ADVERTISEMENT

യുഎസ് തിരഞ്ഞെടുപ്പും തുടർന്നുണ്ടായ സംഭവങ്ങളും ഇതുവരെ കെട്ടു തീർന്നില്ല. നിലവിലെ യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിനെ അനുകൂലിക്കുന്നവർ യുഎസ് കാപ്പിറ്റോൾ മന്ദിരത്തിനകത്തു കയറിയതും തുടർന്നുണ്ടായ പൊട്ടിത്തെറികളുമൊക്കെ നൊടിയിടയിൽ ശ്രദ്ധേയമായി. എന്നാൽ അത്ര ശ്രദ്ധേയമാകാത്ത മറ്റൊരു സംഭവം കൂടി ഇതിനിടെ നടന്നു. ഒരു മാനറ്റിമായി ബന്ധപ്പെട്ടുണ്ടായതാണ് ഈ സംഭവം. സംഭവം ഇത്രയുമാണ്. ഫ്ലോറിഡയിലെ ഹോമോസ നദിയിൽ കണ്ടെത്തിയ ഒരു മാനറ്റിയെ കണ്ടവർ ഞെട്ടി. അതിന്റെ പുറത്ത് ആരോ ‘ട്രംപ്’ എന്നു പെയിന്റിൽ എഴുതി വിട്ടിരിക്കുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും തുടർന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. ഇതെത്തുടർന്ന് നമ്മുടെ മാനറ്റിയെ യുഎസ് വന്യജീവിവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കു വിധേയമാക്കി. തുടർന്ന് ഇതാരാണ് ചെയ്തതെന്നുംഅവർ അന്വേഷിക്കാൻ തുടങ്ങി. മാനറ്റി യുഎസിൽ നിയമത്താൽ സംരക്ഷിക്കപ്പെടുന്ന ജലജീവിയാണ്. ഇവയെ ഉപദ്രവിക്കുന്നത് ഒരു വർഷം തടവും 35 ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്.

∙കടലിലെ മെല്ലപ്പോക്കുകാരൻ

വിശപ്പിനു പേരുകേട്ട സസ്യാഹാരികളായ ജലജീവിയാണ് മാനറ്റി. എട്ട് അടി മുതൽ 13 അടി വരെ നീളത്തിൽ വളരുന്ന ഇവയുടെ പ്രായം 40 വയസ്സ് വരെയാണ്.ഇവ സസ്തനികളുമാണ്.ആഫ്രിക്ക, അമേരിക്കൻ വൻകരകൾ എന്നിവിടങ്ങളിലെ കടലിലും പ്രധാനനദികളിലുമൊക്കെ ഇവയെ കാണാം. വളരെ ചെറിയ വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ ജലജീവികളിലെ മെല്ലെപ്പോക്കുകാരനായാണ് മാനറ്റികൾ അറിയപ്പെടുന്നത്. ഇതിനാൽ തന്നെ പലപ്പോഴും പല അപകടങ്ങളിലും മീനുകൾക്കായുള്ള കെണികളിലുമൊക്കെ കടൽപ്പശുക്കൾ ചെന്നു ചാടാറുണ്ട് . ഒന്നുകിൽ ഏകനായോ അല്ലെങ്കിൽ ചെറുഗ്രൂപ്പുകളായോ ആണ് ഇവ യാത്ര ചെയ്യുന്നത്. വെള്ളത്തിനുള്ളിൽ വച്ചുതന്നെയാണ് ഇവയുടെ ജനനം. അമ്മയുടെ മുലപ്പാൽ കുഞ്ഞുങ്ങൾ കുടിക്കും. വെള്ളത്തിലെ പുല്ലുകൾ, പായൽ, ആൽഗെ തുടങ്ങിയവയാണ് ഇവയുടെ പ്രധാനഭക്ഷണം.നല്ല ഭക്ഷണപ്രിയനാണ് ഈ ജീവി. ഒറ്റയിരുപ്പിൽ ശരീരത്തിന്റെ പത്തിലൊന്നു ഭാരം ഭക്ഷണം ഇവ അകത്താക്കും. മാനറ്റികൾ ആരെയും ആക്രമിക്കാത്ത പാവം ജീവികളാണ്. ഇവർ താമസിക്കുന്ന മേഖലയിൽ ഇവർക്ക് പറയത്തക്ക ശത്രുക്കളോ വേട്ടക്കാരോ ഇല്ല. ഇവയുടെ ഏറ്റവും വലിയ ശത്രുവും വേട്ടക്കാരനും മനുഷ്യനാണെന്നു തന്നെ പറയാം.

ഒരു കാലത്ത് അമേരിക്കൻ വൻകരകളിലെ ആളുകളുടെ ഇഷ്ടവിഭവമായിരുന്നു മാനറ്റികൾ .മധ്യഅമേരിക്കൻ രാജ്യമായ ബെലൈസിലെ സാൻ പെഡ്രോയിലുള്ള ഗ്രാമങ്ങളിൽ ഇവയെ വേട്ടയാടുന്നവർക്കു ഹീറോ പരിവേഷം ലഭിച്ചിരുന്നു. ഏകദേശം 1960 കാലഘട്ടം വരെയൊക്കെ ഇതു നീണ്ടു നിന്നു. മത്സ്യമായിരുന്നു സാൻപെഡ്രോയിലെ പ്രധാന ആഹാരം. കടൽജീവിയാണെങ്കിലും ഇവയുടെ മാംസത്തിനു മത്സ്യത്തിനോടല്ല, മറിച്ച് പോർക്കിനോടാണു സാമ്യം. വ്യത്യസ്തമായ രുചിയുള്ള മാംസം ഭക്ഷിക്കാനുള്ള അവസരമായിരുന്നതിനാൽ ഇവയെ വേട്ടയാടുന്നത് സാൻ പെഡ്രോയിലെ വലിയ ആഘോഷമായിരുന്നു. മാനറ്റിയെ കിട്ടിയാ‍ൽ കടലിൽ നിന്നു തന്നെ മത്സ്യത്തൊഴിലാളികൾ കരയിലേക്കു സന്ദേശം അയയ്ക്കും. പിന്നെ സാൻ പെഡ്രോയിൽ ഒരുക്കമാണ്. 

രണ്ടു ദിവസത്തോളം ഇവിടുള്ളവർ ഈ മാംസമാകും കഴിക്കുക. ഇവിടെ മാത്രമല്ല, ബ്രസീലിലും മറ്റു ചില തെക്കനമേരിക്കൻ രാജ്യങ്ങളിലും ദ്വീപുകളിലുമൊക്കെ ഇവ ഒരു അസുലഭ വിഭവമായിരുന്നു. ഇതു മൂലം ഇവയ്ക്കു വംശനാശഭീഷണി ഉടലെടുത്തതോടെ ആഗോളതലത്തിൽ ഇവയെ സംരക്ഷിത ജീവിവർഗമായി പ്രഖ്യാപിച്ചു. ഇതിനു ശേഷം നേരിട്ടുള്ള വേട്ടയാടൽ കുറഞ്ഞു. ഫലമായി, ഫ്ലോറിഡ മാനറ്റി എന്നറിയപ്പെടുന്ന യുഎസ് തീരങ്ങളിൽ കാണപ്പെടുന്ന മാനറ്റികളുടെ എണ്ണം കൂടി. പൊതുവേ പിന്നീട്  സുരക്ഷിതത്വം വന്നെങ്കിലും ഇന്നും അനധികൃതമായി ഇവയെ വേട്ടയാടുന്നവർ ഉണ്ട്.

English Summary: Manatee harassment under investigation after the word 'Trump' was found on an animal's back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com