കെണിയിലകപ്പെട്ട കുട്ടിയാന, ചുറ്റും കാവലായി കാട്ടാനക്കൂട്ടം; ഹെലികോപ്റ്ററിലെത്തി രക്ഷാപ്രവര്‍ത്തനം!

Baby Elephant Rescued From Snare By Kenyan Wildlife Team
Image Credit: Sheldrick Wildlife Trust
SHARE

പ്രകൃതിയിലെ മറ്റേതു പ്രതികൂല ഘടകങ്ങളുമായി താരതമ്യപ്പെടുത്തിയാലും മനുഷ്യര്‍ നടത്തുന്ന വേട്ട തന്നെയാണ് ഭൂമിയിലെ മിക്ക ജീവികളെയും വംശനാശത്തിലേക്ക് തള്ളിവിടുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. രണ്ട് തരത്തിലുള്ള വേട്ടകളാണ് മനുഷ്യര്‍ നടത്തുന്നത്. ഒന്ന് അവയുടെ ശരീരഭാഗങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണെങ്കില്‍ മറ്റൊന്ന് വിനോദത്തിന് വേണ്ടി നടത്തുന്ന ട്രോഫി ഹണ്ടിങ്ങാണ്. ഇത്തരത്തിലുള്ള രണ്ട് വേട്ടകള്‍ മൂലവും വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗമാണ് ആഫ്രിക്കന്‍ ആനകള്‍. രണ്ട് തരത്തിലുള്ള ആനകളാണ് ആഫ്രിക്കയിലുള്ളത്. ഈ വര്‍ഷം ആദ്യം തയാറാക്കിയ കണക്കുകള്‍ പ്രകാരം ഈ രണ്ട് വിഭാഗവും ഇന്ന് അതീവ വംശനാശ ഭീഷണി നേരിടുകയാണ്.

വംശനാശത്തിന്‍റെ വക്കിലെത്തി നില്‍ക്കുന്ന ജീവികളില്‍ നിന്ന് ഒരെണ്ണത്തെയെങ്കിലും അപകടത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഇത്തരമൊരു സന്തോഷകരമായ മുഹൂര്‍ത്തത്തിനാണ് കെനിയയിലെ ഷെല്‍ഡ്രിക് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് എന്ന സംഘടനയും കെനിയന്‍ വന്യജീവി വിഭാഗവും സാക്ഷ്യം വഹിച്ചത്. വേട്ടക്കാര്‍ തയാറാക്കിയ കയര്‍ കുരുക്കില്‍ പെട്ട കുട്ടിയാനയെ ഇവര്‍ സാഹസികമായി രക്ഷിക്കുകയായിരുന്നു. 

രക്ഷാ ദൗത്യം

കെനിയയിലെ ടാനാ നദിയക്കരയിലുള്ള ഒറ്റപ്പെട്ട ഇടുങ്ങിയ തുരുത്തിലാണ് ആനക്കുട്ടി കെണിയിൽ അകപ്പെട്ടത്. ആനകള്‍ സ്ഥിരമായി വരുന്ന വഴിയിൽ വേട്ടക്കാര്‍ കെണിയൊരുക്കിയതാണെന്ന് വ്യക്തം. ആഴത്തില്‍ തറച്ച ഒരു മരക്കുറ്റിയില്‍ വടം കൊണ്ട് കെട്ടി തയാറാക്കിയതായിരുന്നു കുടുക്ക്. ഏതാണ്ട് 2 വയസ്സില്‍ താഴെ മാത്രം പ്രായമുള്ള ആനക്കുട്ടിയാണ് ഈ കെണിയില്‍ കുരുങ്ങിയത്. ക്ലേശകരമായ ചുറ്റുപാടിന് പുറമെ രക്ഷാദൗത്യം സാഹസികമാകാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ആനക്കുട്ടിക്കൊപ്പമുള്ള കാട്ടാനക്കൂട്ടം ഇതേ പ്രദേശത്ത് തന്നെ തുടരുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആനക്കുട്ടിയെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ അവ ആക്രമിച്ചേക്കുമോ എന്ന ഭയവും രക്ഷാപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. 

