ADVERTISEMENT

കിലോമീറ്ററുകളോളം നീണ്ട പ്രദേശത്തെ മനുഷ്യരും മറ്റു ജീവജാലങ്ങളും ഒറ്റയടിക്ക് വെന്തുരുകി. രക്തം നിമിഷനേരം കൊണ്ട് ആവിയായിപ്പോയി, ചൂടേറ്റ് തലയോട്ടി പൊട്ടിച്ചിതറി, പലരുടെയും മാംസമുരുകി എല്ലിനോടു ചേർന്നു. കുപ്രസിദ്ധമായിരുന്നു ഇറ്റലിയിൽ എഡി 79ൽ സംഭവിച്ച വെസൂവിയസ് അഗ്നിപർവത സ്ഫോടനം. അതിന്റെ ഫലമായി പോംപെയ് നഗരത്തിനു മുകളിൽ ഏകദേശം 13–20 അടി ഉയരത്തിലാണ് അഗ്നിപർവതത്തിൽ നിന്നുള്ള ചാരം നിറഞ്ഞത്. സമീപത്തെ ഹെർക്കുലേനിയം നഗരത്തിലുള്ളവരിൽ ഭൂരിപക്ഷം പേർക്കും ഓടി രക്ഷപ്പെടാനായെങ്കിലും ഹതഭാഗ്യരായ ചിലർ അവിടെയുമുണ്ടായിരുന്നു. പോംപെയിലുള്ളവർ ധൂളികളായി മാറിയപ്പോൾ അഗ്നിപർവതത്തിൽ നിന്നു വീശിയടിച്ച ചൂടുകാറ്റ് ഹെർക്കുലേനിയത്തിലെ മനുഷ്യരെ ചുട്ടെടുക്കുകയായിരുന്നു.

അഗ്നിപർവതത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ വരെയുള്ള ഭാഗം വരെ വെന്തുവെണ്ണീറായിരുന്നു. വെസൂവിയസിന്റെ തീനാളങ്ങള്‍ തുടച്ചുനീക്കിയ രണ്ടു നഗരങ്ങളുടെയും അവശിഷ്ടങ്ങളിൽ 1960 മുതൽ ഗവേഷകർ നിരീക്ഷണം നടത്തുന്നു. ഇന്നേവരെ സംഭവിച്ചിട്ടില്ലാത്തതരം രണ്ടു കാര്യങ്ങളുടെ വിവരങ്ങളാണ് ഇപ്പോൾ ഈ അഗ്നിപർവത സ്ഫോടനത്തെ വീണ്ടും വാർത്തകളിലെത്തിച്ചത്.

1) പ്രാചീനകാലത്തെ മനുഷ്യന്റെ തലച്ചോർ ഇതാദ്യമായി സ്ഫടികം അഥവാ ചില്ലുരൂപത്തിൽ ‘സംരക്ഷിക്കപ്പെട്ടിരിക്കുന്ന’ അവസ്ഥ

2) മനുഷ്യന്റ നെഞ്ചിലെ കൊഴുപ്പും മറ്റും ഉരുകി സ്പോഞ്ച് പോലെയായ അവസ്ഥ.

 Eruption of Mount Vesuvius in 79 AD

പോംപെയിലെ മൃതദേഹങ്ങൾ പരിശോധിക്കുന്നതിനിടെ ഒരാളുടെ തലയിൽ കണ്ടെത്തിയ തിളക്കമാണ് ‘ചില്ലുതലച്ചോറിലേക്കു’ വെളിച്ചം വീശിയത്. കറുത്തു തിളങ്ങുന്ന ഈ വസ്തു ചിതറിയ നിലയിലായിരുന്നു. ഏകദേശം 25 വയസ്സു തോന്നിക്കുന്ന ഇയാൾ ലാവ ഒലിച്ചെത്തും മുൻപുതന്നെ ഉറക്കത്തിൽ മരിച്ചുപോയെന്നാണു നിഗമനം. ഇതേയാളുടെ ശരീരകലകളും കൊഴുപ്പും ഉരുകിയാണ് നെഞ്ചിൽ സ്പോഞ്ച് പോലുള്ള വസ്തു രൂപപ്പെട്ടത്. ഇത്രയും കാലം കരുതിയിരുന്നത് വെസൂവിയസിൽ നിന്നുള്ള ചൂട് നാളുകളോളം പോംപെയിൽ തുടർന്നിരുന്നുവെന്നാണ്. എന്നാൽ അങ്ങനെയല്ല, മറിച്ച് കൊടുംചൂടിനു പിന്നാലെ വളരെ പെട്ടെന്ന് താപനില താഴ്ന്നിരുന്നതായാണു പുതിയ കണ്ടെത്തൽ. അതിനാലാണ് മസ്തിഷ്കം ഉരുകി ചില്ലുപോലായതും നെഞ്ചിനകത്ത് സ്പോഞ്ചിനു സമാനമായ വസ്തു രൂപപ്പെട്ടതും.

