ADVERTISEMENT

സംസ്ഥാനത്ത് കനത്തമഴയും കാറ്റും. തെക്കന്‍ജില്ലകളിലാണ് അതിശക്തമായ മഴ അനുഭവപ്പെടുന്നത്. കടല്‍ക്ഷോഭത്തിനും കാറ്റിനും ഇടയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വരുന്ന രണ്ടു ദിവസം കൂടി കേരളത്തില്‍മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജനുവരിമാസത്തില്‍ ശക്തമായ മഴ പതിവില്ലാത്തതാണ്. എന്നാല്‍ തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം ജില്ലയില്‍ ഒാറഞ്ച് അലര്‍ട്ടും കൊല്ലം, പത്തനംടിട്ട ഇടുക്കി, എറണാകുളം , തൃശൂര്‍  ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരത്തും കൊല്ലത്തും കനത്തമഴ ലഭിക്കുന്നുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വ്യാപകമായി മഴ രേഖപ്പെടുത്തി. ഒറ്റപ്പെട്ട കനത്തമഴക്കും സാധ്യതയുണ്ട്. 

ശ്രീലങ്കക്കുസമീപം രൂപമെടുത്ത അന്തരീക്ഷചുഴിയാണ് മഴക്ക് കാരണമായത്. വരുന്ന രണ്ട് ദിവസം കൂടി മഴ സാമാന്യം ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ചവരെ സംസ്ഥാനമെമ്പാടും പരക്കെ മഴകിട്ടും. മണിക്കൂറില്‍ 55 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. കടല്‍പ്രക്ഷുബ്ധമാണ്. മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനല്‍കി.  

ജനുവരിയിലെ ഇതുവരെയുള്ള മഴയുടെ കാര്യത്തിൽ പത്തനംതിട്ട സംസ്ഥാനത്തു തന്നെ ഒന്നാമത്. ജനുവരി 1 മുതൽ ഇന്നലെ വരെ 9.5 മില്ലീമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് ജില്ലയ്ക്കു കിട്ടിയത് 224 മില്ലീമീറ്റർ മഴ. ഇത് ശരാശരിയിലും 2265 ശതമാനം അധികമാണെന്നു കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. 162 മില്ലീമീറ്റർ ലഭിച്ച കോഴിക്കോട് രണ്ടാമതും 134 മില്ലീ മീറ്റർ ലഭിച്ച കോട്ടയം മൂന്നാമതും നിൽക്കുന്നു. 133 മില്ലീ മീറ്റർ മഴ ലഭിച്ച എറണാകുളമാണു നാലാമത്. സമീപജില്ലയായ ഇടുക്കിയിൽ ലഭിച്ച 95 മില്ലീ മീറ്റർ മാത്രം. നെല്ല് ഉൾപ്പെടെ കാർഷിക മേഖലയെ മഴ തളർത്തുമെങ്കിലും ഒരു പരിധി വരെ വരൾച്ചയെ തടയാൻ ഈ മഴ സഹായകമാകുമെന്നു വിദഗ്ധർ പറയുന്നു.

എന്നാൽ പത്തനംതിട്ട ജില്ലയുടെ പല ഭാഗങ്ങളിലും ഇന്നലെ കനത്ത മഴമഞ്ഞ് അനുഭവപ്പെട്ടു. ഉത്തരേന്ത്യയിലെ അതിശൈത്യത്തെ ഓർമിപ്പിക്കുമാറ് നീരാവി നിലത്തോടു ചേർന്ന് ഉയരുന്നതാണ് ഗ്രൗണ്ട് ഫോഗ് എന്ന മഴമഞ്ഞ്. സാധാരണ തുലാമഴ മാറി മഞ്ഞുകാലം ആഗതമാകുമ്പോഴാണ് പ്രകൃതിയിൽ ഇതു കാണപ്പെടുന്നതെങ്കിലും ഇക്കുറി വ്യത്യസ്ത പ്രതിഭാസമാണ്. പമ്പാ ഡാമിൽ ശേഷിയുടെ 84 ശതമാനത്തോളം വെള്ളമുണ്ട്. ഒരാഴ്ചയായി തുടരുന്ന മഴയിൽ ജില്ലയിലെ നദികളും സജീവമായി. ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ മിന്നലിനു സാധ്യതയുള്ളതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

English Summary: Heavy Rains to Lash South India; Orange, Yellow Alert Issued Over Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com