baby-elephant-rescued-from-snare-by-kenyan-wildlife-team1
Image Credit: Sheldrick Wildlife Trust

രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററിലാണ് ആനക്കുട്ടിയുടെ സമീപത്തേക്കെത്തിയത്. അതുവരെ ആനക്കുട്ടിയെ കണ്ടെത്തിയ പ്രദേശത്ത് ആ മേഖലയിലുള്ള പ്രദേശിക സന്നദ്ധപ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്നു. ആനക്കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ആനക്കുട്ടിയെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഹെലികോപ്റ്റര്‍ ആനക്കൂട്ടത്തെ സുരക്ഷിത അകലത്തില്‍ നിര്‍ത്തുന്നതിനായി ശ്രമം തുടര്‍ന്നു. വൈകാതെ ആനക്കുട്ടിയെ നേരിയ തോതില്‍ മയക്കിയ ശേഷം രക്ഷാപ്രവര്‍ത്തകര്‍ കുരുക്കില്‍ നിന്ന് മോചിപ്പിച്ചു. കുരുക്ക് മുറുകി കാൽപാദത്തിലേക്കുള്ള രക്തയോട്ടം ഏതാണ്ട് നിലച്ച മട്ടിലായിരുന്നു ആനക്കുട്ടിയെന്ന് പിന്നീട് രക്ഷാ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വന്നതോടെ ആനക്കുട്ടി സ്വന്തം ആനക്കൂട്ടത്തിനൊപ്പം ചേരുന്ന കാഴ്ചയ് സാക്ഷ്യം വഹിച്ച ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ മടങ്ങിയത്. വടം കൊണ്ട് തയാറാക്കിയിരുന്ന ഈ കുടുക്ക് ആനകള്‍ക്ക് വേണ്ടി സ്ഥാപിച്ചതായിരിക്കില്ലെന്നാണ് പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ വിശദീകരിച്ചത്. പോത്തിനെയോ, മാനിനെയോ പിടികൂടാനായി സ്ഥാപിച്ചതാകും ഈ കെണിയെന്നും ഇവര്‍ കരുതുന്നു. അതേസമയം ഈ കെണിയില്‍പെടുന്ന ജീവികള്‍ രക്ഷപ്പെടാനായി ശ്രമിക്കുന്തോറും കുരുക്ക് മുറുകി കാലോ കഴുത്തോ ഒടിഞ്ഞു മരണം സംഭവിക്കുമെന്നും ഇവര്‍ പറയുന്നു.

കെനിയയിലെ വന്യജീവി സംരക്ഷണം

ഈ വര്‍ഷം സമാനമായ കുരുക്കില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ രക്ഷിക്കുന്ന രണ്ടാമത്തെ ആനക്കുട്ടിയാണ് ഇതെന്ന് കെനിയന്‍ വൈല്‍ഡ് ലൈഫ് ഡയറക്ടര്‍ പറയുന്നു. മറ്റ് മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കെനിയയിലെ ഇപ്പോഴത്തെ വന്യജീവി സംരക്ഷണ നടപടികള്‍ ഏറെ മുന്നിലാണ്. പ്രത്യേകിച്ചും സന്നദ്ധ സംഘടനകളും, വന്യജീവി വകുപ്പും, വനപാലകരും, പ്രാദേശിക പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്നാണ് കെനിയയിലെ വനമേഖലയും വന്യമൃഗങ്ങളെയും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. പ്രകൃതിയില്‍ മനുഷ്യ ഇടപെടലിലൂടെ കൊല്ലപ്പെടുന്ന ഓരോ ജീവിയും വനമേഖലയുടെ നിലനില്‍പിന് തന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവാണ് സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവരെ വന്യജീവി സംരക്ഷണം എന്ന വിഷയത്തില്‍ ഇപ്പോള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. 

English Summary: Baby Elephant Rescued From Snare By Kenyan Wildlife Team

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA