ADVERTISEMENT

കാഴ്ചയിലും വലുപ്പത്തിലും പെരുമ്പാമ്പായോ പെരുമ്പാമ്പിന്‍റെ കുഞ്ഞായോ തെറ്റിധരിച്ചേക്കാവുന്ന അണലി വര്‍ഗമുണ്ട് ആഫ്രിക്കയില്‍. 10 കിലോയോളം തൂക്കവും, ഒന്നര മീറ്ററോളം നീളവും വരുന്ന ഈ അണലി വര്‍ഗം ലോകത്തെ തന്നെ ഏറ്റവും വലുപ്പമേറിയ അണലികളാണ്. ഗബൂണ്‍ വൈപ്പര്‍ എന്നു വിളിക്കുന്ന ഈ അണലി വര്‍ഗത്തിന് ഒട്ടേറെ പ്രത്യേകതകളുമുണ്ട്. ആഫ്രിക്കയിലെ ഏറ്റവും വലുപ്പമേറിയ വിഷപ്പാമ്പും ഈ ഗബൂണ്‍ അണലികള്‍ തന്നെയാണ്. അണലികളിലെ തന്നെ ബിറ്റിസ് ഇനത്തില്‍ പെടുന്നവയാണ് ഗബൂണ്‍ വൈപ്പറുകള്‍.

സഹാറ മേഖലയ്ക്ക് പുറത്തുള്ള എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഈ അണലികളെ കാണാറുണ്ട്. പ്രധാനമായും വന്‍മരങ്ങളുള്ള വനമേഖലയിലും നിത്യഹരിത വനമേഖലയിലുമാണ് ഇവ വസിക്കുന്നത്. മരങ്ങളുടെ ഉണങ്ങിയ ഇലകളോട് അതീവ സാമ്യം പുലര്‍ത്തുന്ന രീതിയിലാണ് ഇവയുടെ ശരീരത്തിന്‍റെ നിറവും ഡിസൈനുകളും. തലയുടെ ആകൃതി പോലും ഇത്തരത്തില്‍ ഉണങ്ങിയ ഇലകള്‍ക്കടിയില്‍ ഒളിച്ചിരിക്കാന്‍ സഹായിക്കുന്ന രീതിയിലാണ്.

വിഷപ്പല്ലിന്‍റെ വലുപ്പം

വിഷപ്പാമ്പുകളെ വച്ച് നോക്കുമ്പോള്‍ കൂട്ടത്തില്‍ വലുപ്പമേറിയ പാമ്പുകളില്‍ ഒന്നാണ് ഗബൂണ്‍ വൈപ്പറുകളും. പക്ഷേ ഇവയേക്കാള്‍ നീളം കൂടിയ രാജവെമ്പാല ഉള്‍പ്പടെയുള്ള വിഷപാമ്പുകളും ഭാരം കൂടിയ ഈസ്റ്റേണ്‍ ഡയമണ്ട് ബ്ലാക്ക് റാറ്റില്‍ സ്നേക്ക് പോലുള്ള വിഷപാമ്പുകളും ഭൂമിയിലുണ്ട്. പക്ഷേ തന്നേക്കാള്‍ ഭാരം കൂടിയവരെയും വലുപ്പം കൂടിയവരെയുമെല്ലാം വിഷപ്പല്ലിന്‍റെ കാര്യത്തില്‍ ഗബൂണ്‍ വൈപ്പറുകള്‍ മറികടക്കും. വിഷപ്പല്ലിന്‍റെ കാര്യത്തില്‍ ലോകറെക്കോര്‍ഡ് തന്നെ സ്വന്തമാക്കിയവരാണ് ഈ ആഫ്രിക്കന്‍ അണലി കുടുംബക്കാര്‍.

this-chunky-snake-has-a-record-breaking-bite1
Image Credit: Bitis gabonica/shutterstock

