ADVERTISEMENT

വടക്കന്‍ കാരലൈനയില്‍ പസിഫിക്കിനോട് ചേര്‍ന്നുള്ള തീരമേഖലയിലെ വനമേഖലയാണ് ഇന്ന് പ്രേതവനങ്ങളെന്ന് വിളിക്കപ്പെടുന്ന രീതിയിലേക്ക് രൂപം മാറിയിരിക്കുന്നത്. നിരന്തരം വെള്ളപ്പൊക്കം നേരിടുന്ന പ്രദേശമാവുകയും ഇതു വഴി വര്‍ഷത്തില്‍ ഏതാണ്ട് എല്ലാ ദിവസവും ഒരു തടാകത്തിലെന്ന പോലെ തുടരുകയും ചെയ്തതോടെയാണ് ഈ വനമേലയിലെ മരങ്ങളുടെ രൂപം മാറാന്‍ തുടങ്ങിയത്. ഇന്ന് തീരമേഖലയോട് ചേർന്ന് നില്‍ക്കുന്ന മരങ്ങളെല്ലാം തന്നെ വരള്‍ച്ച മുരടിച്ച് ഭൂരിഭാഗം ചില്ലകളും കൊഴിഞ്ഞ് പേരിന് മാത്രം പച്ചപ്പ് അവശേഷിക്കുന്ന അവസ്ഥയിലാണുള്ളത്.

വടക്കന്‍ കാരലൈന പൊതുവെ ചതുപ്പ് നിലങ്ങള്‍ ഏറെയുള്ള പ്രദേശമാണ്. പ്രത്യേകിച്ചും കാരലൈനയുടെ തീരദേശ മേഖലകള്‍. മാറുന്ന കാലാവസ്ഥാ സാഹചര്യത്തില്‍ ഈ ചതുപ്പ് നിലങ്ങള്‍ എങ്ങനെ കടല്‍ജലനിരപ്പ് വർധിക്കുന്നതിനോട് പ്രതികരിക്കുന്നു എന്നതാണ് ഈ മേഖലയില്‍ ഗവേഷകര്‍ നിരീക്ഷിച്ചു വരുന്നത്. ഈ പഠനത്തില്‍ നിർണായക തെളിവായി മാറുകയാണ് വടക്കന്‍ കാരലൈനയിലെ പ്രേതവനങ്ങള്‍. ഈ വനമേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സ്വാഭാവികമായും മരങ്ങളെ മാത്രമല്ല ഇതോടൊപ്പം പ്രദേശത്തെ ജൈവവ്യവസ്ഥയേയും മറ്റ് ജീവജാലങ്ങളെയും ചെറുസസ്യങ്ങളെയും വരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൂടാതെ ഈ മാറ്റങ്ങള്‍ മേഖലയിലെ ജനജീവതത്തെയും പ്രദേശിക കാര്‍ഷിക വ്യവസ്ഥയേയും സാമ്പത്തിക നിലയെ പോലും സ്വാധീനിച്ചു തുടങ്ങിയിട്ടുണ്ട്.

സമുദ്രനിരപ്പ് വർധിക്കുന്നതിലൂടെ ഭൂപ്രതലത്തിന് മുകളിലൂടെയും അല്ലാതെയും സമുദ്രജലം ഈ ചതുപ്പ് നിലങ്ങളിലേക്കെത്തുന്നുണ്ട്. ലവണാംശമുള്ള സമുദ്രജലം ഭൂഗര്‍ഭജലവുമായി ചേര്‍ന്നാണ് ഭൂപ്രതലത്തിനടിയിലൂടെ ഈ ചതുപ്പ് നിലങ്ങളിലേക്കെത്തുന്നത്. വെള്ളപ്പൊക്ക സമയത്ത് കടല്‍ജലം ഉപരിതലത്തിലേക്കെത്തി അല്‍പനാള്‍ ലവണാംശമുള്ള ജലം മേഖലയില്‍ കെട്ടി കിടക്കുന്നത് മുന്‍പും പതിവാണ്. എന്നാല്‍ വെള്ളപ്പൊക്കത്തിന്‍റെ ഇടവേളകള്‍ കുറഞ്ഞതോടെ മേഖലയിലെ മണ്ണില്‍ നിന്ന് ഭൂഗര്‍ഭ ശുദ്ധജലം പിന്‍മാറുകയും ലവണാംശം വർധിക്കുകയും ചെയ്തു. ഇതാണ് മരങ്ങളുടെ കൂട്ടത്തോടെയുള്ള ശോഷണത്തിലേക്കു നയിച്ചത്.

