ADVERTISEMENT

മരങ്ങൾ നമുക്കും ഭൂമിക്കും വേണ്ടി ചെയ്യുന്ന സഹായങ്ങൾ ഏറെയുണ്ട്. അത്രയും സ്നേഹത്തോടെ നമുക്കു വേണ്ടി പ്രവർത്തിക്കുന്ന മരങ്ങളെ നമ്മളും തിരിച്ചു സ്നേഹിക്കേണ്ടേ? അത്തരമൊരു സ്നേഹത്തിന്റെ കഥയുണ്ട് ഇന്തൊനീഷ്യയിൽ. വർഷങ്ങൾക്കു മുൻപ് ബാലിയിലെ പർവതപ്രദേശത്തേക്ക് ഒരു റോഡ് നിർമിക്കാനായി സർക്കാർ തീരുമാനിച്ചു. ടൂറിസം രാജ്യത്തിന്റെ പ്രധാന വരുമാന മാർഗമായതിനാൽ എന്തുവില കൊടുത്തും മികച്ച റോഡൊരുക്കാനായിരുന്നു നിർദേശം. പക്ഷേ ബൂനുത് ബോലോങ് എന്ന ഗ്രാമത്തിലെത്തിയ എൻജിനീയർമാർ വലഞ്ഞു പോയി. കാരണം റോഡ് പണിയാൻ നിശ്ചയിച്ച റൂട്ടിന്റെ ഒത്ത നടുവിൽ ഒരു വലിയ മരം. കണ്ടാലറിയാം, വർഷങ്ങൾ പഴക്കമുള്ള ഒരു മരമുത്തശ്ശിയാണത്. ആ ഗ്രാമത്തിന്റെ പേരു തന്നെ മരത്തിന്റെ പേരിൽ നിന്നുണ്ടായതാണ്. 

ബൂനുത് എന്നാല്‍ ഇന്തൊനീഷ്യയിൽ കാണപ്പെടുന്ന പേരാൽ കുടുംബത്തിലെ, ഒരു മരമാണ്. ബോലോങ് എന്നാൽ ദ്വാരം എന്നാണർഥം. ബൂനുത് ബോലോങ് എന്നാൽ ദ്വാരമുള്ള മരം.  ആ മരത്തിന്റെ ഏറ്റവും താഴെ വേരുകൾ വളഞ്ഞ് ഒരു ദ്വാരം പോലെ രൂപപ്പെട്ടതു കൊണ്ടായിരുന്നു ആ പേര്. സത്യത്തിൽ വേരല്ല, പേരാലിന്റെ ശാഖകൾ താഴേക്കിറങ്ങി അവ കൂടിച്ചേർന്നാണ് ആ കവാടം പോലുള്ള ഭാഗം രൂപപ്പെട്ടത്. രണ്ട് കടുവകളുടെ ആത്മാക്കളാണ് ആ മരത്തിന്റെ കാവൽക്കാരെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. മാത്രവുമല്ല 100 വർഷം മുൻപ് അതുവഴി പോയ ഒരു സന്യാസിവര്യന്റെ വിഗ്രഹം സ്ഥാപിച്ച ക്ഷേത്രവുമുണ്ട് മരത്തിനു താഴെ.

bunut-bolong-the-tree-with-a-hole-that-keeps-tiger-spirits1

പ്രദേശത്തിന്റെ ഐശ്വര്യമായ മരം മുറിക്കാൻ ജനം ഒരുതരത്തിലും സമ്മതിച്ചില്ല. മരത്തിലെ ആത്മാക്കൾ കോപിക്കുമെന്ന ഭയം വേറെയും. മരം മുറിക്കാതെ റോഡ് പണിയാനാകില്ലെന്ന് എൻജിനീയർമാരും. ഒടുവിൽ പ്രാദേശിക ഭരണാധികാരികള്‍ തന്നെ ഇടപെട്ടു. മരത്തിനു താഴെയുള്ള കവാടത്തെ കൂടി ഉൾപ്പെടുത്തി, അതിനകത്തു കൂടെ വാഹനങ്ങൾ പോകുന്ന വിധം റോഡ് തയാറാക്കുക. അങ്ങിനെത്തന്നെ നിർമാണവും നടന്നു. ബൂനുത് ബോലോങ് മരത്തിന്റെ ശാഖകളൊന്നും ഇതുവരെ വെട്ടിയൊതുക്കിയിട്ടില്ല. അതിനാൽത്തന്നെ അവയിപ്പോഴും വളരുകയാണ്. പക്ഷേ ഒരിക്കൽ പോലും റോഡ്ഗതാഗതത്തെ തടസ്സപ്പെടുത്തും വിധം അവ വളർന്നിട്ടില്ല. മാത്രവുമല്ല ഇപ്പോഴും രണ്ട് കാറുകൾക്ക് ഒരേസമയം അതിനകത്തു കൂടെ കടന്നു പോകാം. വാനുകൾക്കും ട്രക്കുകൾക്കും വരെ പോകാം. പ്രദേശവാസികളുടെ വിശ്വാസ പ്രകാരം വലിയ വാഹനങ്ങൾ വരുമ്പോൾ വേരുകൾ ചുരുങ്ങി അവയ്ക്കായി ‘കവാടം’ വലുതാക്കി നൽകുമത്രേ! 

മനുഷ്യൻ ചെയ്ത നന്മയ്ക്കുള്ള സ്നേഹസമ്മാനം പോലെ. തീർന്നില്ല, ടൂറിസം വികസനത്തിനു വേണ്ടി വെട്ടിമാറ്റാനൊരുങ്ങിയ മരമിപ്പോൾ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രം കൂടിയാണ്. ഹിൽസ്റ്റേഷനിലേക്കു പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ താൽകാലിക വിശ്രമകേന്ദ്രവും. ഇന്തൊനീഷ്യയിൽ തീർച്ചയായും കാണേണ്ടയിടങ്ങളുടെ പട്ടികയിലും ഈ മരമുണ്ട്. നല്ല തണുത്ത അന്തരീക്ഷത്തിൽ കുളിരുള്ള കാഴ്ചയായി ബൂനുത് ബോലോങ്. ട്രാവൽ ഏജൻസികളിലെല്ലാം മരങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും സഹിതം യാത്രാപാക്കേജുകളും റെഡി. വെട്ടാതെ കാത്തുവച്ച ഒരൊറ്റ മരം സമ്മാനിച്ച സൗഭാഗ്യങ്ങൾ ഇത്രയേറെയെങ്കിൽ ഒട്ടേറെ മരങ്ങളെ മഴുതൊടാതെ കാത്തുവച്ചാലുള്ള ഭാഗ്യമെത്ര ഇരട്ടിയായിരിക്കും.

English Summary: Bunut Bolong in Jembrana Giant Hollow Banyan in West Bali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com