ഏതാണ്ട് 5 സെന്‍റിമീറ്റര്‍ നീളം വീതമാണ് ഈ ആഫ്രിക്കന്‍ അണലികളുടെ രണ്ട് വിഷപ്പല്ലുകള്‍ക്കുമുള്ളത്. വിഷപ്പല്ലിന്‍റെ കാര്യത്തില്‍ മാത്രമല്ല ഈ വിഷപ്പല്ലില്‍ നിന്നു പുറത്ത് വരുന്ന വിഷത്തിന്‍റെ കാര്യത്തിലും ഒന്നാമത് ഗബൂണ്‍ അണലികളാണ്. ഓരോ തവണ കടിക്കുമ്പോഴും ഏതാണ്ട് 2 ഗ്രാം വിഷമാണ് ഈ അണലി ഇരകളില്‍ കുത്തിവയ്ക്കുന്നത്. മനുഷ്യര്‍ക്ക് വലിയ തോതില്‍ അപകടകരമാണ് ഈ പാമ്പുകളുടെ വിഷം. പക്ഷേ വനത്തിനുള്ളില്‍ നിന്ന് മനുഷ്യര്‍ക്ക് ഇവയുടെ കടിയേറ്റ സംഭവങ്ങള്‍ വളരെ കുറവാണ്. വനത്തിനുള്ളില്‍ ഉണ്ടായതിനേക്കാള്‍ ഇവയെ വളര്‍ത്തുന്നവര്‍ക്കോ, പ്രദര്‍ശനത്തിനുപയോഗിക്കുന്നവര്‍ക്കോ ആണ് കൂടുതലായും കടിയേറ്റിട്ടുള്ളത്.

ഏറ്റവുമൊടുവില്‍ ഗബൂണ്‍ വൈപ്പറിന്‍റെ കടിയേറ്റത് 2019ല്‍ ഒരു കൊറിയന്‍ സ്വദേശിക്കാണ്. ഇന്‍റര്‍നെറ്റിലൂടെ വാങ്ങി അനധികൃതമായി ഗബൂണ്‍ വൈപ്പറിനെ ഓമനിച്ച് വളര്‍ത്തുകയായിരുന്നു ഇയാള്‍. പാമ്പിന്‍റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇയാള്‍ ഒരാഴ്ചയോളം അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഇയാള്‍ക്ക് കടിയേറ്റ ശേഷം ഇപ്പോഴും തുടരുന്ന ശാരീരിക പ്രശ്നങ്ങളും, കടിയേറ്റ മുറിവിന്‍റെ വലുപ്പവും തന്നെ ഈ പാമ്പ് എത്ര അപകടകാരിയാണെന്നതിനു തെളിവാണ്.

ഗബൂണ്‍ വൈപ്പറുകളുടെ ജീവിതശൈലി

എലികളും അണ്ണാനും പക്ഷികളും, തവളകളും പോലുള്ള ചെറു ജീവികളാണ് ഗബൂണ്‍ വൈപ്പറുകളുടെ പ്രധാന ആഹാരം. അപൂര്‍വമായി മുള്ളന്‍പന്നികളെയും, ചെറു മാനുകളെയും വരെ ഇവ ഭക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.  ഭക്ഷണത്തിനു വേണ്ടിയല്ലാതെ മറ്റ് ജീവികളെ ആക്രമിക്കുന്ന സ്വാഭാവം ഈ പാമ്പുകള്‍ക്കില്ല. പൊതുവെ നാണം കുണുങ്ങികളായി ഇവ വേട്ടയാടാത്ത സമയങ്ങളില്‍ ജീവികളെ ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമിച്ച ശേഷം മാത്രമെ ആവശ്യമെങ്കില്‍ വിഷം പ്രയോഗിക്കാറുള്ളൂ. കാട്ടില്‍ വച്ച് മനുഷ്യര്‍ക്ക് ഗബൂണ്‍ വൈപ്പറുകളുടെ കടിയേല്‍ക്കാനുള്ള സാഹചര്യം കുറയുന്നതും ഇതു കാരണമാണ്.

English Summary: This Chunky Snake Has A Record-Breaking Bite

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com