ഭൂഗര്‍ഭജലത്തിലൂടെ മാത്രമല്ല, ഇതിന് പുറമെ മേഖലയിലെ ചെറു തോടുകളിലൂടെയും കനാലുകളിലൂടെയും കടല്‍ജലം ഇപ്പോള്‍ ഉള്ളിലേക്ക് നിരന്തരമെത്തുന്നുണ്ട്. ഉപ്പ്‌വെള്ളത്തിന്‍റെ കടന്നു കയറ്റത്തോടെ ഇലകള്‍ കൊഴിഞ്ഞും തൊലി വരണ്ടും വൃദ്ധരായി മാറിയിരിക്കുകയാണ് മേഖലയിലെ വൃക്ഷങ്ങളെല്ലാം. ഈ സാഹചര്യത്തിലാണ്  ഈ വനമേഖലയെ പ്രേതക്കാടുകള്‍ എന്നും, ജീവിക്കുന്ന ശവക്കല്ലറകളെന്നും പ്രദേശവാസികളും ഗവേഷകരുമെല്ലാം വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. വനമേഖല പ്രേതക്കാടായി മാറിയതോടെ വംശനാശ ഭീഷണി നേരിടുന്ന ഏതാനും ജീവികളുടെ നിലനില്‍പും ഇപ്പോള്‍ ആശങ്കയിലാണ്. ചുവന്ന ചെന്നായ്ക്കള്‍, റെഡ് കോക്കേഡഡ് എന്ന വിഭാഗത്തില്‍ പെട്ട മരം കൊത്തി എന്നിവയാണ് മേഖലയിലെ വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍.

ചതുപ്പുനിലത്തില്‍ വളരുന്ന മരങ്ങളായതിനാല്‍ ഈ വനമേഖല ശരാശരിയിലും ഉയര്‍ന്ന അളവിലുള്ള കാര്‍ബണ്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അതിനാല്‍ തന്നെ ഈ വനമേഖലയുടെ തകര്‍ച്ച വലിയ അളവിലുള്ള കാര്‍ബണ്‍ അന്തരീക്ഷത്തിലേക്കെത്തുന്നതിനും കാരണമാകും. ഇത് മേഖലയിലെ തന്നെ താപനലയും ആഗോളതാപനത്തെയും സ്വാധീനിക്കാന്‍ ഇടയാകുമെന്നും ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. 

പ്രേതവനങ്ങളുടെ ആകാശക്കാഴ്ച

എത്ര വേഗത്തിലാണ് മേഖലയിലെ ചതുപ്പ് നിലത്തിലെ വനമേഖലഖലകള്‍ അവയുടെ ഓജസ്സ് നഷ്ടപ്പെട്ട് ഉണങ്ങുന്നതെന്ന് നിരീക്ഷിക്കാന്‍ ഗവേഷകര്‍ സാറ്റ്‌ലെറ്റ് ദൃശ്യങ്ങളുടെ സഹായം തേടിയിരുന്നു. നാസയുടെ എര്‍ത്ത് ഒബ്സര്‍വേറ്ററി സാറ്റ്‌ലെറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ ഈ പഠനം നടത്തിയത്. ഇതില്‍ ഏറ്റവും ഭയമുളവാക്കിയ ദൃശ്യം പ്രദേശത്തൂടെ കടന്നു പോകുന്ന ഹൈവേയുടെ ഇരുവശത്തു നിന്നുള്ള കാഴ്ചയാണ്. സാറ്റ്‌ലെറ്റ് ദൃശ്യങ്ങള്‍ ഈ ഹൈവേയുടെ തീരദേശ മേഖലയോട് ചേര്‍ന്ന വനമേഖല ഉണങ്ങി നില്‍ക്കുന്നതും ലവണ ജലം കടന്നുചെല്ലാത്ത മറുവശത്തെ മരങ്ങള്‍ ആരോഗ്യത്തോടെ നില്‍ക്കുന്നതും കാണാന്‍ കഴിയും. 

