ADVERTISEMENT

കോട്ടയം, ആലപ്പുഴ, ജില്ലകളിൽ ചൂട് ശരാശരിയിലും 2-3 ഡിഗ്രി കൂടാൻ സാധ്യതയുണ്ടെന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കോട്ടയത്ത് ഇന്നലെ 37 ഡിഗ്രി സെൽഷ്യസും ആലപ്പുഴയിൽ 36.4 ഡിഗ്രിയുമായിരുന്നു ചൂട്. ശരാശരിയിലും 3 ഡിഗ്രി കൂടുതലാണിത്. പാലക്കാട് മുണ്ടൂരിലാകട്ടെ ചൂട് 40 ഡിഗ്രിയായി.

കേരളം ഉയർന്ന അന്തരീക്ഷ ആർദ്രതയുള്ള തീരദേശ സംസ്ഥാനമായതിനാൽ താപനിലയെക്കാൾ ചൂട് അനുഭവപ്പെടാനും സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനും ഇടയുണ്ട്. പകൽ 11 മുതൽ 3 വരെ നേരിട്ടു വെയിലേൽക്കരുതെന്നും നിർജലീകരണം തടയാൻ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും അതോറിറ്റി നിർദേശിച്ചു. പാലക്കാട് മുണ്ടൂരിലുള്ള ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിലെ (ഐആർടിസി) താപമാപിനിയിലാണ് 40 ഡിഗ്രി രേഖപ്പെടുത്തിയത്. മലമ്പുഴ അണക്കെട്ടിലെ താപമാപിനിയിൽ 36.2 ഡിഗ്രിയായിരുന്നു ചൂട്.

സംസ്ഥാനത്തിന്റെ പല ജില്ലകളിലും ഫെബ്രുവരി അവസാനിക്കുന്നതിനു മുൻപേ ചൂട് 37 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. എന്നാൽ മലയോര മേഖലകളിൽ ഇടയ്ക്ക് നേരിയ മഴ ലഭിക്കുന്നത് ചൂടിന് ആശ്വാസം പകരുന്നുണ്ട്. രാത്രി താപനിലയും പകൽ താപനിലയും തമ്മിൽ പത്തു ഡിഗ്രിയിൽ കൂടുതൽ അന്തരം പാടില്ലെന്നിരിക്കെസംസ്ഥാനത്തിന്റെ പല ഭാഗത്തും ഈ പ്രതിഭാസം അനുഭവപ്പെടുന്നു. രാത്രി താപനില 18 ഡിഗ്രിയാവുകയും പകൽ ച്ചൂട് ഇതിന്റെ ഇരട്ടിയിയാകയും ചെയ്യുന്ന രീതിയാണിത്.  

പുനലൂരിൽ രാവിലെ 18 ഡിഗ്രിയും പകൽ 36 ഡിഗ്രിയും ഫെബ്രുവരി ആദ്യവാരം അനുഭവപ്പെട്ടിരുന്നു. കൂടിതയതും കുറഞ്ഞതുമായ താപനിലയിൽ 10 ഡിഗ്രിയില് കൂടുതൽ അന്തരമുണ്ടാകുന്നതു മരുഭൂമി വൽക്കരണത്തിന്റെ സൂചനയാണെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം. ഇവിടെ പത്തും കടന്ന് ഇരട്ടിയോളമാകുന്ന സ്ഥിതിയാണ്.  

ചൂടു വർധിക്കുന്നതിന് അനുസൃതമായി മഴയുടെ തോതിലും നേരിയ വർധന ലഭിക്കുമെങ്കിലും ഇതു കാര്യമായ പ്രയോജനം ചെയ്യില്ല. റബർതളിരിടുന്നതിനെയും തേൻ സംഭരണത്തെയും ഇതു ബാധിക്കും. മാവ്, പറങ്കി തുടങ്ങിയവ പൂത്തത് ഇക്കുറി വൈകിയാണ്. വേനൽമഴ ഇവയെയും ബാധിക്കുമെന്നു കാർഷിക രംഗത്തെ വിദഗ്ധർ പറയുന്നു.  

എന്നാൽ ശക്തമായ ഒന്നോ രണ്ടോ മഴ മാർച്ച് മാസത്തിൽ ലഭിക്കുന്നതു ഭൂഗർഭജലവിതാന തോത് വർധിക്കാൻ സഹായകമാകും.  

അതേ സമയം ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ സൂര്യാതപത്തിനെതിരെ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.  

കേരളം ഉയർന്ന അന്തഃരീക്ഷ ആർദ്രതയുള്ള ഒരു തീരദേശ സംസ്ഥാനമായതിനാൽ താപനില ഉയരുന്നത് അനുഭവഭേദ്യമാകുന്ന ചൂട് വീണ്ടും ഉയർത്തുകയും സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ആയതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും അതോറിറ്റി നിർദേശിച്ചു.  

രാവിലെ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക. 

നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കരുതുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജ്ജലീകരണമുണ്ടാക്കുന്നമദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

ഒആർഎസ്, ലെസ്സി, ബട്ടർ മിൽക്ക്, നാരങ്ങാ വെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്.  

അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തേക്ക് ഇറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.

ചൂട് പരമാവധിയിൽ എത്തുന്ന നട്ടുച്ചക്ക് പാചകത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. 

പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.

വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ലേബർ കമ്മീഷണർ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ഉത്തരവിട്ടു.

English Summary: High temperature alert issued for two Kerala districts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com