ADVERTISEMENT

യുഎസിലെ ഫ്‌ളോറിഡയിൽ ജന്തുശാസ്ത്ര, പരിസ്ഥിതി വിദഗ്ധർക്കിടയിൽ ആശങ്കയുയർത്തി പ്രത്യേകയിനം ആഫ്രിക്കൻ തവളകൾ പെരുകുന്നു. സബ് സഹാറൻ ക്ലോവ്ഡ് ഫ്രോഗ്‌സ് എന്നറിയപ്പെടുന്ന ഈ തവളകളുടെ പ്രധാന അടയാളം സാധാരണ തവളകളേക്കാൾ തുറിച്ചു നിൽക്കുന്ന കണ്ണുകളും കൈകാലുകളിലെ നഖവുമാണ്. മനുഷ്യർക്ക് പറയത്തക്ക ശല്യമൊന്നുമില്ലെങ്കിലും പ്രദേശത്തു വ്യാപിച്ച്, ആവാസവ്യവസ്ഥ തകിടം മറിക്കാൻ ഇവയ്ക്കു കഴിവുണ്ടെന്നു പരിസ്ഥിതി വിദഗ്ധർ പറയുന്നു. സജീവമായ ചലനങ്ങളും ഭക്ഷണം കണ്ടെത്തുന്നതിലെ അക്രമണോൽസുകതയും കാരണം പ്രദേശത്തു താമസിക്കുന്ന മറ്റു തവളകൾക്കു ഭീഷണിയായി മാറാമെന്നു ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.

invasive-clawed-frogs-in-florida
Image Credit: Colin Goodman

നൈജീരിയ മുതൽ സുഡാൻ വരെയുള്ള രാജ്യങ്ങളിൽ സാധാരണയായി കാണപ്പെടാറുള്ള തവളകളാണ് ഇവ. പൂർണമായും ജലത്തിൽ കഴിയാൻ ഇഷ്ടമുള്ള ഇവ പൊതുവേ ചാരനിറത്തിലോ പച്ചനിറത്തിലോ കാണപ്പെടുന്നവയാണ്. നാക്കുകളും പല്ലുകളും ഇല്ലാത്ത ഇവ കൈകൾ ഉപയോഗിച്ചാണ് ഭക്ഷണം കഴിക്കുന്നത്. നഖമുള്ള കൈകൾ ഉപയോഗിച്ച് ഇരയായി കിട്ടുന്ന പ്രാണികളെ അടർത്താനും വായിലേക്കു വയ്ക്കാനും ഇവയ്ക്കു കഴിയും. കൈകാലുകളിൽ നഖമുള്ള തവളകൾ വളരെ അപൂർവമാണ്. എന്നാൽ ഈ നഖം ഉപയോഗിച്ച് മനുഷ്യരെ ആക്രമിക്കാൻ ഇവയ്ക്കു കഴിയില്ലെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഉണക്കുകാലത്ത് ചെളിയിലൊളിക്കുന്ന ഇവയ്ക്ക് ഒരു വർഷം വരെ ഇങ്ങനെ തുടരാനാകും.ആൺതവളകൾ പെൺതവളേക്കാൾ ആകൃതിയിൽ ചെറുതും മെലിഞ്ഞതുമാണ്.

പ്രദേശത്തെ മറ്റുള്ള തവളകളുടെയും ജലജീവികളുടെയും ഭക്ഷണം അപഹരിച്ച് അവയ്ക്കു നാശമുണ്ടാക്കാൻ സബ് സഹാറൻ ക്ലോവ്ഡ് ഫ്രോഗുകൾക്കു കഴിയും. പ്രത്യേകിച്ച് ഒരു ഭക്ഷണക്രമമില്ലാത്ത ഇവ, പ്രാണികളെ മുതൽ അഴുകിയ മാംസം വരെ തിന്നാറുണ്ട്. മറ്റു തവളകളുടെ വാൽമാക്രികളെയും കൂട്ടത്തിലുള്ള സ്വന്തം തവളകളെയും വരെ അകത്താക്കുന്ന രീതിയും ഇവയ്ക്കുണ്ട്.

എന്നാൽ ഇതിനു പുറമേ, ഒട്ടേറെ ഫംഗസ്, ബാക്ടീരിയ, അമീബ തുടങ്ങിയ സൂക്ഷ്മകോശജീവികളെയും ഇവ ശരീരത്തിൽ വഹിക്കുന്നുണ്ടെന്നു ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. അതിനാൽ തന്നെ തദ്ദേശീയരായ തവളകൾക്കും മറ്റു ജലജീവികൾക്കും രോഗം പടർത്താനും ഇവയ്ക്കു കഴിവുണ്ട്.

ഈ തവളകൾ യുഎസിൽ എങ്ങനെയാണ് എത്തിയതെന്ന് ആർക്കുമറിയില്ല. ആഫ്രിക്കയിൽ നിന്നുള്ള കപ്പലുകളിൽ എത്തിയതാണെന്നും, ആഫ്രിക്കയിൽ നിന്നു വളർത്താനായി കൊണ്ടുവന്ന ആരോ ഉപേക്ഷിച്ചതിനാൽ പെരുകിയതാണെന്നും അഭ്യൂഹങ്ങളുണ്ട്. യുഎസ് കൂടാതെ ഫ്രാൻസ്, പോർച്ചുഗൽ, ചിലി, ഇറ്റലി, ചൈന എന്നിവിടങ്ങളിലും ഇത്തരം തവളകൾ ആവാസമുറപ്പിച്ച് പരിസ്ഥിതി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

മറ്റുമേഖലകളിൽ നിന്നു വേറൊരു സ്ഥലത്തെത്തി പെരുകി അധീശത്വം ഉറപ്പിക്കുന്ന ജീവിവർഗങ്ങൾ (ഇൻവേസീവ് സ്പീഷീസ് ) ഇന്നു ലോകപരിസ്ഥിതി രംഗത്തെ വലിയൊരു പ്രശ്‌നമായി മാറിയിട്ടുണ്ട്. യുഎസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണു പ്രശ്‌നത്തിന്റെ വ്യാപ്തി കൂടുതൽ. ഇത്തരം ജീവികളെ നിയന്ത്രിക്കുന്നതിനും ചെറുക്കുന്നതിനുമായി യുഎസ് പ്രതിവർഷം 120 മില്യൺ ഡോളർ ചെലവാക്കുന്നുണ്ടെന്നാണു കണക്ക്.

English Summary: Clawed frogs from Western Africa have shown up in the Tampa Bay area

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com