ADVERTISEMENT

ചെറിയ ജീവികളുടെ തല കത്രിക ഉപയോഗിച്ച് അറുത്ത് മാറ്റും. നായകളെ പിടലിയിൽ തൂക്കിയെടുത്ത് പെട്ടികളിലേക്ക് എറിയും ബോധം കെടുത്താതെ മൃഗങ്ങളുടെ ശരീരത്തിൽ ആഴത്തിൽ മുറിവുകൾ ഉണ്ടാക്കും പരീക്ഷണ കേന്ദ്രത്തിൽ നിന്നും പുറത്തുവരുന്നത് നടുക്കുന്ന റിപ്പോർട്ടുകൾ. മൃഗങ്ങളോട് ചെയ്യുന്ന സമാനതകളില്ലാത്ത ക്രൂരതയുടെ ദൃശ്യങ്ങളാണ് സ്പെയിനിലെ ഒരു പരീക്ഷണശാലയിൽ നിന്നും പുറത്തു വരുന്നത്. മാഡ്രിഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവോട്ടെക്നിയ എന്ന പരീക്ഷണ ലാബിൽ നിന്നുമുള്ളതാണ് ദൃശ്യങ്ങൾ. മരുന്നുകൾ, സൗന്ദര്യവർധകവസ്തുക്കൾ, രാസപദാർഥങ്ങൾ എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾക്കായാണ് മൃഗങ്ങളോട് കൊടുംക്രൂരത കാണിക്കുന്നത്. ലാബിൽ രണ്ട് വർഷത്തോളം ജോലി ചെയ്തിരുന്ന ഒരു വ്യക്തി രഹസ്യമായി പകർത്തിയ ദൃശ്യങ്ങൾ ക്രുവൽറ്റി ഫ്രീ ഇൻറർനാഷണൽ എന്ന സംഘടനയ്ക്ക് കൈമാറിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.

യൂറോപ്യൻ യൂണിയനിൽ നിന്നും സ്പാനിഷ് ഭരണകൂടത്തിൽ നിന്നും എല്ലാം മുൻപ്  സാമ്പത്തിക സഹായം സ്വീകരിച്ചിരുന്ന ലാബാണ് വിവോട്ടെക്നിയ. കുരങ്ങുകൾ, നായകൾ, എലികൾ, പന്നികൾ, മുയലുകൾ എന്നിവയെ ഉപയോഗിച്ചാണ് ലാബിലെ പരീക്ഷണങ്ങളിൽ ഏറെയും. മോശമായ സാഹചര്യങ്ങളിൽ പാർപ്പിച്ചിരിക്കുന്ന മൃഗങ്ങളെ പ്രഹരിക്കുകയും മയക്കാതെ  ശരീരത്തിൽ ആഴത്തിൽ മുറിവുകൾ ഏൽപ്പിക്കുകയും  ചെയ്യുന്നതായി ദൃശ്യങ്ങളിൽ കാണാം. എലികളെ പരീക്ഷണങ്ങൾക്ക് തയ്യാറാക്കുന്നതിനു വേണ്ടി അവയുടെ ശരീരം ശക്തമായി കുലുക്കുകയും വാലിൽ പിടിച്ച് കറക്കുകയും ഒക്കെയാണ് ചെയ്യുന്നത്. ഇതിനുപുറമേ ബോധം കെടുത്താതെ  തന്നെ അവയുടെ കണ്ണിൽനിന്ന്  രക്തം സിറിഞ്ച് ഉപയോഗിച്ച് വലിച്ചെടുക്കുന്നു.

ചെറിയ യന്ത്രങ്ങൾക്കുള്ളിൽ മുയലുകളെ പൂട്ടിയിട്ട ശേഷമാണ് ചില പരീക്ഷണങ്ങൾ. പലപ്പോഴും അവ താഴെ വീഴുകയും വലിയ ക്ഷതങ്ങളുണ്ടാകുകയും ചെയ്യുന്നു. നായകളെ പിടലിയിൽ തൂക്കിയെടുത്ത്  കൂടുകളിലേക്കോ പെട്ടികളിലേക്കോ വലിച്ചെറിയുകയാണ് ചെയ്യുന്നത്. പരീക്ഷണത്തിനു വേണ്ടിയല്ലാതെയും ലബോറട്ടറിയിലെ ജോലിക്കാർ മൃഗങ്ങളോട് അതിക്രൂരമായി പെരുമാറാറുണ്ട്.  കുരങ്ങുകളെ മേശയിൽ  കെട്ടിയിട്ടശേഷം അവയുടെ ശരീരഭാഗങ്ങളിൽ ചിത്രം വരയ്ക്കുകയും കാലുകളിൽ നിന്നും രക്തം കുത്തിയെടുത്ത് പരിശീലിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. മൃഗങ്ങൾക്ക് വേണ്ടത്ര സംരക്ഷണമോ പരിചരണമോ നൽകാത്തതിനാൽ ഏറെയും ചത്തു പോവുകയാണ് പതിവ്. മുതിർന്ന ഉദ്യോഗസ്ഥരോട് പലതവണ പരാതിപ്പെട്ടിട്ടും ഒരു നടപടിയും എടുക്കാത്തതിനെ തുടർന്ന് ദൃശ്യങ്ങൾ പകർത്തിയ ഉദ്യോഗസ്ഥൻ അവ ക്രുവൽറ്റി ഫ്രീ ഇൻറർനാഷണലിന് കൊടുക്കുകയായിരുന്നു.

സംഘടനയുടെ ഇടപെടലിനെ തുടർന്ന് പ്രാദേശിക ഭരണകൂടം ലബോറട്ടറിയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെത്തി ലാബിൽ പരിശോധനകൾ നടത്തിയശേഷം മൃഗങ്ങളെ മോശമായ വിധത്തിൽ കൈകാര്യം ചെയ്യുന്നുവെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് നടപടി. ലബോറട്ടറിയിൽ പാർപ്പിച്ചിരുന്ന മൃഗങ്ങളെ ഭരണകൂടത്തിന് കീഴിലുള്ള സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി പ്രത്യേക പരിചരണം നൽകി വരികയാണ്.

English Summary: Undercover footage shows ‘gratuitous cruelty’ at Spanish animal testing facility

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com