ADVERTISEMENT

ലോകത്താകമാനം 200 മില്യൺ തെരുവുനായ്ക്കളുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ഈ കണക്കിൽ ആദ്യ പത്തിലുണ്ട് നമ്മുടെ രാജ്യം. എന്നാൽ ആ പട്ടികയിൽ ഇല്ലാത്ത രാജ്യവുമുണ്ട്. തെരുവുനായ്ക്കളില്ലാത്ത രാജ്യം എന്ന പ്രഖ്യാപനം 2020ൽ നടത്തിയ രാജ്യമാണ് നെതർലൻഡ്സ്. നമ്മുടെ രാജ്യം പരീക്ഷിച്ച രീതി തന്നെയാണ് അവിടെയും പയറ്റിയത്. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി വാക്സീനും കുത്തിവച്ച് തിരിച്ചുവിടുക. പക്ഷേ, കൃത്യമായി മാനദണ്ഡങ്ങൾ പാലിച്ച് പദ്ധതി നടപ്പാക്കിയതോടെ തെരുവുനായ്ക്കളെന്ന ശല്യം ഇല്ലാത്ത രാജ്യമായി അത്. അതേ മാതൃക പരീക്ഷിച്ച നമ്മുടെ കേരളത്തിലെ സ്ഥിതി തിരിച്ചാണ്. പദ്ധതി നടത്തിപ്പിലെ അലംഭാവവും മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നതിന്റെ ആനുകൂല്യങ്ങളുമെല്ലാം ഗുണമായത് തെരുവുനായ്ക്കൾക്കാണ്.

കണ്ണൂരിൽ തെരുവുനായ്ക്കൾ പെരുകുന്നതിനു പുറമേ ഇവയുടെ ആക്രമണ സ്വഭാവം ശക്തമാകുന്നതാണ് പുതിയ തലവേദന. രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ തെരുവുനായ്ക്കളുടെ കടിയേറ്റത് എഴുപതോളം പേർക്കാണ്. ഇതിൽ നായയുടെ കടിയേറ്റ് പേടിച്ച് കടലിൽ ചാടിയ വിദേശ വനിതയും ഉൾപ്പെടുന്നു. ആശങ്കകളോടെയാണ് കണ്ണൂരിന്റെ തെരുവുകളിൽ മനുഷ്യർ സഞ്ചരിക്കുന്നത്. എന്നാൽ രാജകീയഭാവത്തോടെയാണ് നായ്പ്പടകളുടെ വിളയാട്ടം. ഇരുട്ടായി തുടങ്ങിയാൽ പിന്നെ പത്തും ഇരുപതും നായ്ക്കൾ ചേർന്നുള്ള സംഘം ഓരോ തെരുവുകളും കീഴടക്കി നടക്കും. നഗരകേന്ദ്രങ്ങളിൽ പോലും ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്നത് നായ്ക്കൾക്ക് സഹായകമാകുന്നുണ്ട്. ആക്രമണഭീതി പൂണ്ട് നായ്ക്കളെ ആക്രമിക്കുന്ന പ്രവണതയും കൂടുന്നുണ്ട്. കൊച്ചുകുട്ടികൾക്കു പോലും തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു.

കഴിഞ്ഞ ദിവസം കണ്ണൂർ തോട്ടട ബീച്ചിൽ നടക്കാനിറങ്ങിയപ്പോഴാണ് യുഎസ് സ്വദേശിനി സ്ട്രീറ്റ്യ്ക്ക് തെരുവുനായയുടെ കടയേറ്റത്. ‘തിങ്കളാഴ്ച രാവിലെ തോട്ടട ബീച്ചിലേക്കു പോവുകയായിരുന്നു. താഴെയെത്തിയപ്പോൾ തെരുവു നായ്ക്കൾ‍ പിന്തുടരുന്നതു കണ്ടു. എനിക്കു നായ്ക്കളെ പേടിയില്ല. ആദ്യം നായ്ക്കൂട്ടത്തിലെ ഒരെണ്ണം എന്റെ നേരെ വന്നു. ഞാൻ തനിച്ചായിരുന്നു. ഓടാൻ സാധിക്കും മുൻപ് ഇടതു കാലിൽ കടിച്ചു. കയ്യിലെ ടവൽ വീശിയെങ്കിലും നായ്ക്കൂട്ടം പിന്തുടർന്നു. രണ്ടു തവണ കടിയേറ്റു. കടലിന്റെ ഭാഗത്തേക്ക് ആദ്യം ഓടി. പിന്നീടു സമീപത്തെ പാറക്കെട്ടിലേക്കു കയറി രക്ഷപ്പെടുകയായിരുന്നു’, സ്ട്രീറ്റ പറഞ്ഞു.

കണ്ണൂർ നഗരത്തിന്റെ എടുത്തുപറയേണ്ട അടയാളമായ പയ്യാമ്പലം ബീച്ചും ഏറ്റവുമധികം പേർ വന്നു പോകുന്ന റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡിലുമൊക്കെ കാവലാണു തെരുവുനായ്ക്കൾ. നഗരത്തിന്റെ വിവിധ മേഖലകളിൽ കുമിഞ്ഞു കൂടുന്ന മാലിന്യവുമായാണു പകൽ പോരാട്ടം. പകൽ വെളിച്ചത്തിന് ഇരുൾ വീഴുന്നതോടെ, ഇവരുടെ ശൗര്യം കൂടും. പകൽ കാണുന്ന ശാന്ത സ്വഭാവം പിന്നെയില്ല. പോകുന്ന വാഹനത്തിനു നേരെയും കാൽനടയാത്രക്കാർക്കു നേരെയും ഗൗരവക്കാരായി ഓടിയടുക്കും. പലയിടത്തും അപകടത്തിനു കാരണമാകുന്നതും ഈ നായ്ക്കൂട്ടം തന്നെയാണ്.

നഗരത്തിൽ തെരുവുനായക്കൂട്ടം ആട്ടിൻകുട്ടിയെ കടിച്ചുകീറിക്കൊന്നിരുന്നു. പലയിടത്തും കോഴിക്കൂടുകൾ തകർത്ത് കോഴികളെ കൊല്ലുന്നുമുണ്ട്. മനുഷ്യർക്കു പുറമേ, മൃഗങ്ങൾക്കും കടുത്ത ഭീഷണിയാകുകയാണ് നായ്ക്കൂട്ടം. അനിമൽ ബെർത്ത് കൺട്രോൾ പരിപാടി സജീവമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയാറായില്ലെങ്കിൽ നാട്ടുകാരുടെ ജീവനും ഭീഷണിയാകും.

English Summary: No let-up in dog-bite cases in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com