ADVERTISEMENT

സ്വയം പ്രകാശിക്കാൻ കഴിവുള്ള  വിവിധ ഇനം ജീവികളെയും സസ്യങ്ങളെയും ശാസ്ത്രലോകം  തിരിച്ചറിഞ്ഞിട്ടുണ്ട്. അക്കൂട്ടത്തിൽ പുതിയതായി ഇടം നേടിയിരിക്കുകയാണ് ഒരിനം കൂണുകൾ. മേഘാലയിലെ കാടുകളിലാണ് ഇരുളിൽ സ്വയം തിളങ്ങുന്ന കൂണുകൾ വളരുന്നത്. ഇലക്ട്രിക് കൂണുകൾ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്.

വടക്കു കിഴക്കൻ ഇന്ത്യയിലെ വനങ്ങളിൽ വളരുന്ന കൂണുകളെ കുറിച്ച് പഠനം നടത്തുന്നതിനിടെയാണ്  സ്വയം പ്രകാശിക്കാൻ കഴിയുന്ന കൂണുകളെ  കണ്ടെത്തിയത്. ഇവയെ കണ്ടെത്തുന്നതിനായി പ്രദേശവാസികളുടെ സഹായവും ഗവേഷകർ തേടിയിരുന്നു. മേഘാലയിലെ മോളിനോങ്, ക്രാങ്ഷുരി എന്നിവിടങ്ങളിലാണ് കൂണുകൾ കണ്ടെത്തിയത്. മുളയുടെ തണ്ടിൽ പറ്റിപ്പിടിച്ച നിലയിലാണ് ഇവ വളരുന്നത്. അതിനാൽ റോറിഡോമൈസസ് ഫിലോസ്റ്റാച്ചിഡിസ് എന്നാണ് ഇവയ്ക്ക് നൽകിയിരിക്കുന്ന ശാസ്ത്രനാമം.

ലൂസിഫെറസെ എന്ന എൻസൈമിന്റെ സാന്നിധ്യം മൂലമാണ് കൂണുകൾക്ക് സ്വയം പ്രകാശിക്കാൻ സാധിക്കുന്നത്. ശാസ്ത്രീയമായി വിശകലനം ചെയ്യുമ്പോൾ  ഇവ സ്വയം പ്രകാശിക്കുന്നതിന് ഒട്ടേറെ വിശദീകരണങ്ങൾ നൽകാനാകുമെങ്കിലും പ്രാണികളെ ആകർഷിക്കാനുള്ള ഒരു മാർഗമാണിതെന്നാണ് ഏറ്റവും ലളിതമായ  വിശദീകരണം. ഇവയുടെ പ്രകാശം കണ്ടു പ്രാണികൾ അടുത്തെത്തുകയും അതുവഴി പരാഗണം നടത്താനാവുകയും ചെയ്യുമെന്ന് ആസമിലെ റെയിൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ രാജേഷ് കുമാർ വ്യക്തമാക്കി. ഇതിനുപുറമേ സസ്യങ്ങൾ ഭക്ഷിക്കാനെത്തുന്ന ജീവികളിൽ നിന്നും സ്വയം രക്ഷ നേടാനും ഈ മാർഗം ഉപകരിക്കുന്നു.

പുതിയ ഇനം കൂണുകളുടെ തണ്ടുകൾ മാത്രമാണ് സ്വയം പ്രകാശിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.  മേഘാലയയ്ക്കു പുറമേ കേരള, മഹാരാഷ്ട്ര, ഗോവ എന്നിവയടക്കം ഇന്ത്യയുടെ മറ്റു ചില ഭാഗങ്ങളിലും  സ്വയം പ്രകാശിക്കുന്ന കൂണുകളെ കണ്ടെത്തിയതായി മുമ്പ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ അവയിൽ പലതും ശാസ്ത്രീയമായി രേഖപ്പെടുത്തിയിട്ടില്ല. പുതിയ ഇനത്തിന്റെ കണ്ടെത്തലോടെ ആഗോളതലത്തിൽ കണ്ടെത്തിയ സ്വയം പ്രകാശിക്കാൻ കഴിവുള്ള ഫംഗസുകളുടെ എണ്ണം 97 ആയി. എന്നാൽ ഇവയെ കണ്ടെത്തുന്നത് അപൂർവങ്ങളിൽ അപൂർവമാണെന്ന് ഗവേഷകർ പറയുന്നു.  ജീവശാസ്ത്ര ജേർണലായ ഫൈറ്റോടാക്സയിലാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

English Summary: The Mystery Behind Meghalaya's Rare 'Electric Mushrooms' That Glow In The Dark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com