ഏകദേശം 968 ഡിഗ്രി ഫാരൻഹീറ്റ് ചൂടെങ്കിലും ഈ സമയത്ത് പോംപെയിൽ അനുഭവപ്പെട്ടിട്ടുണ്ടാകണം. നഗരത്തിലെ മരങ്ങളും മറ്റും പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്. എന്നാൽ ഹെർക്കുലേനിയത്തിലുള്ളവർ ദൂരെനിന്നു തന്നെ വെസൂവിയസിലെ സ്ഫോടനം കണ്ടിരുന്നു. ഭൂരിപക്ഷം പേരും രക്ഷാസ്ഥാനത്തേക്കു നീങ്ങുകയും ചെയ്തു. എന്നാൽ കടൽത്തീരത്തുണ്ടായിരുന്ന ഏകദേശം 340 പേർ ബോട്ട്ഹൗസ് എന്നു വിളിക്കുന്ന പ്രത്യേക ഭൂഗര്‍ഭ അറകളിൽ അഭയം തേടി. ഇവരെല്ലാം ചൂടുകാറ്റേറ്റ് പെട്ടെന്ന് ആവിയായതാണെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്.

എന്നാൽ പൈറോക്ലാസ്റ്റിക് ഫ്ലോസ് എന്നറിയപ്പെടുന്ന ചൂടുകാറ്റാണ് ഇവിടുള്ളവരെ കൊലപ്പെടുത്തിയതെന്നാണു പുതിയ നിഗമനം. അഗ്നിപർവത സ്ഫോടനഫലമായി രൂപപ്പെടുന്ന വാതകങ്ങളും പാറക്കൂട്ടവും ചാരവും ഉൾപ്പെടെയുള്ള വസ്തുക്കളും അതിവേഗത്തിൽ പാഞ്ഞെത്തുന്ന പ്രതിഭാസമാണിത്. അതായത് മണിക്കൂറിൽ ഏകദേശം 100 കിലോമീറ്റര്‍ വേഗതയിൽ. ചൂടുകാറ്റിന്റെ വേഗത 700 കിലോമീറ്റർ വരെയെത്താനും സാധ്യതയേറെ. ഹെർക്കുലേനിയത്തിൽ വീശിയ കാറ്റിന് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയുണ്ടെന്നാണു കരുതുന്നത്. കല്ലുകൊണ്ട് നിർമിച്ച അറയ്ക്കുള്ളിലായതിനാൽ ചുറ്റിലുമുള്ള ഭാഗം ചൂടുപിടിച്ച് അതിനകത്തെ മനുഷ്യരെ ചുട്ടെടുത്ത (Baked) അവസ്ഥയിലായിരുന്നുവെന്നാണു ഗവേഷകർ കണ്ടെത്തിയത്.

ഏകദേശം 464നും 752നും ഇടയിൽ ഡിഗ്രി ഫാരൻഹീറ്റ് ചൂടായിരുന്നിരിക്കാം ഈ സമയത്ത് അനുഭവപ്പെട്ടത്. അസ്ഥികളിൽ നിന്നു മാംസം ഉരുകി ആവിയായിപ്പോകുന്നതിന് ഈ ചൂട് മതിയാകില്ല. ഹെര്‍ക്കുലേനിയത്തിലെ മനുഷ്യാവശിഷ്ടങ്ങളിൽ ശരീരത്തിലെ കൊളാജെൻ സംരക്ഷിക്കപ്പെട്ട നിലയിലായിരുന്നു. വെസൂവിയസ് അഗ്നിപർവതം എത്തരത്തിലാണ് ജനങ്ങളെ കൊന്നൊടുക്കിയതെന്ന് ഇതിന്റെ വിശദപഠനത്തിൽ നിന്നു മനസ്സിലാക്കാനാകുമെന്നും യോർക്ക് സർവകലാശാല ഗവേഷകരും പഠനത്തിൽ പങ്കെടുത്ത ആർക്കിയോളജിസ്റ്റുകളും പറയുന്നു. ‘ആന്റിക്വിറ്റി’ ജേണലിലുണ്ട് വിശദപഠനം.

English Summary: Eruption of Mount Vesuvius in 79 AD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com