ADVERTISEMENT

രാത്രിയിലും കണ്ണുകാണാനാകുന്ന സംവിധാനം, അത്യാധുനിക തോക്കുകൾ, മയക്കിക്കിടത്താൻ ഉപയോഗിക്കുന്ന തരം വെടിയുണ്ടകൾ,  അത്യാധുനിക ജിപിഎസ് തുടങ്ങി ഹെലികോപ്റ്ററുകൾ വരെ സ്വന്തമാക്കിയാണ് ഈ വനംകൊള്ളക്കാർ കാണ്ടാമൃഗവേട്ടയ്ക്കിറങ്ങുന്നത്. രാജ്യാന്തര ബന്ധമുള്ള സംഘടിത ക്രിമിനലുകൾ മാത്രമല്ല, വേട്ടയിലെ സ്പെഷലിസ്റ്റുകളും ഭീകരവാദ ഗ്രൂപ്പുകളും വരെ പങ്കാളികളാണ് ഈ പാവം ‘ഒറ്റക്കൊമ്പൻ’ മൃഗങ്ങളെ കൊന്നൊടുക്കാൻ.

എല്ലാറ്റിനും കാരണം അവയുടെ മുഖത്തെ ആ ‘കൊമ്പാണ്’; അവയുടെ ഭംഗിയും ശാപവും അതു തന്നെ. മനുഷ്യ ശരീരത്തിലെ മുടിയിലും നഖത്തിലുമെല്ലാം അടങ്ങിയിട്ടുള്ള കെരാറ്റിൻ എന്ന നിർമാണഘടകമാണ് ആ കൊമ്പിനു പിന്നിലും. അതായത് രോമങ്ങൾ കാലക്രമേണ കൂടിച്ചേർന്നാണ് കൊമ്പായത്. വിവിധ ഇനങ്ങളനുസരിച്ച് കാണ്ടാമൃഗക്കൊമ്പ് ഒരെണ്ണത്തിന് ഒന്നു മുതൽ മൂന്നു കിലോഗ്രാം വരെ ഭാരമുണ്ടാകും. രാജ്യാന്തരതലത്തില്‍ ഇവയുടെ വിൽപന 1970കളിൽത്തന്നെ നിരോധിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് ഇവയുടെ കൊമ്പിന് കിലോയ്ക്ക് ഒരു ലക്ഷം ഡോളർ വരെയാണു വില. അതായത് ഏകദേശം 65 ലക്ഷത്തിനടുത്ത് രൂപ!! സ്വർണത്തേക്കാളും പ്ലാറ്റിനത്തെക്കാളുമെല്ലാം ഇരട്ടിയിലേറെ വില. ഇത്തരം വിൽപന നിരോധിച്ച വസ്തുക്കൾ വിൽക്കുന്ന ‘കരിഞ്ചന്ത’യിലാകട്ടെ കൊക്കെയ്നെക്കാളും അപൂർവ വജ്രത്തെക്കാളുമെല്ലാം വില വരും ഒരു കാണ്ടാമൃഗക്കൊമ്പിന്. 

rhinoceros-hunted-for-its-horn11

കാണ്ടാമൃഗം ജീവനോടെ തന്നെയിരിക്കുമ്പോൾ കൊമ്പെടുക്കണമെന്നാണ്. അതിനാൽത്തന്നെ അവയെ മയക്കുവെടി വച്ചു വീഴ്ത്തിയാണ് കൊമ്പ് അറുത്തെടുക്കുക. അപ്പോഴേക്കും മുഖം തകർന്ന് പ്രാണൻ പോയിട്ടുണ്ടാകും. ചില ഭീമാകാരന്മാരെ എകെ 47 പോലുള്ള മാരകായുധങ്ങൾ കൊണ്ടു തന്നെ വെടിവച്ചു വീഴ്ത്തിയാണ് കൊമ്പെടുക്കൽ. ഈ പാവം ‘ഭീമന്മാരെ’ വേട്ടക്കാരിൽ നിന്ന് രക്ഷിക്കാനായി പല വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലും കൊമ്പ് മുറിച്ചുമാറ്റുന്ന പദ്ധതിയുണ്ട്. പക്ഷേ വീണ്ടും മുളച്ചു വരാനായി ഒരു ചെറിയ ‘കുറ്റി’ ബാക്കി വയ്ക്കും. ഈ കുറ്റിക്കു പോലും വൻവില ലഭിക്കുന്നതിനാൽ വേട്ടക്കാർ കൊമ്പ് മുറിച്ചുമാറ്റിയ കാണ്ടാമൃഗങ്ങളെയും വെറുതെവിടാറില്ല. കഷ്ടപ്പെട്ട് കണ്ടെത്തി ഒടുവിൽ കൊമ്പില്ലെന്നു കാണുമ്പോൾ കൊലപ്പെടുത്തി ദേഷ്യം തീർക്കുന്നവരുമുണ്ട്. 

