ADVERTISEMENT

കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള വാക്സിനേഷൻ നടപടികൾ പുരോഗമിക്കുന്നതിനിടെ അമേരിക്കയിൽ എട്ട് ഗൊറില്ലകളിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. സാന്റിയാഗോ സഫാരി പാർക്കിലെ ഗൊറില്ലകളിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഗൊറില്ലകൾക്ക് ചുമ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

കലിഫോർണിയ ആനിമൽ ഹെൽത്ത് ആൻഡ് ഫുഡ് സേഫ്റ്റി ലബോറട്ടറി സിസ്റ്റത്തിന്റെ സഹായത്തോടെയാണ് പരിശോധനകൾ നടത്തിയത്. നിലവിൽ രോഗലക്ഷണങ്ങൾ കണ്ട ഗോറില്ലകളിൽ മാത്രമാണ്  വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് എങ്കിലും മറ്റു ഗോറില്ലകളിലും രോഗം ഉണ്ടാവാനുള്ള സാധ്യതയുള്ളതായി അധികൃതർ പറയുന്നു. ഇത് കണക്കിലെടുത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച ഗോറില്ലകളുടെ  സംഘത്തിലുള്ള  മറ്റു ഗൊറില്ലകൾക്കും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച ഗൊറില്ലകളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി. അസുഖ ലക്ഷണങ്ങൾ പ്രകടമാകാത്ത മൃഗശാലയിലെ ഏതെങ്കിലും ജീവനക്കാരിൽ നിന്നുതന്നെയാവാം ഗൊറില്ലകളിലേക്ക്  വൈറസ് പകർന്നതെന്നാണ് നിഗമനം. അസുഖബാധിതരായ ഗൊറില്ലകൾക്ക് പ്രത്യേക പരിചരണം നൽകി വരികയാണെന്നും  എത്രയും വേഗം അവ രോഗമുക്തി നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മൃഗശാലയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലിസ പീറ്റേഴ്‌സണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇതാദ്യമായാണ് മനുഷ്യരിൽ നിന്നും കൊറോണവൈറസ് ഗൊറില്ലകളിലേക്ക് പകർന്നതായുള്ള സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൊറോണ വൈറസ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് മൃഗശാലയിലെ മൃഗങ്ങൾക്ക് രോഗം പകരാതിരിക്കാനായി എല്ലാ നടപടികളും സ്വീകരിച്ചിരുന്നതായും മൃഗശാല അധികൃതർ വ്യക്തമാക്കി.

English Summary: 8 gorillas at San Diego Zoo Safari Park diagnosed with Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com