ADVERTISEMENT

കഴിഞ്ഞ ഏതാനും മാസങ്ങളായി എലികള്‍ക്കെതിരെ പോരാടുകയാണ് ഓസ്ട്രേലിയ. രാജ്യത്തെ എലികളുടെ എണ്ണത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധമുള്ള വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഏതാനും മാസങ്ങളായി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ എലികളുടെ എണ്ണത്തിലുണ്ടായ ഈ വർധനവ് ഒരു പരിധി വരെ പ്രതിരോധിക്കാനായെന്നാണ് ഇപ്പോള്‍ അധികൃതര്‍ വിലയിരുത്തുന്നത്. എന്നാല്‍ എലികളെ കൊന്നൊടുക്കാന്‍ സ്വീകരിച്ച പല നടപടികളും ഇപ്പോള്‍ രാജ്യത്തെ വന്യമൃഗങ്ങള്‍ക്കും, പക്ഷികള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ഭീഷണിയാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

വിഷം പൊതിഞ്ഞ ധാന്യമണികള്‍

എലികളുടെ ആക്രമണത്തില്‍ കൃഷിനിലങ്ങളിലെയും ധാന്യപ്പുരകളിലെയും വിളവുകള്‍ ഒരു പോലെ നശിച്ചതോടെയാണ് ജനങ്ങളും സര്‍ക്കാരും കൈകോര്‍ത്ത് എലികള്‍ക്കെതിരെ പോരാട്ടത്തിനിറങ്ങിയത്. സമാനമായ ഒരു സ്ഥിതി 2014 ല്‍ ഉണ്ടായിരുന്നുവെങ്കിലും ഇക്കുറി എലികള്‍ സൃഷ്ടച്ച നാശനഷ്ടം പലമടങ്ങധികമാണെന്നാണ് വിലയിരുത്തല്‍. കോവിഡ് മൂലം കനത്ത ആഘാതമേറ്റ ഓസ്ട്രേലിയയുടെ കാര്‍ഷിക മേഖലയ്ക്ക് എലികളുടെ ആക്രമണം ഇരുട്ടടിയായി. ഈ സാഹചര്യത്തിലാണ് എലികളെ വിഷം വച്ച് കൊല്ലുന്നതുൾപ്പെടെ വിവധ മാര്‍ഗങ്ങള്‍ അധികൃതരുടെ അനുവാദത്തോടെ തന്നെ കര്‍ഷകര്‍ സ്വീകരിച്ചത്. 

ഈ മാര്‍ഗങ്ങളില്‍ ഏറ്റവും ഫലപ്രദമായതെന്നു കരുതിയത് എലിവിഷം പൊതിഞ്ഞ ധാന്യമണികളായിരുന്നു. എലിവിഷത്തില്‍ മുക്കി വച്ച ശേഷം അവ പറ്റി പിടിച്ച ധാന്യങ്ങള്‍ കൂട്ടമായി എലികള്‍ക്ക് വേണ്ടി തുറന്നു വയ്ക്കുയാണ് കര്‍ഷകര്‍ ചെയ്തത്. എലികളെ കൊന്നൊടുക്കാന്‍ ഒരു പരിധി വരെ ഈ മാര്‍ഗം സഹായിച്ചെങ്കിലും മറ്റൊരു അപകടം കൂടി സംഭവിച്ചു. വിഷം പുരട്ടിയ ധാന്യമണികള്‍ പലയിടത്തായി എത്തിയതോടെ പക്ഷികളും ഇവ തിന്നാന്‍ തുടങ്ങി. വൈകാതെ വിഷം പൊതിഞ്ഞ ധാന്യങ്ങള്‍ ഭക്ഷിച്ച പക്ഷികള്‍ കൂട്ടത്തോടെ ചത്തു വീണു.

mice-plague-baits-killing-australian-wildlife-with-dozens-of-birds-dead1
Image Credit: Kelly Lacey/Facebook

ന്യൂ സൗത്ത് വെയ്ല്‍സിലെ താമസക്കാരിയായ കെല്ലി ലേസി ഒരു ദിവസം പുലര്‍ച്ചെ കണ്ടത് തന്‍റെ വീടിന്‍റെ മുറ്റത്ത് ചത്തു കിടക്കുന്ന നൂറ് കണക്കിന് പക്ഷികളെയാണ്. എലിക്ക് വച്ചിരുന്ന വിഷധാന്യമണികള്‍ കഴിച്ചു ചത്ത് വീണവയായിരുന്നു ഇവയെല്ലാം. ഇത് ഒരാളുടെ മാത്രം അവസ്ഥയായിരുന്നില്ല. പല പ്രദേശങ്ങളിലായി ഇതു പോലെ പക്ഷികളും ചിലയിടത്ത് വളര്‍ത്തു മൃഗങ്ങളും എലിവിഷം മൂലം ചത്തു വീണു. പലയിടങ്ങളിലും ഈ പ്രദേശത്തുണ്ടായിരുന്ന പ്രാവ് പോലുള്ള പക്ഷികളുടെ കൂട്ടമാകെ ചത്തു വീണു. 

