ADVERTISEMENT

ലോകത്തെ പിടിച്ചു ഞെരിച്ചുകൊണ്ടിരിക്കുന്ന കൊറോണ ബാധ സമീപകാലത്തു മാത്രം ഉടലെടുത്ത സംഭവമല്ലെന്ന് ശാസ്ത്രജ്ഞർ. 25000 വർഷം മുൻപ്, ഒരു വിദൂരഭൂതകാലത്ത് കിഴക്കനേഷ്യയിൽ ജീവിച്ചിരുന്ന പൂർവികരുടെ സമൂഹത്തിൽ ഇപ്പോഴത്തെ കൊറോണയോട് അതീവ സാമ്യമുള്ള ഒരു മഹാമാരി ഉടലെടുത്തെന്നാണു പുതിയ പഠനഫലം. യുഎസിലെ അരിസോണ സർവകലാശാലയിലെ ശാസ്ത്രജ്ഞൻ ഡേവിഡ് എനാഡും സംഘവും ലോകത്തെ വിവിധഗ്രൂപ്പുകളുടെ ജനിതകവസ്തുക്കൾ ഉപയോഗിച്ചു നടത്തിയ പഠനത്തിലാണു ഞെട്ടിക്കുന്ന പുതിയ വിവരം ലഭിച്ചത്. അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നായി രണ്ടായിരത്തഞ്ഞൂറോളം പേരുടെ ഡിഎൻഎ ഉപയോഗിച്ചാണു പഠനം നടത്തിയത്. 26 വ്യത്യസ്ത വംശങ്ങളിൽ ഉൾപ്പെട്ടവരാണ് ഇവർ. ചൈനയിലെ ഡായ്, വിയറ്റ്‌നാമിലെ കിൻഹ്, ആഫ്രിക്കയിലെ യൊറൂബ തുടങ്ങിയ പ്രശസ്തമായ ഗോത്രങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

കൊറോണ കുടുംബത്തിലെ വൈറസുകളുമായി ഇടപെടുന്ന 420 പ്രോട്ടീനുകളെ കണ്ടെത്തിയാണു ഗവേഷണം പുരോഗമിച്ചത്. ഇവയിൽ 332 എണ്ണം കോവിഡിനു കാരണമാകുന്ന സാർസ്- കോവ്-2 വൈറസുമായി ഇടപെടുന്നവയാണ്. ഇത്തരം പ്രോട്ടീനുകളുടെ വലിയ തോതിലുള്ള ഉത്പാദനം കിഴക്കനേഷ്യയിൽ നിന്നുള്ള വംശങ്ങളിൽ ഉൾപ്പെട്ട ആളുകളിൽ മാത്രമാണു ശാസ്ത്രജ്ഞർക്കു കണ്ടെത്താനായത്. ഇവയിൽ 42  പ്രോട്ടീനുകൾ 25000 വർഷമായി സജീവമാണെന്നാണു ശാസ്ത്രജ്ഞർക്കു ലഭിച്ച വിവരം. വിദൂരഭൂതകാലത്തെ കൊറോണ ബാധയെയാണ് ഇതു സൂചിപ്പിക്കുന്നതെന്ന് അവർ പറയുന്നു.

നിലവിലെ കോവിഡിനു കാരണമാകുന്ന വൈറസ് ആകണമെന്നില്ല ഈ പ്രാചീന മഹാമാരിക്ക് വഴിവച്ചത്, എന്നാൽ അതിനോട് വളരെയേറെ സാമ്യമുള്ള കൊറോണ കുടുംബത്തിലെ ഒരു വൈറസ് തന്നെയാകാനാണ് ഏറ്റവും സാധ്യത. പഠനഫലം നിർണായകമാണെന്നും കിഴക്കൻ ഏഷ്യൻ പ്രദേശങ്ങളിലുള്ള ആളുകൾക്ക് കോവിഡിനോട് കൂടുതൽ ചെറുത്തുനിൽക്കാനുള്ള കരുത്ത് പഴയകാലത്തെ ഈ ബാധയ്‌ക്കെതിരെയുള്ള പ്രതിരോധത്തിൽ നിന്നും സ്വായത്തമായതാണെന്നും പാരിസിലെ പ്രശസ്തമായ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ലൂയിസ് ക്വിന്‌റാന പറയുന്നു.

കൊറോണയെ ചെറുക്കുന്ന ജീനുകൾ മുതൽ മെച്ചപ്പെട്ട വാക്‌സീൻ നിർമാണം വരെയുള്ള കാര്യങ്ങളിൽ അതീവസഹായകമാകുന്ന കണ്ടെത്തലായിട്ടാണു പുതിയ പഠനഫലം വിലയിരുത്തപ്പെടുന്നത്. കൂടുതൽ കാര്യക്ഷമമായ പഠനത്തിനായി ഒട്ടേറെ കിഴക്കനേഷ്യക്കാർ അടങ്ങിയ ഒരു സംഘത്തിൽ ഗവേഷണം തുടരാൻ തീരുമാനിച്ചിരിക്കുകയാണ് ഡേവിഡ് എനാർഡ്. കൊറോണയെ സംബന്ധിച്ച ജനിതക, ജീൻ പഠനങ്ങൾ ലോകത്തു പലയിടങ്ങളിലും നടക്കുന്നുണ്ട്. ആദിമ മനുഷ്യഗ്രൂപ്പുകളിൽ ഒന്നായ നിയാണ്ടർത്താലുകളിൽ നിന്നു ഇന്നത്തെ പുരോഗമന മനുഷ്യർ (ഹോമോ സാപിയൻസ്) ആർജിച്ച ചില ജീനുകൾ കൊറോണ ബാധയുടെ ആക്കം കൂട്ടാൻ സഹായിക്കുന്നവയാണെന്ന് ഇതിനിടെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. യൂറോപ്പിലും മറ്റും കൊറോണയുടെ പ്രത്യാഘാതങ്ങൾ വർധിക്കാൻ ഈ ജീനുകൾ ഇടയാക്കിയെന്നും അവർ പറഞ്ഞിരുന്നു.

English Summary: A coronavirus epidemic may have hit East Asia about 25,000 years ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com