ജലം പാഴാക്കരുത്, ജീവജാലങ്ങള്‍ക്കായി പങ്കുവയ്ക്കാം: മഹത്തായ സന്ദേശവുമായി ഹ്രസ്വചിത്രം!
Mail This Article
വേനൽക്കാലം അതിന്റെ മൂർധന്യത്തിൽ എത്തിയതോടെ ജലദൗർലഭ്യവും രൂക്ഷമായി കഴിഞ്ഞു. ഈ സാഹചര്യത്തിൽ സകല ജീവജാലങ്ങളുടെയും നിലനിൽപിനായി ജലം പാഴാക്കാതെ പങ്കുവെക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് എന്ന് ഓർമ്മിപ്പിക്കുകയാണ് ഒരു ഹ്രസ്വചിത്രം. വേനൽക്കാലത്ത് പക്ഷിമൃഗാദികൾക്കു വേണ്ടി വെള്ളം കരുതി വയ്ക്കുന്നതിന്റെ പ്രാധാന്യമാണ് ' ഒരിറ്റ്' എന്ന ഹ്രസ്വചിത്രത്തിലൂടെ പറയുന്നത് .
വെള്ളം പാഴാക്കി കളയുന്ന വിദ്യാർത്ഥിനിക്ക് അത് കരുതി വയ്ക്കേണ്ടതിന്റെ പ്രാധാന്യം അധ്യാപിക മനസ്സിലാക്കി കൊടുക്കുന്നതും തുടർന്ന് കുട്ടിയിൽ ഉണ്ടാകുന്ന മാറ്റവുമാണ് ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം. പക്ഷികൾക്കായി ഓരോ വീട്ടുമുറ്റത്തും അല്പം വെള്ളം കരുതി വെക്കുന്നതിലൂടെ പ്രകൃതിയിൽ എത്ര വലിയ മാറ്റമുണ്ടാകുമെന്ന് കാണിച്ചുതരികയാണ് ഈ ഹ്രസ്വചിത്രം .
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാം ഗ്രൂപ്പിൻറെ 'ഷെയർ വാട്ടർ :സേവ് ലൈഫ്സ്' എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇറാം ഗ്രൂപ്പിൻറെ ചെയർമാനായ ഡോ. സിദ്ദിഖ് അഹമ്മദാണ് ആശയം ആവിഷ്കരിച്ചിരിക്കുന്നത്. തിരക്കഥയും സംവിധാനവും ഫറൂഖ് അബ്ദുൾ റഹ്മാൻ നിർവഹിച്ചിരിക്കുന്നു. രഘു മാജിക് ഫ്രെയിം ആണ് ചായാഗ്രാഹകൻ .
English Summary: Short film on Share Water save Lives