ADVERTISEMENT

സസ്യങ്ങൾ സമ്മർദാനുഭവങ്ങൾ (സ്ട്രെസ് എക്സ്പീരിയൻസ്) സന്തതികളിലെ ജനിതക ഘടനയിലെ തകരാർ പരിഹരിക്കുന്ന ജീനിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം. പെരിയ കേരള കേന്ദ്ര സർവകലാശാല പ്ലാന്റ് സയൻസ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. ജാസ്മിൻ എം. ഷാ, ഗവേഷക വിദ്യാർഥി ഡോ. ജോയസ് ടി. ജോസഫ് എന്നിവർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. സസ്യങ്ങൾക്ക് തലച്ചോറില്ലെങ്കിലും ഓർമശക്തിയുണ്ട്.

അവരുടെ അനുഭവങ്ങളുടെ പ്രസക്ത ഭാഗം ആദ്യത്തെയും രണ്ടാമത്തെയും തലമുറ സന്തതികളിലേക്ക് കൈമാറ്റം ചെയ്യാൻ സാധിക്കും. കോഡ് ഭാഷയുടെ രൂപത്തിലാണ് അനുഭവങ്ങൾ കൈമാറുന്നതെന്നും പഠനത്തിൽ വ്യക്തമായി. ഇത് മനുഷ്യരുമായും താരതമ്യപ്പെടുത്താവുന്നതാണ്. 2015ൽ ന്യൂയോർക്കിലെ മൗണ്ട് സിനായി ആശുപത്രിയിലെ ഗവേഷക സംഘം ഹോളോകോസ്റ്റ് ഇരകൾക്ക് അവരുടെ അനുഭവം കുട്ടികളുടെ ഡിഎൻഎയിലേക്ക് കൈമാറാൻ ശേഷിയുള്ളതായി കണ്ടെത്തിയിരുന്നു.

എപ്പിജനിക് മെമ്മറി എന്നാണ് ശാസ്ത്രലോകം ഇതിനെ വിളിക്കുന്നത്. സസ്യങ്ങളിൽ ഇത്തരം എപിജനെറ്റിക് മെമ്മറി കൂടുതൽ രോഗപ്രതിരോധശേഷി ഉണ്ടാക്കുകയോ സമാനമായ സമ്മർദ്ദം നേരിടാൻ നന്നായി തയാറാക്കുകയോ ചെയ്യുമെന്ന്  ഡോ.ജാസ്മിൻ ഷാ പറഞ്ഞു. ക്രൗൺ ഗാൾ രോഗത്തിന് കാരണമാകുന്ന അഗ്രോബാക്ടീരിയം ട്യൂമിഫേഷിൻസ് സംക്രമിപ്പിച്ച് അറാബിഡോപ്‌സിസ് താലിയാന എന്ന സസ്യത്തിലാണ് പരീക്ഷണം നടത്തിയത്. ഇതിന്റെ മൂന്ന് തലമുറ  സന്തതി സസ്യങ്ങളെ പഠനത്തിന് വിധേയമാക്കി. സസ്യങ്ങൾ ബാക്ടീരിയ അണുബാധയ്ക്ക് വിധേയരായതിന്റെ ഓർമ പ്രദർശിപ്പിച്ചതായും ഈ വിവരങ്ങൾ രണ്ടാം തലമുറ സന്തതികളിലും കണ്ടെത്താനും പഠനത്തിൽ സാധിച്ചു.

ജനിതകമാറ്റം വരുത്തിയ (ജിഎം) വിളകൾ ഉൽപാദിപ്പിക്കുന്നതിനും അഗ്രോബാക്ടീരിയം ഉപയോഗിക്കുന്നുണ്ട്. സസ്യങ്ങളിൽ അഗ്രോബാക്ടീരിയം-ഇൻഡ്യൂസ്ഡ് മെമ്മറി റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ പഠനമാണ് തങ്ങളുടേതെന്നും ഡോ. ജാസ്മിൻ പറഞ്ഞു.  സസ്യങ്ങളുടെ ഡിഫൻസ് ഡിഎൻഎയിൽ മറ്റ് ചില രോഗകാരികളായ ബാക്ടീരിയകൾ ഓർമ ഉണ്ടാക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇപ്പോഴത്തെ പഠനത്തിൽ ബാക്ടീരിയ ബാധിച്ച മാതൃസസ്യത്തിന്റെ അനുഭവം ജനിതക ഘടനയിലെ തകരാർ പരിഹരിക്കുന്ന ഒന്നും രണ്ടും തലമുറയിലെ സസ്യങ്ങളിലെ ജീനിലാണ് കണ്ടെത്തിയത്.

സമ്മർദാനുഭവങ്ങൾ മാതൃസസ്യത്തിൽ ജനിതകമാറ്റങ്ങൾക്ക് കാരണമാകുന്നുമില്ല. രോഗങ്ങൾ, വരൾച്ച, പട്ടിണി എന്നിവ കാരണമായുണ്ടാകുന്ന സമ്മർദാനുഭവങ്ങൾ ഡിഎൻഎയിൽ എപിജനെറ്റിക് അടയാളങ്ങൾ സൃഷ്ടിക്കും. സന്തതികളിലൂടെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിനുള്ള നാന്ദിയായി ഇത് മാറുന്നു. പ്ലാന്റ് മോളിക്യുലാർ ബയോളജി റിപ്പോർട്ടർ എന്ന രാജ്യാന്തര ജേർണലിൽ ഈ ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English Summary: CUK study finds plants transfer stress experience to progenies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com