അലിഗേറ്റര്‍ ദേശീയ വന്യജീവി പാര്‍ക്ക് എന്ന സംരക്ഷിത മേഖലയുടെ ഭാഗമാണ് ഈ ചതുപ്പ് നിലത്തിലെ വനമേഖല. ഇപ്പോഴത്തെ കണക്കനുസരിച്ച് ഈ ദേശീയ പാര്‍ക്കിന്‍റെ ഏതാണ്ട് 10 ശതമാനത്തോളം ലവണാംശം വർധിച്ചതു മൂലം ഇതിനകം വരണ്ടു പോയിട്ടുണ്ട്. കഴിഞ്ഞ 35 വര്‍ഷത്തിനിടെയാണ് ഈ മേഖലയില്‍ ഇത്രയധികം വനമേഖല നഷ്ടമായത്. ആഗോളതാപനം മൂലമുള്ള കടലിന്‍റെ കടന്നു കയറ്റമല്ലാതെ മറ്റൊരു മനുഷ്യ ഇടപെടലും ഈ സംരക്ഷിത പ്രദേശത്തുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ നൂറ് കണക്കിന് ഹെക്ടര്‍ വരുന്ന ഇപ്പോഴത്ത വനമേഖലയുടെ നാശത്തിന് കാരണമായത് ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിച്ച കടല്‍ജലനിരപ്പ് വർധനവ് തന്നെയാണെന്ന് ഗവേഷകര്‍ പറയുന്നു. 

തുടക്കം മാത്രം

ഭൂമിയിലെ തന്നെ ഏറ്റവും താഴ്ന്ന മേഖലയിലുള്ള ചതുപ്പ് നിലങ്ങളില്‍ ഒന്നാണ് നോര്‍ത്ത് കാരലൈനയിലെ ഈ മേഖല. യുഎസ് മുതല്‍ മെക്സിക്കോ വരെയുള്ള പ്രദേശങ്ങളില്‍ സമാനമായ താഴ്ചയിലോ അതിലും താഴ്ന്നോ നിരവധി ചതുപ്പ് നിലങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഈ പ്രദേശങ്ങളിലെല്ലാം തന്നെ ഇപ്പോഴത്തെ ജലനിരപ്പ് വർധനവിന്‍റെ തോത് കണക്കാക്കിയാല്‍ വൈകാതെ ത്ലെ ഇവയെല്ലാം ലവണ ജലത്തിന്‍റെ പിടിയിലാകും. വനമേഖലകള്‍ മാത്രമല്ല ജനവാസ കേന്ദ്രങ്ങളും നഗരങ്ങളുമെല്ലാം ഈ ചതുപ്പ് നിലങ്ങളിലുണ്ട്. അതുകൊണ്ട് തന്നെ നോര്‍ത്ത് കാരലൈന മേഖലയിലെ ഇപ്പോഴത്തെ സ്ഥതി യുഎസിലെയും ലോകം മുഴുവനുമുള്ള തീരദേശങ്ങളിലെ ചതുപ്പ് നിലങ്ങളുടെയും നിലനില്‍പ് അപകടത്തിലാണെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. 

English Summary: Something Is Killing Trees, Creating 'Ghost Forests' Along The Atlantic Coast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com