ADVERTISEMENT

ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ കണ്ണിനുള്ളിൽ  വളരുന്ന രോമങ്ങളുമായി ജീവിക്കുന്ന  മാനിനെ  അമേരിക്കയിലെ ടെന്നെസെയിൽ കണ്ടെത്തി. ഫരഗറ്റ്  നഗരത്തിലാണ് ഇരു കണ്ണുകളിലും ഇടതൂർന്നു രോമങ്ങൾ വളരുന്ന വൈറ്റ് ടെയിൽ ഇനത്തിൽപ്പെട്ട മാനിനെ കണ്ടെത്തിയത്. ഇരു കണ്ണുകളുടെയും കൺപടലത്തിൽ നിന്നുമാണ് രോമങ്ങൾ  വളരുന്നത്.

കോർണിയൽ ഡെർമോയിഡ്സ് എന്ന അപൂർവ രോഗാവസ്ഥ മൂലമാണ് മാനിൻറെ കണ്ണുകളിൽ രോമം വളരുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ടെന്നെസെയിൽ തന്നെ വൈറ്റ് ടെയിൽ ഇനത്തിൽപ്പെട്ട മറ്റൊരു മാനിനും ഇതേ രോഗം ബാധിച്ച നിലയിൽ മുൻപ് കണ്ടെത്തിയിട്ടുള്ളതായി നാഷണൽ ഡിയർ അസോസിയേഷൻ പുറത്തിറക്കുന്ന ജേർണലായ വൈറ്റ്ടെയിൽസ് മാഗസിനിൽ പറയുന്നു.

കണ്ണുകളിൽ ഇടതൂർന്നു രോമം വളർന്ന നിലയിലാണെങ്കിലും മാനിന് ഇരുട്ടും വെളിച്ചവും തിരിച്ചറിയാൻ സാധിക്കും. എന്നാൽ മറ്റു വസ്തുക്കൾ വ്യക്തമായി കാണാനുള്ള കഴിവിവില്ലെന്ന് ടെന്നെസെ വൈൽഡ് ലൈഫ് റിസോഴ്സ് ഏജൻസിയിലെ ജീവ ശാസ്ത്രജ്ഞനായ സ്റ്റെർലിങ്സ് ഡാനിയേൽസ് പറയുന്നു. കണ്ണിനു മുകളിൽ  അധികം കട്ടിയില്ലാത്ത ഒരു തുണി ഉപയോഗിച്ച് മൂടുന്നതിന് സമാനമായിരിക്കും മാനിന്റെ കാഴ്ച്ച എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗർഭാവസ്ഥയിൽ വച്ചുതന്നെ മാനിന് ഈ രോഗബാധ  ഉണ്ടായിരുന്നിരിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സുതാര്യമായ കൺപടലത്തിനുപകരം അതേ സ്ഥാനത്ത് രോമകൂപങ്ങൾ  ഉള്ള  ത്വക്കാണ് മാനിനുള്ളത്. കണ്ണിനുള്ളിലെ രോമങ്ങൾക്ക് ശരീരത്തിലെ രോമങ്ങളുടെ നിറം തന്നെയാണ്. എന്നാൽ രോമവളർച്ചയുള്ള കൺപടലത്തിന് പിന്നിലെ മറ്റു ഭാഗങ്ങളെല്ലാം സാധാരണ നിലയിൽ തന്നെ ആയിരിക്കും.

ഇതേ രോഗാവസ്ഥ മനുഷ്യരിലും ഉണ്ടാകാറുണ്ട്. എന്നാൽ അത് അപൂർവങ്ങളിൽ അപൂർവം മാത്രമാണ്.  ഈ രോഗം ബാധിച്ചാൽ   രോമങ്ങൾ നീക്കം ചെയ്യാനുള്ള ചികിത്സകൾ നിലവിലുണ്ട്. എന്നാൽ രോമങ്ങൾ നീക്കം ചെയ്താലും രോഗബാധിതരുടെ കാഴ്ചയിൽ പുരോഗതി ഉണ്ടാവാറില്ല.

നഗരത്തിൽ കണ്ടെത്തിയ മാനിന് ഏകദേശം ഒരു വയസ്സ് പ്രായമുണ്ട് എന്നാണ് കണക്കാക്കിയിരിക്കുന്നത്. കണ്ണിലെ രോഗത്തിന് പുറമേ എപ്പിസൂട്ടിക് ഹെമറേജിക് എന്ന രോഗവും മാനിനുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കോശങ്ങളിൽ നീരു വയ്ക്കുന്നതിനു പുറമേ ഈ രോഗബാധിതരായ മൃഗങ്ങൾക്ക് മനുഷ്യരോട് ഭയം ഉണ്ടായിരിക്കില്ല. ഇതുമൂലമാണ് മനുഷ്യ സാന്നിധ്യമുണ്ടായിട്ടും മാൻ തെരുവിലേക്കെത്തിയതെന്നാണ് നിഗമനം.

English Summary: Deer Developed Hairy Eyeballs Due to Rare, Bizarre Condition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com