പക്ഷേ ഇത്രയും ക്രൂരമായി, ഇത്രയേറെ വില കൊടുത്ത് എന്തിനാണ് മനുഷ്യർ ഈ പാവം മൃഗത്തിന്റെ കൊമ്പെടുക്കുന്നത്? എല്ലാം വെറും അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്നു മാത്രമേ പറയാനാകൂ. ചൈനീസ് നാടോടിമരുന്നുകളിൽ ചിലതിൽ പണ്ട് കാണ്ടാമൃഗക്കൊമ്പ് പൊടിച്ചു ചേർക്കുമായിരുന്നു. എന്നാല്‍ നിരോധനം വന്നതിനെത്തുടർന്ന് 1990കളിൽ അത്തരം മരുന്നുകളിൽ നിന്ന് ‘കൊമ്പുപൊടി’ ഒഴിവാക്കി. അതോടെയാണ് കരിഞ്ചന്തയിൽ കാണ്ടാമൃഗക്കൊമ്പിന് വിലയേറിയത്. ചൈനയിൽ കാൻസറിനുള്ള മരുന്നായിട്ടാണ് കൊമ്പുപൊടി ഉപയോഗിച്ചതെന്ന് ഒരു വാർത്ത വന്നു. അതോടെ കൊമ്പിന് എത്ര കോടി മുടക്കാനും പണക്കാർ തയാറായി. സാധാരണക്കാരന് അപ്രാപ്യമാവുകയും കാശുള്ളവർ എത്ര മുടക്കാനും തയാറാവുകയും ചെയ്തതോടെ കാണ്ടാമൃഗത്തിന്റെ കഷ്ടകാലം തുടങ്ങി. വിയറ്റ്നാമിലായിരുന്നു ഇതിന് ഏറ്റവും ആവശ്യക്കാർ. ‌

മദ്യത്തിൽ ഈ പൊടി ചേർത്തു കഴിച്ചാൽ കരളിനു നല്ലതെന്നായിരുന്നു ഒരു വിശ്വാസം. എത്ര കുടിച്ചാലും പിന്നെ കരളിന് യാതൊരു കുഴപ്പവും വരില്ലത്രേ! തീർന്നില്ല, കൊക്കെയ്നു പകരം വില കൂടിയ ലഹരി വസ്തുവായും ഈ പൊടി ഉപയോഗിക്കുന്നുണ്ട്. ‘ലക്ഷാധിപതിയുടെ ലഹരിക്കൂട്ട്’ എന്നാണ് ഇതിന് കരിഞ്ചന്തയിലെ ഇരട്ടപ്പേരു തന്നെ. മദ്യപിച്ചതിന്റെ ഹാങ് ഓവർ മാറി ‘എനർജറ്റിക്’ ആകാനും കാണ്ടാമൃഗക്കൊമ്പ് പൊടി മികച്ച ഔഷധമാണെന്നും പ്രചാരണമുണ്ടായി. അതിനിടെ നടന്ന ശാസ്ത്രീയ പരീക്ഷണങ്ങളിലെല്ലാം മനുഷ്യന്റെ മുടിയിലും നഖത്തിലുമുള്ള ഘടകങ്ങൾ തന്നെയേ കാണ്ടാമൃഗക്കൊമ്പിലുമുള്ളതെന്നു കണ്ടെത്തി, കൊമ്പിന് അൽപം പോലും ഔഷധഗുണമില്ലെന്നും. എന്നിട്ടും വേട്ട തുടർന്നു. വീട്ടിൽ ഈ കൊമ്പ് സൂക്ഷിക്കുന്നത് പലരുടെയും അന്തസ്സിന്റെയും സമ്പന്നതയുടെയും പ്രതീകമായും മാറി. 