കെല്ലി ലേസിയുടെ തന്നെ അനുഭവത്തില്‍ ഈ പക്ഷികളും മൃഗങ്ങളും വേഗത്തില്‍ ചാകുകയല്ല ചെയ്യുന്നതെന്ന് വ്യക്തമാകുന്നു. ആന്തരിക രക്തസ്രാവമാണ് ഇവയെ മരണത്തിലേക്കു നയിക്കുന്നത്. ദിവസങ്ങളോളം ക്ഷീണിതരായി കാണപ്പെട്ടും പിന്നീട് തളര്‍ന്നു വീണു പിടഞ്ഞുമാണ് ഈ ജീവികള്‍ ചാകുന്നത്. താന്‍ വര്‍ഷങ്ങളോളം ഭക്ഷണം നല്‍കി, പരിക്കിന് ചികിത്സ നല്‍കി സംരക്ഷിച്ച പക്ഷികളാണ് തന്‍റെ കണ്‍മുന്നില്‍ ജീവനറ്റു വീണതെന്ന് കെല്ലി ലേസി ഫോസ് ബുക്കില്‍ കുറിച്ചു. ഈ കൂട്ടത്തില്‍ രണ്ട് പക്ഷികള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും അവയുടെ ആരോഗ്യസ്ഥിതിയും മോശമായി വരികയാണെന്നും കെല്ലി ലേസി വിശദീകരിച്ചു.

വ്യാപകമാകുന്ന വിഷം

ന്യൂ സൗത്ത് വെയ്ല്‍സ് എന്‍വയോണ്‍മെന്‍റെ പ്രൊട്ടക്ഷന്‍ അതോറിറ്റി നടത്തിയ അന്വേഷണത്തിലും എലിവിഷമാണ് പക്ഷികളുടെ കൂട്ടമരണത്തിന് കാരണമായതെന്ന് കണ്ടെത്തി. ഇതോടെ എലികള്‍ക്കായുള്ള വിഷക്കെണി ഒരുകുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഇവര്‍ നിർദേശിച്ചിട്ടുണ്ട്. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ എലിയെ കൊല്ലുന്നതിനായി ഇപ്പോള്‍ അനുവദിച്ചിട്ടുള്ള വിഷം കുടുംബാംഗങ്ങള്‍ക്കും വളര്‍ത്ത് മൃഗങ്ങള്‍ക്കും വന്യജീവികള്‍ക്കുമെല്ലാം ഒരുപോലെ ഭീഷണിയാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. കീടനാശിനികളുടെ പുറത്ത് നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് മാത്രമെ അവ ഉപയോഗിക്കാവൂ എന്നും അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നു.

ബ്രോമാഡിയോലോണ്‍ എന്ന അതിമാരകമായ വിഷമാണ് എലികള്‍ക്കെതിരെ പ്രയോഗിക്കാന്‍ ഇപ്പോള്‍ അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നത്. നാപാം പോലെ അതീവ അപകടകാരിയായ, ഓസ്ട്രേലിയയ്ക്ക് വെളിയില്‍,നിരോധിച്ചിട്ടുള്ള കീടനാശിനിയാണിത്. ബ്രോമാഡിയോലോണ്‍ ഉപയോഗിച്ച് വിഷാംശം വർധിപ്പിച്ച ധാന്യമണികള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ എലിവേട്ടയ്ക്കായി ഇപ്പോള്‍ വിതരണം ചെയ്യുന്നുണ്ട്. ഇവ കഴിച്ചാല്‍ എലികള്‍ പത്ത് ദിവസത്തിനുള്ളില്‍ ചാകുമെന്നാണ് കരുതുന്നത്. ഇത്തരത്തില്‍ ചത്തടിഞ്ഞ നിരവധി എലികളെയും ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ഇങ്ങനെ ചാകുന്ന എലികളിലും വിഷാംശമുണ്ടാകുമോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക. അങ്ങനെ സംഭവിച്ചാല്‍ അത് ഭക്ഷ്യശൃംഖല വഴി പൂച്ചയും പട്ടിയും പോലുള്ള വളര്‍ത്തു മൃഗങ്ങളിലും, പരുന്തുകള്‍, കഴുകന്‍ തുടങ്ങിയ പക്ഷികളിലും വിഷം എത്തിച്ചേരാനിയാക്കും. അത് അപകടകരമായ വലിയൊരു ദുരന്തത്തിനാകും വഴിവയ്ക്കുകയെന്ന ആശങ്കയും ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. 

English Summary: Mice plague baits killing Australian wildlife, with dozens of birds dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com