ADVERTISEMENT

മഹാരാഷ്ട്രയിൽ മുംബൈയും താനെയുമടക്കം അഞ്ച് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജാഗ്രത കർശനമാക്കി. മുംബൈയ്ക്കും താനെയ്ക്കും പുറമേ കൊങ്കണിലെ രത്നഗിരി, മറാഠ്‍‍വാഡയിലെ പർഭണി, ബീഡ് ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പർഭണിയിലെ ഫാമിൽ കഴിഞ്ഞ ദിവസം 900 കോഴികൾ ചത്തത് പക്ഷിപ്പനിബാധയെത്തുടർന്നാണെന്ന് സർക്കാർ സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണിത്. പർഭണി ജില്ലയിലെ മുറുംബ ഗ്രാമത്തിൽ സ്വയം സഹായ സംഘം നടത്തുന്ന ഫാമിലാണ് ഇത്രയേറെ കോഴികൾ ചത്തത്. 

ഒരു കിലോമീറ്റർ ചുറ്റളവിലെ പതിനായിരത്തോളം പക്ഷികളെ കൂട്ടമായി കൊന്നൊടുക്കും. 10 കിലോമീറ്റർ പരിധിയിൽ ജില്ലാ കലക്ടർ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇവിടെ നിന്ന് പക്ഷികളെ മറ്റിടങ്ങളിലേക്കു കൊണ്ടുപോകുന്നത് തടഞ്ഞു. ആളുകളുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാൻ വിദഗ്ധസംഘവും പർഭണിയിൽ ക്യാംപ് ചെയ്യുന്നുണ്ട്. രോഗം സ്ഥിരീകരിച്ച മേഖലകളിൽ ജില്ലാ ഭരണകൂടങ്ങളും, വിവിധ സർക്കാർ വിഭാഗങ്ങളും, മൃഗസംരക്ഷണ, വനം, ആരോഗ്യം എന്നീ വകുപ്പുകളും ജാഗ്രത പുലർത്തുകയാണ്.

സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നലെ സന്ധ്യയ്ക്ക് ഉന്നതതലയോഗം വിളിച്ചിരുന്നു. പക്ഷിപ്പനി പൗൾട്രി ഫാം ഉടമകൾക്കു ബിസിനസിൽ വൻ തിരിച്ചടിയായി. പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനു പിന്നാലെ താനെ മുനിസിപ്പൽ കോർപറേഷൻ കൺട്രോൾ റൂം തുറന്നു. പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തിയാൽ ഉടൻ അറിയിക്കാൻ അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു. കൃത്യമായ അറിയിപ്പുകളും സംശയനിവാരണവും നടത്തി ജനങ്ങളുടെ ആശങ്കകളും ആശയക്കുഴപ്പവും പരിഹരിക്കാൻകൂടി ലക്ഷ്യമിട്ടാണ് കൺട്രോൾ റൂം തുറന്നതെന്ന് അധികൃതർ പറഞ്ഞു. 

കഴിപ്പിൽ കുഴപ്പമില്ല

കോഴിയിറച്ചിയും മുട്ടയും കഴിക്കാൻ മടിക്കേണ്ടതില്ലെന്നും, പാചകം ചെയ്യുന്ന താപനിലയെ അതിജീവിക്കാൻ പക്ഷിപ്പനി വൈറസുകൾക്ക് ആവില്ലെന്നും സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അനൂപ്കുമാർ അറിയിച്ചു. പക്ഷിപ്പനി മനുഷ്യരിലേക്ക് സാധാരണ പടരില്ലെന്നും അപൂർവങ്ങളിൽ അപൂർവമായി മാത്രമേ അത്തരം സംഭവങ്ങൾ ഉണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെയും വ്യക്തമാക്കി.

വിൽപന കുറഞ്ഞു

മുംബൈ നഗരത്തിന്റെ പല മേഖലകളിലും പ്രാന്തപ്രദേശങ്ങളിലും കോഴിയിറച്ചി വിൽപനയിൽ കാര്യമായ കുറവുണ്ടായതായി വിപണിവൃത്തങ്ങൾ പറഞ്ഞു. ആശങ്കപ്പെടേണ്ടെന്ന് അധികൃതർ അറിയിച്ചിട്ടും കോഴിയും മുട്ടയും വാങ്ങുന്നത്  കുറച്ച് ആട്ടിറച്ചിയിലേക്കും മീനിലേക്കും പച്ചക്കറികളിലേക്കും മാറിയവർ ഏറെ. കോഴിയിറച്ചിയുടെ (ഡ്രസ് ചെയ്തത്) വിലയിൽ കിലോഗ്രാമിന് 25 രൂപ വരെ പലയിടങ്ങളിലും കുറഞ്ഞു. 200ൽ നിന്ന് 175 രൂപയായി കുറഞ്ഞ സ്ഥലങ്ങളുണ്ട്. വസായിൽ കോഴിയിറച്ചിക്ക് 20 രൂപ വില കുറഞ്ഞു. കിലോയ്ക്ക് 180 രൂപയായി. കോഴിമുട്ട ഡസൻ 70 രൂപയായിരുന്നത് 66 രൂപയായി.

വസായിൽ ഒരുകിലോ ആട്ടിറച്ചിക്ക് 600 രൂപയായിരുന്നു. ഞായറാഴ്ച മുതൽ  660-700 രൂപ വരെ പലരും ഈടാക്കിത്തുടങ്ങി. ചിക്കൻ വിഭവങ്ങൾക്ക് മലയാളി ഹോട്ടലുകളിൽ ആവശ്യക്കാർ ചെറിയ തോതിൽ കുറഞ്ഞു. ചിക്കൻ കറിയിനങ്ങളുടെ വിൽപനയിൽ 10 – 15 ശതമാനം ഇടിവുണ്ടായപ്പോൾ മീൻ, വെജ് വിഭവങ്ങളുടെ വിൽപന വർധിച്ചതായി ദക്ഷിണ മുംബൈ ഫോർട്ടിലെ മലയാളി ഹോട്ടലുടമ പറഞ്ഞു. മീൻവില വർധിക്കുകയും ചെയ്തു.

English Summary:  Maharashtra On Alert To Deal With Any Situation: Minister Amid Bird Flu Scare 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com