ADVERTISEMENT

മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരിയുടെ ഓർമയി‍ൽ സംസ്ഥാനത്തെ 100 കലാലയമുറ്റങ്ങളിൽ ഇനി നാട്ടമാവുകൾ പടർന്നുപന്തലിടും. പ്രകൃതിയെയും മരങ്ങളെയും സ്നേഹിക്കാൻ മലയാളികളെ പഠിപ്പിച്ച സുഗതകുമാരിയുടെ പേരിൽ  കേരളത്തിലെ 100 ക്യാംപസുകളിൽ നാട്ടുമാന്തോപ്പുകൾ നിർമിക്കാൻ സംസ്ഥാന കൃഷി വകുപ്പ് പദ്ധതി ആരംഭിച്ചു. തൃശൂർ കുട്ടനെല്ലൂർ ഗവ. കോളജ്  ക്യാംപസിലാണ് ആദ്യത്തെ സുഗതകുമാരി മാന്തോപ്പ് ഒരുങ്ങുന്നത്തിന്റെ ഉദ്ഘാടനം കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിച്ചു. ഇതിന്റെ ആദ്യ ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി10000 തൈകൾ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കരിമ്പം കൃഷി ഫാമിൽ തയാറാക്കി. 100 ഇനം നാട്ടുമാവുകൾ നട്ടു പരിപാലിക്കാൻ സാധിക്കുന്ന, സർക്കാർ ഉടമസ്ഥതയിലുള്ളതോ അല്ലാത്തതോ ആയ 100 ക്യാംപസുകളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത് . 

കണ്ണൂർ ജില്ലയിലെ കണ്ണപുരം പഞ്ചായത്തിലെയും  സമീപ പഞ്ചായത്തുകളിലെയും മുപ്പതോളം പുരയിടങ്ങളിൽ നിന്നായാണ് പദ്ധതിക്കാവശ്യമായ നൂറിനം മാവുകളുടെ ഒട്ട് കമ്പുകൾ (സയോൺ) ശേഖരിച്ചത്. നാട്ടുമാവ് പൈതൃക പ്രദേശമായി  പ്രഖ്യാപിക്കപ്പെട്ട കണ്ണപുരം ചുണ്ട കുറുവക്കാവ് പരിസരത്തു നിന്നാണ് തൈക്കൾക്കുള്ള  കമ്പുകൾ ശേഖരിച്ചത്. നാട്ടുമാവ് സംരക്ഷണ പ്രവർത്തകനും സീനിയർ സിവിൽ പോലീസ് ഓഫീസറുമായ കണ്ണപുരം സ്വദേശി ഷൈജു മാച്ചാത്തി പ്രവർത്തനത്തിനു നേതൃത്വം നൽകി. ഷൈജുവും സംഘവും നടത്തിയ പഠനത്തിൽ കണ്ടെത്തിയ ഇരുനൂറോളം ഇനങ്ങളിൽ നിന്നാണ്  ഈ 100 ഇനം തിരഞ്ഞെടുത്തത്. 

ഇതിനകം കണ്ടെത്തിയ ഇരുപതോളം കടുക്കാച്ചി ഇനങ്ങളിൽ സുന്ദരി കടുക്കാച്ചി , സിന്ദൂര പുളിയൻ കടുക്കാച്ചി, അമ്മിക്കൊത്തൻ കടുക്കാച്ചി, തോലും കൊരട്ട കടുക്കാച്ചി, ആനപ്പള്ളി പ്രഥമൻ കടുക്കാച്ചി, വടക്കൻ മധുര കടുക്കാച്ചി തുടങ്ങി പത്തോളം കടുക്കാച്ചി ഇനങ്ങളും, മൊരം കട്ടിനാര്പുളിയൻ, നാരൻ മാങ്ങ, മഞ്ഞച്ചേരിയൻ തുടങ്ങി നിരവധി ചേരിയൻ ഇനങ്ങളും ഏറെ സ്വാദിഷ്ടമായ ഉണ്ടക്കൽക്കണ്ടം, തേനുണ്ട, ചെമ്പൻ മധുരം, മുട്ടി ചോപ്പൻ, പുതുക്കുടി പഞ്ചാര, കണിച്ചേരി ചക്കര, കൈത മധുരം , നാനാടി മധുരം തുടങ്ങി പത്തിലധികം ശർക്കര മാവുകളും, പവിഴ രേഖ, സിന്ദൂരരേഖ ,നമ്പീശൻ മാങ്ങ തുടങ്ങി വാണിജ്യ സാധ്യതയുള്ള ഇനങ്ങളും മൂവാണ്ടൻ, കുറ്റ്യാട്ടൂർ / കണ്ണപുരം, കോമാങ്ങ, കുറുക്കൻ മാങ്ങ, കാലപ്പാടി, മുണ്ടപ്പ തുടങ്ങി പേരുകേട്ട ഇനങ്ങളുമടക്കം ഏറെ വൈവിധ്യം നിറഞ്ഞതാണ് സുഗതകുമാരി മാന്തോപ്പിലെ നാട്ടുമാവുകൾ.

English Summary: Planting Mango Tree saplings in memory of Sugathakumri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com