്കുമെന്ന് അറിയിച്ചിരുന്നത്. ഇതിനായി ഇറിഗേഷൻ വകുപ്പ് പ്രാഥമിക പരിശോധനയും നടത്തി. പാലത്തിനടിയിൽ തടയണ നിർമിച്ചാൽ കുറ്റിപ്പുറം, ആനക്കര മേഖലയിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരമാകും. ഡാനിഡ ജലവിതരണ പദ്ധതിക്കും വെള്ളം ലഭിക്കും.

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA