ADVERTISEMENT

കടുത്ത വേനലിനെ തുടർന്നു വരൾച്ച രൂക്ഷമായ മുതുമല കടുവ സങ്കേതത്തിൽ നിന്നു വന്യമൃഗങ്ങൾ പലായനം ചെയ്യുന്നു. മുതുമല കടുവ സങ്കേതത്തിലെ മഴനിഴൽ പ്രദേശങ്ങളിൽ നിന്നാണു വന്യമൃഗങ്ങൾ കൂടൊഴിയുന്നത്. മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് വരെ മാത്രമാണു മഴക്കാടുകൾ ഉള്ളത്. മസിനഗുഡി, ചെമ്മനാത്തം, ബൊക്കാപുരം, വാഴത്തോട്ടം, സീഗൂർ, തെങ്ങുമഹാറാഡ വരെയുള്ള വനങ്ങൾ മഴനിഴൽ കാടുകളാണ്. 

മരങ്ങൾ മുഴുവനും ഇല കൊഴിഞ്ഞു. പച്ചപ്പിന്റെ നേരിയ അംശം പോലും ഇവിടെയില്ല. ഭക്ഷണം ഇല്ലാതെ കാട്ടാനകൾ മെലിഞ്ഞു എല്ലും തോലുമായി വനത്തിലൂടെ മെല്ലെ നീങ്ങുന്നതു കാണാം. വനത്തിലൂടെ ഒഴുകുന്ന മായാര്‍ പുഴയിൽ വെള്ളമുള്ളതിനാൽ കുടിവെള്ള ക്ഷാമം ഉണ്ടായിട്ടില്ല. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞ ഭാഗങ്ങളിൽ വനം വകുപ്പ് കോൺക്രീറ്റ് തൊട്ടികൾ നിർമിച്ചു പുറത്തു നിന്നു വെള്ളം കൊണ്ടു വന്നു നിറയ്ക്കുന്നുണ്ട്. കഴിഞ്ഞ വർഷം മാർച്ച് മാസം നല്ല വേനൽ മഴ ഇവിടെ ലഭിച്ചിരുന്നു. ഇക്കുറി മഴ ഉണ്ടായില്ല.

കടുത്ത വേനലിൽ മരങ്ങൾ പോലും ഉണങ്ങിയിട്ടുണ്ട്. വനമെന്ന് പറയാൻ ഒന്നുമില്ല. പുല്ല് ഇല്ലാതായതോടെ ഉണങ്ങിയ ഇല തിന്നു നടക്കുന്ന മാൻകൂട്ടങ്ങളും അവശരായി. വനത്തിന് പുറത്തു വഴിയോരങ്ങളിലാണ് ഇവയുടെ മേച്ചിൽ. കരിഞ്ഞുണങ്ങിയ കാട്ടിൽ കാട്ടുതീ പടരാനുള്ള സാധ്യതയുള്ളതിനാൽ‌ വനം വകുപ്പ് 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്. മുതുമലയിൽ നിന്നു വയനാടൻ കാടുകളിലേക്കും ബന്ദിപ്പൂർ ഭാഗത്തേക്കുമാണു കാട്ടാനകൾ ചേക്കേറുന്നത്. മഴ പെയ്ത് കാടു തളിരണിഞ്ഞാൽ മാത്രമായിരിക്കും ഇനി ഇവ മടങ്ങിയെത്തുക.

English Summary: With onset of summer, annual elephant migration begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com