ADVERTISEMENT

വാണിജ്യാവശ്യങ്ങൾക്കായി തിമിംഗലങ്ങളെ കൂട്ടമായി വേട്ടയാടി കൊല്ലാനുള്ള തീരുമാനം അറിയിച്ച് നോർവെ സർക്കാർ. ഈ വർഷം വേട്ടയാടി കൊല്ലാനുള്ള തിമിംഗലങ്ങളുടെ എണ്ണം 1278 ആയി നിജപ്പെടുത്തിയിരിക്കുന്നതായാണ് സർക്കാരിന്റെ അറിയിപ്പ്. മിങ്ക് തിമിംഗലങ്ങളെ കൂട്ടമായി വേട്ടയാടുന്നതിനെതിരെ ആഗോളതലത്തിലുള്ള എതിർപ്പുകളെ അവഗണിച്ചുകൊണ്ടാണ് തീരുമാനം. 

കഴിഞ്ഞവർഷം ഏപ്രിൽ ആദ്യം മുതൽ സെപ്റ്റംബർ അവസാനം വരെയാണ് നോർവേയിൽ തിമിംഗല വേട്ട നീണ്ടു നിന്നത്. ഈ കാലയളവിനു ള്ളിൽ 500നു മുകളിൽ തിമിംഗലങ്ങളെ കൊന്നൊടുക്കി. 2019ൽ 429 തിമിംഗലങ്ങളെയാണ് വേട്ടയാടിയത്. മിങ്ക് തിമിംഗലങ്ങളുടെ മാംസത്തിന് ആവശ്യക്കാർ ഏറിവരുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് തീരുമാനമെന്ന് നോർവെയുടെ ഫിഷറീസ് വകുപ്പ് മന്ത്രിയായ ഓഡ് എമിൽ പറയുന്നു. 

അതേസമയം മൃഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തി ക്കുന്ന ആനിമൽ വെൽഫെയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും പുതിയ സർവേ പ്രകാരം നോർവെയിലെ ജനങ്ങളിൽ നാലു ശതമാനം മാത്രമാണ് സ്ഥിരമായി തിമിംഗല മാംസം ഭക്ഷണത്തിനുപയോഗിക്കുന്നത്. മൂന്നിൽ രണ്ടു ഭാഗവും തിമിംഗല മാംസം ഭക്ഷിക്കാത്തവരോ, ഏറെ കാലങ്ങൾക്കിടയിൽ ഒരു തവണ മാത്രം ഉപയോഗിച്ചവരോ ആണ്.

കഴിഞ്ഞവർഷം തിമിംഗലവേട്ടയ്ക്കുള്ള നിയന്ത്രണങ്ങളിലും നോർവേ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ ബോട്ടുകൾ വേട്ടയാടലിനായി മുന്നോട്ടുവരണമെന്ന ഉദ്ദേശത്തോടെയാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്. ഇതിനെതിരെ മൃഗസംരക്ഷണ സംഘടനകൾ ഒന്നായി രംഗത്തെത്തിയെങ്കിലും ശ്രമങ്ങൾ വിഫലമായിരുന്നു. 1982 ൽ ഇന്റർനാഷണൽ വെയിലിങ് കമ്മീഷൻ ആഗോളതലത്തിൽ വാണിജ്യാടിസ്ഥാനത്തിലുള്ള തിമിംഗലവേട്ട നിർത്തിവക്കാനുള്ള ഉത്തരവിറക്കിയിരുന്നു എങ്കിലും പതിനൊന്നു വർഷങ്ങൾക്കു ശേഷം നോർവേ വീണ്ടും തിമിംഗലവേട്ട ആരംഭിക്കുകയായിരുന്നു. അതിനുശേഷം ഇന്നുവരെ 14,000 നു മുകളിൽ മിങ്ക് തിമിംഗലങ്ങളാണ് നോർവെയിൽ തിമിംഗലവേട്ടയിലൂടെ കൊല്ലപ്പെട്ടത്.

English Summary: Norway Plans To Slaughter More Than 1,200 Minke Whales During Their Gruesome 2021 Whale Hunting Season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com