അതിനിടെ ലോകമെമ്പാടും തിരഞ്ഞുപിടിച്ചുള്ള വേട്ടയിലൂടെ കാണ്ടാമൃഗത്തിന്റെ സബ്സ്പീഷീസുകളിൽ പലതും വംശമറ്റും പോയി. പരിസ്ഥിതി സംരക്ഷണത്തിന് നാം മുറവിളി കൂട്ടുന്ന ഈ കാലത്തു തന്നെ നമ്മുടെ കണ്മുന്നിൽ നിന്ന് രണ്ടിനം കാണ്ടാമൃഗങ്ങൾ എന്നന്നേക്കുമായി ഇല്ലാതായിരുന്നു. ലോകത്ത് അവശേഷിച്ചിരുന്ന‘ജാവൻ കാണ്ടാമൃഗ’ത്തിലെ രണ്ടാം സബ് സ്പീഷീസ് ആയ  ഒരേയൊരു പെൺ ഇനം 2010 ഏപ്രിലിൽ വിയ്റ്റ്നാമിൽ വെടിയേറ്റു ചത്തതോടെ അതിന്റെ വംശമറ്റു. ഒന്നാം സബ്സ്പീഷീസ് നേരത്തേ ഭൂമിയോടു യാത്ര പറഞ്ഞിരുന്നു. മൂന്നാം വിഭാഗത്തിൽ ഇനി ശേഷിക്കുന്നത് വെറും വിരലിലെണ്ണാവുന്നവ, അതും ഇന്തൊനീഷ്യയിൽ മാത്രം. അതിനു മുൻപ് ലോകത്തിൽ അവശേഷിച്ചിരുന്ന ഒരേയൊരു ‘വെസ്റ്റേൺ ബ്ലാക് റൈനോ’യും 2006ൽ യാത്ര പറഞ്ഞു പോയിരുന്നു. 

ആഫ്രിക്കയിലായിരുന്നു ഇവ പ്രധാനമായും ജീവിച്ചിരുന്നത്. ഇന്ന് കാണ്ടാമൃഗങ്ങൾ ഏറ്റവുമധികം ഭീഷണി േനരിടുന്നതും ആ ഭൂഖണ്ഡത്തിലാണ്. 2018ൽ മാത്രം 900 കാണ്ടാമൃഗങ്ങളെയാണ് അവിടെ വേട്ടക്കാർ കൊലപ്പെടുത്തിയത്. വേൾഡ് വൈൽഡ് ‌ലൈഫ് ഫണ്ടിന്റെ കണക്കു പ്രകാരം ഇന്ത്യയിൽ ആകെ 3500 കാണ്ടാമൃഗങ്ങളുണ്ടെന്നാണ്. ഇതിൽ 2400 എണ്ണവും കാസിരംഗയിലാണുള്ളത്. സംരക്ഷണം ശക്തിപ്പെടുത്തയതിനെത്തുടർന്ന് ഇന്ത്യയിലുൾപ്പെടെ കാണ്ടാമൃഗവേട്ട കുറയുന്നുണ്ട്. പക്ഷേ വളരെ കുറഞ്ഞ തോതിൽ മാത്രം. വെറും വിശ്വാസത്തിന്റെ പേരിലാണ് ഒരു ജീവിവർഗത്തെ നശിപ്പിക്കുന്നതെന്നോർക്കണം.

English Summary: Rhinoceros, hunted for its horn, the Dark World of the Rhino Horn Trade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com