നദിക്കായി സമർപ്പിച്ച ജീവിതം; പമ്പയുടെ പോരാളി ഇനി പ്രശാന്തമായ ഓർമ

HIGHLIGHTS
  • എല്ലാനദികളെക്കാളും ഞാൻ പമ്പയെ പ്രണയിക്കുന്നു എന്നു പറയാതെ പറഞ്ഞ എൻ.കെ സുകുമാരൻ നായർ ഇനി ഒഴുകിവരാത്ത സ്മരണ
Environmentalist NK Sukumaran Nair passes away
SHARE

പത്തനംതിട്ട ∙ പ്രശസ്ത നോവലിസ്റ്റ് വിക്ടർ ഹ്യൂഗോ എഴുതി: Of all rivers I love most the Rhine . എൻ. കെ സുകുമാരൻ നായരുടെ ആദ്യ പുസ്തകത്തിൽ ഈവരികൾ ഇടം പിടിച്ചതിനു കാരണമുണ്ട്. സാൽമൺ മത്സ്യങ്ങൾ തിരികെ വന്ന് റൈൻ നദിയുടെ പുനർജനി യൂറോപ്പിൽ പുതിയ പാരിസ്ഥിതിക അവബോധം സൃഷ്ടിച്ചു. ഇതേ മാതൃകയിൽ പമ്പയിലൂടെ കേരളത്തിന്റെ പരിസ്ഥിതി തിരികെ പിടിക്കുക എന്നതായിരുന്നു എൻ. കെ. എസിന്റെ ജീവിതലക്ഷ്യം. എല്ലാനദികളെക്കാളും ഞാൻ പമ്പയെ പ്രണയിക്കുന്നു എന്ന് അദ്ദേഹം പറയാതെ പറയുകയായിരുന്നു.

നദീ സർവകലാശാലയുടെ ഗ്രാമീണ വൈസ്ചാൻസലർ 

പമ്പയെ ഒരേസമയം ഒരു സർവകലാശാലാശാലയായും അതേസമയം, മാതൃസ്നേഹത്തിന്റെ മടിത്തട്ടായും കണ്ട് അതിൽ മുങ്ങിനിവരുന്നതിൽ സാഫല്യവും ഒടുവിൽ സായൂജ്യവും തേടിയ പരിസ്ഥിതി പ്രവാചകനായിരുന്നു സുകുമാരൻ നായർ. നദിയുടെ ഒഴുക്ക്, തീരസംരക്ഷണം, ജൈവവൈവിധ്യം, മത്സ്യഗവേഷണം, ഉപ്പുവെള്ളം, കബാംബാ  അധിനിവേശ സസ്യം, മണലിന് ബദൽ, സംസ്കാരം,  ഭരണഘടനയിലെ ജീവന്റെ സംരക്ഷണം ഉറപ്പു തരുന്ന ആർട്ടിക്കിൾ 21, ജലനിയമങ്ങൾ തുടങ്ങി അനേകം വിഷയങ്ങളിലൂന്നി വിവരങ്ങളും പഠനങ്ങളും സമാഹരിച്ച് പൂവത്തൂരിൽ തുറന്ന പരിസ്ഥിതി വിജ്ഞാന കേന്ദ്രം ഇന്ത്യയിലെ തന്നെ ആദ്യ ഗ്രാമീണ നദീ സർവകലാശാലയായിരുന്നു. 

ഇവിടെ ഒട്ടേറെ പിഎച്ച് ഡി വിദ്യാർഥികൾക്ക് എൻകെഎസ് ഗൈഡായി. വരുംതലമുറകൾക്കായി പുഴയെ കാത്തുരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കെല്ലാം പ്രതീക്ഷയേകി ഈ കടത്തുകാരൻ. ഹെർമൻ ഹെസെയുടെ സിദ്ധാർഥ എന്ന നോവലിൽ ഇങ്ങനെ പറയുന്നു: ഓരോ തവണയും നിങ്ങൾ ഇറങ്ങുന്നതു പുതിയ നദിയിലേക്കാണ്. കാരണം അത് അനസ്യൂതം ഒഴുകുകയാണ്. സുകുമാരൻ നായർ അഴിച്ചുവിട്ട  ആശയങ്ങൾ  നവഭാവുകത്വത്തോടെ പുതിയ കാലത്തിലേക്കും ഒഴുകിക്കൊണ്ടിരിക്കുമെന്ന്  ഉറപ്പ്. 30 വർഷത്തിലേറെ കരുതി ചേർത്തു പിടിച്ച രക്ഷകനെയാണു  ജലതർപ്പണം നൽകി പമ്പാതീരം യാത്രയാക്കിയത്. അമരക്കാരനെ നഷ്ടപ്പെട്ട ദുഖത്തിൽ വരട്ടാറും  ഉത്രപ്പള്ളിയാറും  കോലറയാറും വരാച്ചാലും കോഴിത്തോടും മാത്രമല്ല പുഞ്ചകളും തോടുകളും കൈവഴികളും  കണ്ണീരാറുകളായി. 

ഞെട്ടിച്ച് ആദ്യപഠനം; പമ്പ 3 മീറ്റർ താണു 

പമ്പയുടെ അടിത്തട്ട് 3 മീറ്റർ താണു എന്ന പഠന റിപ്പോർട്ടുമായി 1994– ൽ എൻ. കെ. സുകുമാരൻ നായർ പമ്പാപരിരക്ഷണ സമിതി എന്ന തോണിയിറക്കുമ്പോൾ വരുമാനസ്രോതസ്സ് എന്നതിനപ്പുറം നദിയെക്കുറിച്ച് ആരും കരുതിരുന്നില്ല. മണൽവാരി കാലിനടിയിലെ മണ്ണൊലിച്ചപ്പോഴും തോട്ടയും നഞ്ചുമായെത്തി ചിലർ നെഞ്ചുകലക്കിയപ്പോഴും  നദി പ്രതീക്ഷയോടെ നോക്കിയത് ആ ഒരാളിലേക്കാണ്. പൊങ്ങിവരുന്ന വെള്ളത്തിനു മുറിയും കിടക്കയും ഒരുക്കേണ്ട പ്രളയസമതലങ്ങളാണു നാട്ടിലെ നീർത്തടങ്ങളെന്നു സുകുമാരൻ നായർ പറയാൻ തുടങ്ങിയതിന്റെ പിറ്റേ വർഷം തന്നെ നൂറ്റാണ്ടിലെ മഹാപ്രളയമെത്തി. 

തോട്ടപ്പുഴശേരിയിലെ പ്രശാന്ത് വീടിന്റെ രണ്ടാംനിലയിലേക്കു  കോപിച്ചു കയറിയെത്തിയ അതിഥി  വിലപ്പെട്ട പല രേഖകളും  വിഴുങ്ങിയെങ്കിലും അതേ പ്രളയത്തെപ്പറ്റി  രോഗകിടക്കയിൽ  മൂന്നാമത്തെ പുസ്തകം  പൂർത്തിയാക്കാൻ മറന്നില്ല ഈ ഗവേഷകൻ. കോപ്പി ഇന്നലെ മകൻ മറക്കാതെ തന്നപ്പോൾ അതിനുള്ളിൽ പിതൃതുല്യമായ വാത്സല്യത്തിന്റെ കയ്യൊപ്പ്. ജലാർദ്രമായ നിത്യസ്മരണ. സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച  ഈ പുസ്തകം  22 ന് ഭൗമദിനത്തിൽ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണു പമ്പയുടെ കാവലാൾ നടന്നകന്നത്. 

അധ്യാപകനായി തുടക്കം

അധ്യാപനം പരിശീലിച്ച് സിവിൽ എൻജിനീയറായി വഴിമാറിയ ജീവിതം. ശാസ്ത്ര പ്രചാരകനായി പരിഷത്തിലും ലൈബ്രറി കൗൺസിലിലും. 1961 മുതൽ വൈദ്യുതി ബോർഡിൽ. ശബരിഗിരി, ഇടുക്കി പ്രോജക്ടുകളിൽ പങ്കാളി. തോട്ടപ്പുഴശേരി കരയുടെ തൊട്ട് എതിർവശത്തെ പുണ്യപുരാതനമായ കൊടിമരം സാക്ഷിയായി പുഴയിൽ മുങ്ങിനിവരുകയും രാത്രി  ആ മണൽപ്പുറത്ത് നക്ഷത്രവെളിച്ചത്തിൽ  നദിയുടെ നാടിമിടിപ്പ് തൊട്ടറിയുകയും ചെയ്ത നാളുകൾ. പമ്പാ നദിക്ക് കുറുകെ എത്ര അണക്കെട്ടുകളുണ്ട് . ‘ബന്ധപ്പെട്ടവർ’ക്കൊന്നും മറുപടിയില്ലായിരിക്കും.  ഉത്തരങ്ങളുടെ നിക്ഷേപമാലിയായ  നദീവിജ്‍ഞാന കോശത്തെയാണ് കാലം അതിന്റെ പ്രവാഹത്തിലേക്കു വലിച്ചടുപ്പിച്ചത്. 

നദിക്കായി സമർപ്പിച്ച ജീവിതം  

അന്തരിച്ച എൻ. കെ. സുകുമാരൻ നായരെ പ്രമുഖർ അനുസ്മരിക്കുന്നു...

∙ ജീവിതം ഒരു നദിക്കു വേണ്ടി ഇങ്ങനെ സമർപ്പിച്ച ഒരാൾ ഇനി ഉണ്ടാകണമെന്നില്ല. അദ്ധേഹത്തോടൊപ്പം പമ്പാ ആക്​ഷൻ പ്ലാൻ, പമ്പാ റിവർ അതോറിറ്റി എന്നിവയ്ക്കു വേണ്ട നടപടികളി‍ൽ പങ്കാളിയാകാൻ കഴിഞ്ഞു. വരുംതലമുറകൾക്കു മറക്കാനാവാത്ത വ്യക്തിത്വം. 

ടി.കെ.എ. നായർ (പ്രധാനമന്ത്രിയുടെ മുൻ  ഉപദേഷ്ടാവ്)

കർമമേഖലയുടെ പര്യായമായി മാറുന്നതാണ് ഒരാളുടെ ജീവിതസാക്ഷാത്കാരം. എൻകെഎസ് എന്ന പേര് പമ്പാനദിയുടെ സരക്ഷണത്തിനു പര്യായമായി.തലമുറുകളെ ജാഗ്രതയുള്ളവരാക്കി. നദീസംരക്ഷണ സംസ്കാരം എന്ന അവബോധം സൃഷ്ടിച്ചു. നാദം പുറപ്പെടുവിക്കുന്നതാണ് നദി. നദിയുടെ നാദം നിലയ്ക്കാതിരിക്കാൻ സംരക്ഷണ നടപടികൾ ദേശീയ ശ്രദ്ധയിലേക്കു കൊണ്ടുവന്നു ഈ ഭടൻ.   

പി. എൻ. സുരേഷ് (എൻഎസ്എസ് റജിസ്ട്രാർ)

 പമ്പയുടെ എല്ലാ ചലനങ്ങളും കൃത്യമായി വീക്ഷിച്ചു. പ്രളയവും പുസ്തകമാക്കി. അതിനു സഹായം ചെയ്യാനായി. ജലസമ്പത്തിന്റെ  സംരക്ഷണം ഭരണഘടനാപരമായ ബാധ്യതയും അവകാശവുമാണെന്ന് ബോധ്യപ്പെടുത്തി. പമ്പയുടെ തകർച്ചയെപ്പറ്റി ജനപ്രതിനിധികളെ പഠിപ്പിക്കാൻ ശ്രമിച്ചു. പമ്പാ ആക്‌ഷൻ പ്ലാൻ നടപ്പാക്കാതെ പോയത് അദ്ദേഹത്തെ വിഷമിപ്പിച്ചു. 

പീലിപ്പോസ് തോമസ് (ചെയർമാൻ കെഎസ്എഫ്ഇ) 

മറ്റുനദികളിൽ നിന്നു വ്യത്യസ്ഥമായി ഈ കടുത്ത വേനലിലും പമ്പാനദിക്ക് അൽപ്പമെങ്കിലും ജീവൻ ബാക്കിയുണ്ടെങ്കിൽ അത് സുകുമാരൻ നായരുടെ കൂടി സമർപ്പണത്തിന്റെ ഫലമാണ്. 

ഡോ. ഡി. പദ്മലാൽ (ജലശാസ്ത്ര വിഭാഗം മേധാവി, ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം) 

English Summary: Environmentalist NK Sukumaran Nair passes away

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA