100 വർഷം മുൻപ് വംശനാശം സംഭവിച്ചെന്നു കരുതിയ ഭീമന്‍ ‘ആമയെ’ കണ്ടെത്തി

A Giant Tortoise Thought Extinct For Over 100 Years Has Been Found in Galapagos
Image credit: Galapagos Conservancy
SHARE

ഗലപ്പാഗോസ് ദ്വീപുകള്‍ എന്നും ഗവേഷകരെ അമ്പരപ്പിച്ചിട്ടേയുള്ളൂ. പരിണാമ സിദ്ധാന്തത്തിന്‍റെ പിതാവായ ഡാര്‍വിന്‍ മുതല്‍ ആധുനിക ജൈവശാസ്ത്ര ഗവേഷകരുടെ വരെ ഏറ്റവും പ്രിയപ്പെട്ട പഠനകേന്ദ്രങ്ങളില്‍ ഒന്നാണ് ഗലപ്പാഗോസ് ദ്വീപുകള്‍. വന്‍കരകളില്‍ നിന്ന് ഏറെ മാറി ഒറ്റപ്പെട്ടു കിടക്കുന്നതു മൂലം ഇവിടത്തെ ജീവികളുടെ ജനിതകപരമായ വ്യത്യസ്തതയാണ് ഈ ദ്വീപ സമൂഹത്തിന് ഗവേഷകര്‍ക്കിടയില്‍ ഇത്രയും സ്വീകാര്യത നല്‍കുന്നതും. ഇപ്പോള്‍ ഏറ്റവും ഒടുവിലായി വംശനാശം സംഭവിച്ചെന്ന് കരുതിയ ഒരു ഭീമന്‍ ആമ വംശത്തെ തിരികെ നല്‍കിക്കൊണ്ടാണ് ഗലപ്പാഗോസ് ദ്വീപുകള്‍ വീണ്ടും അദ്ഭുതപ്പെടുത്തുന്നത്.

ഒരു നൂറ്റാണ്ടോളം ഒളിവില്‍ കഴിഞ്ഞ ശേഷം ഈ ആമവംശം തിരികെയെത്തി എന്നതാണ് ഇവയെ വീണ്ടും കണ്ടെത്തിയ സംഭവത്തെ ഗവേഷകര്‍ വിശേഷിപ്പിച്ചത്. ഗലപ്പാഗോസ് ദ്വീപസമൂഹത്തിലെ ഫെര്‍ഡിനാഡോ ദ്വീപില്‍ നിന്ന് കണ്ടെത്തിയ ഒരു പെണ്‍ ആമയാണ് ഈ ആമവംശത്തിന് അന്ത്യം സംഭവിച്ചിട്ടില്ലെന്നു വ്യക്തമാക്കിയത്. ഗലപ്പാഗോസ് നാഷണല്‍ പാര്‍ക്ക് ഡയറക്ടറേറ്റ്, ഗാലപാഗോസ് കണ്‍സേര്‍വന്‍സി എന്നീ സംഘടനകളിലെ ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ ആമയെ തിരിച്ചറിഞ്ഞത്. ഫെര്‍നാഡോ ദ്വീപില്‍ നിന്ന് കണ്ടെത്തിയ ഒരു വംശത്തിന്‍റെ തന്നെ ഇപ്പോഴത്തെ പ്രതിനിധിയായ ഈ ആമയ്ക്ക് ഫെര്‍ണാഡാ എന്ന പേരാണ് ഗവേഷകര്‍ നല്‍കിയിരിക്കുന്നത്. 

കണ്ടെത്തിയ സമയത്ത് തന്നെ ഫെര്‍നാഡ, വംശനാശം സംഭവിച്ചെന്ന് കരുതിയ ആമവംശമാണെന്ന് പര്യവേഷണത്തിന് എത്തിയവര്‍ മനസ്സിലാക്കിയിരുന്നു. എങ്കിലും ശാസ്ത്രീയമായി തെളിയിച്ച ശേഷം മാത്രം ഇക്കാര്യം സ്ഥിരീകരിക്കാമെന്ന ധാരണയില്‍ ഇവരെത്തുകയായിരുന്നു. തുടര്‍ന്ന് കണ്ടെത്തിയ ആമയുടെ ഡിഎന്‍എ സാംപിളുകള്‍ പഠനത്തിനായി യേല്‍ സര്‍വകലാശാലയിലേക്കയച്ചു. 112 വര്‍ഷം മുന്‍പ് ഫെര്‍ഡിനാഡോ ദ്വീപിലുണ്ടായ അഗ്നിപര്‍വത സ്ഫോടനം വ്യാപകമായ നാശമാണ് ദ്വീപില്‍ വിതച്ചത്. ഈ സ്ഫോടനത്തില്‍ ദ്വീപിലെ ഈ ഭീമന്‍ ആമവംശവും അന്യം നിന്നു പോയെന്നാണ് അന്ന് കരുതിയത്. യേല്‍ സര്‍വകലാശാലയില്‍ നിന്നുള്ള പരിശോധനാ ഫലങ്ങള്‍ കൂടി അനുകൂലമായതോടെ ഫെര്‍ഡിനാഡോ ദ്വീപിലെ ഭീമന്‍ ആമകള്‍ ഇന്നും ഭൂമുഖത്ത് തുടരുന്നുവെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചു. 

1906 ല്‍ ഇതേ ദ്വീപില്‍ നിന്ന് തന്നെ സി. ഫന്‍റാസ്റ്റിക്കസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഇതേ ആമവംശത്തിലെ ഒരു ആണ്‍ ആമയില്‍ നിന്നുള്ള സാംപിളുകള്‍ യേല്‍ സര്‍വകലാശാലയില്‍ സൂക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് താരതമ്യപഠനത്തിനായി ഇപ്പോള്‍ കണ്ടെത്തിയ പെണ്‍ ആമയുടെ സാംപിളുകളും യേല്‍ സര്‍വകലാശാലയിലേക്കു തന്നെ അയച്ചത്. പഠനത്തില്‍ രണ്ട് സാംപിളുകളും തമ്മില്‍ ജനിതകമായ സാമ്യം ഗവേഷകര്‍ കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ഇരു ആമകളും ഒരേ വംശത്തില്‍ പെട്ടവയാണ് എന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്. 

ഗലപ്പാഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ അദ്ഭുതങ്ങളില്‍ ഒന്നാണ് ഫെര്‍ഡിനാഡോ ദ്വീപിലെ ഭീമന്‍ ആമകള്‍. ഇപ്പോള്‍ അവയെ സംരക്ഷിക്കാനുള്ള അവസാന അവസരം ഏറ്റവും ഒടുവിലത്തെ നിമിഷത്തില്‍ കിട്ടിയ പ്രതീതിയാണുള്ളതെന്ന് ഗലപ്പാഗോസ് ദേശീയ പാര്‍ക്ക് ഡയറക്ടര്‍ പറയുന്നു. ദ്വീപില്‍ ഇതേ വംശത്തിലെ മറ്റ് ആമകള്‍ കൂടി ഉണ്ടോയെന്ന് പരിശോധിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഡയറക്ടര്‍ ജയിംസ് ഗിബ്സ് വിശദീകരിക്കുന്നു. ഗലപ്പാഗോസിന്റെ തന്നെ ഭാഗമായ പിന്‍റാ ദ്വീപിലും സമാനമായ ഒരു ഭീമന്‍ ആമവര്‍ഗം ജീവിച്ചിരുന്നു. എന്നാല്‍ അവയെ കണ്ടെത്തുമ്പോള്‍ അതിലെ അവസാന അംഗം മാത്രമായിരുന്നു ദ്വീപില്‍ ജീവനോടെ ഉണ്ടായിരുന്നു. ആ ആമയുടെ മരണത്തോടെ പിന്‍റാ ദ്വീപിലെ ഭീമന്‍ ആമവര്‍ഗം എന്നന്നേക്കുമായി ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തു. 2012 ലാണ് പ്രത്യുൽപാദനത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ ഈ ആമവര്‍ഗത്തിലെ അവസാന അംഗം മരണത്തിനു കീഴടങ്ങിയത്. 

ലോണ്‍സം ജോര്‍ജ് അഥവാ ഏകനായ ജോര്‍ജ് എന്ന പിന്‍റാ ദ്വീപിലെ ആമയുടെ സ്ഥിതി ഫെര്‍ഡിനോയിക്ക് ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്താനാണ് ശ്രമമെന്ന് ഗവേഷകര്‍ പറയുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ സമാനവര്‍ഗത്തില്‍ പെട്ട മറ്റ് ആമകള്‍ക്ക്  വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങുമെന്ന് ഗലപ്പാഗോസ് ദേശീയ പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. ഇതേ വിഭാഗത്തില്‍ പെട്ട രണ്ട് ആമകളുടെ കൂടി സാന്നിധ്യം ദ്വീപില്‍ ഉണ്ടെന്നത്തിന്‍റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫെര്‍ഡിനാഡോ ദ്വീപിലെ ഭീമന്‍ ആമകളുടെ വംശത്തെ സംരക്ഷിച്ചെടുക്കാനാകുമെന്ന പ്രതീക്ഷിയിലാണ് ഗവേഷകര്‍.

English Summary: A Giant Tortoise Thought Extinct For Over 100 Years Has Been Found in Galapagos

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA