മത്തി മുട്ട ഇട്ടോട്ടെ, ബോട്ടുകൾ വിശ്രമിക്കട്ടെ... ട്രോളിങ് നിരോധനം എന്തിന് എങ്ങനെ?

State to enforce 52-day trawling ban
മത്സ്യലഭ്യത കൂടിയ ഭാഗത്ത് കടലിൽ ഇറക്കാനായി പൊന്തുവള്ളം തലയിൽ ചുമന്നു കൊണ്ടുപോകുന്ന മത്സ്യത്തൊഴിലാളികൾ. ചിത്രം: സജിത്ത് ബാബു∙മനോരമ
SHARE

ട്രോളിങ് നിരോധനം അർധരാത്രി നിലവിൽ വന്നതോടെ ഇനിയുള്ള 52 ദിനങ്ങൾ മത്സ്യബന്ധന ബോട്ടുകൾക്ക് വിശ്രമം. ലോക്ഡൗണും ന്യൂനമർദവും മൂലമുള്ള മത്സ്യബന്ധന നിയന്ത്രണങ്ങളിൽ നട്ടംതിരിയുന്ന തീരമേഖലയ്ക്ക് ട്രോളിങ് നിരോധന കാലം പരീക്ഷണങ്ങളുടേതാണ്. ഇന്നലെ അർധരാത്രി മുതൽ യന്ത്രവൽകൃത ബോട്ടുകളുടെ മത്സ്യബന്ധന നിരോധനം നിലവിൽ വന്നു. കടലിൽ പോയ മുഴുവൻ ബോട്ടുകളും അർധരാത്രിയോടെ തീരമണഞ്ഞു. ഇനിയുള്ള 52 ദിവസം മത്സ്യത്തൊഴിലാളികൾക്ക് പട്ടിണിക്കാലമാണ്.

‘ജൂൺ–ജൂലൈ മാസത്തിൽ മത്തി മുട്ട ഇട്ടോട്ടെ

തട്ടി മുട്ടി പൊട്ടിക്കല്ലേ ബോട്ടുകാരെ, കൊള്ളക്കാരെ...’

എഴുപതുകളുടെ അവസാനത്തിൽ കേരളത്തിന്റെ തീരത്ത് ഉയർന്നുകേട്ട മുദ്രാവാക്യം. പട്ടിണിക്കാരായ മത്സ്യത്തൊഴിലാളികൾ തൊണ്ടപൊട്ടി ഏറ്റുവിളിച്ചപ്പോൾ ഇതു ശരിയല്ലേയെന്നു പൊതുജനത്തിനും തോന്നി. സാമൂഹിക പ്രവർത്തകരും ഒരുപറ്റം ബുദ്ധിജീവികളും രാഷ്‌ട്രീയക്കാരും ഇതേറ്റെടുത്തപ്പോൾ അതിനു ശക്‌തികൂടി. പ്രകടനം, ധർണ, പണിമുടക്ക്, വഴിതടയൽ ഇങ്ങനെ പടിപടിയായി വളർന്നു. തീരക്കടലിൽ മത്തി തുടങ്ങിയ മത്സ്യങ്ങളുടെ ദൗർലഭ്യത്തിനു കാരണം ട്രോളിങ് രീതിയാണെന്നു സ്‌ഥാപിക്കാൻ ഈ സമരത്തിനു കഴിഞ്ഞു.

1980ലെ ഇടതു സർക്കാർ ആദ്യമായി കേരളത്തിൽ ഭാഗികമായും 1989ൽ 45 ദിവസത്തേക്കു പൂർണമായും ട്രോളിങ് നിരോധിച്ചു. തുടർന്നായിരുന്നു കുപ്രസിദ്ധമായ നീണ്ടകര വെടിവയ്‌പ്. രണ്ടുപേരുടെ ജീവൻ നഷ്‌ടപ്പെടുന്നിടം വരെ എത്തി. ട്രോളിങ് നിരോധനം പിന്നീട് എല്ലാ സർക്കാരും വഴിപാടുപോലെ തുടരുന്നു.

കടൽ ഉഴുതുമറിക്കുന്ന ബോട്ടുകൾ

ഇന്നു മുതൽ ട്രോളിങ് നിരോധനം തുടങ്ങുന്നതിനാൽ അഴീക്കോട് – മുനമ്പം കേന്ദ്രീകരിച്ചു മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകൾ തീരത്തടുത്തപ്പോൾ.

ഒരു ട്രോൾ ബോട്ട് വലവലിക്കുമ്പോൾ അഞ്ചു സെന്റിമീറ്റർ ആഴത്തിൽ 700 സ്‌ക്വർമീറ്റർ സ്‌ഥലം ഉഴുതുമറിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഇതുവച്ചു നോക്കുമ്പോൾ പ്രതിദിനം 7000 ബോട്ടുകൾ കുറഞ്ഞത് അഞ്ചുപ്രാവശ്യം എത്രമാത്രം കടൽ ഉഴുതുമറിക്കുന്നു എന്ന് അനുമാനിക്കാവുന്നതേയുള്ളു. ഇതുമൂലം കടലിന്റെ ജൈവഘടനയിലും പാരിസ്‌ഥിതികാവസ്‌ഥയിലും ഏൽപ്പിക്കുന്ന ആഘാതം എത്രയെന്നു ചിന്തിക്കാവുന്നതാണ്. ട്രോൾ ബോട്ടുകൾ കടന്നുപോകുന്ന മേഖലയിലെ 90% ജലജീവികളും നശിപ്പിക്കപ്പെടുന്നതായി തെളിയിക്കപ്പെട്ടു.

State to enforce 52-day trawling ban

തുടക്കത്തിൽ വളരെയധികം പ്രോൽസാഹജനകമായിരുന്നു ട്രോളിങ്. എഴുപതുകളുടെ പകുതിയോടെ സ്‌ഥിതിയാകെ മാറി. ’70 - ’75 കാലയളവിൽ നീണ്ടകരയിൽ ബോട്ടൊന്നിനു ശരാശരി ഒരു മണിക്കൂർ ട്രോളിങ് നടത്തുമ്പോൾ 86.2 കിലോഗ്രാം ചെമ്മീൻ കിട്ടിയിരുന്നെങ്കിൽ ’76 - ’80 കാലളവിൽ 12.6 കിലോഗ്രമായി കുറഞ്ഞു. എൺപതുകളുടെ പകുതിയോടെ ട്രോളിങ് ബോട്ടുകൾ കിളിമീൻ സമ്പത്തിന്റെ ചൂഷണത്തിനായി തിരിഞ്ഞു. അതും അധികനാൾ തുടർന്നില്ല. തൊണ്ണൂറുകളുടെ തുടക്കത്തോടെ തീരക്കടലിലെ മൽസ്യസമ്പത്ത് ഏതാണ്ടു പൂർണമായി തീർന്നതോടെ ബോട്ടുകളുടെ വലുപ്പംകൂട്ടി മൽസ്യം സൂക്ഷിക്കാൻ പറ്റുന്ന സംവിധാനത്തോടെ ആഴക്കടൽ മൽസ്യസമ്പത്താ കണവ, കൂന്തൽ എന്നീ ഇനം മൽസ്യങ്ങളെ കേന്ദ്രീകരിച്ചുള്ള ട്രോളിങ് ആരംഭിച്ചു. എന്നാൽ, തൊണ്ണൂറിന്റെ പകുതിയോടെ ആ സമ്പത്തും അസ്‌തമിച്ചു.

ട്രോളിങ് മൽസ്യബന്ധനം സ്‌തംഭനാവസ്‌ഥയിലെത്തി. തൊണ്ണൂറിന്റെ അവസാനത്തോടെ ആഴക്കടൽ ചെമ്മീന്റെ ലഭ്യതയോടെ ട്രോളിങ്ങിനു പുതിയ ഉണർവ് ഉണ്ടാകുകയും നൂറുകണക്കിനു പുതിയ ബോട്ടുകൾ രംഗത്തുവരികയും ചെയ്തു. പുത്തൻ നൂറ്റാണ്ടിന്റെ തുടക്കത്തോടെ അതും ഏതാണ്ട് അസ്‌തമിച്ചു. അതോടെ ട്രോളിങ് പ്രതിസന്ധിയിലായി ബോട്ട് ഉടമകളും മൽസ്യസമ്പത്തിന്റെ സംരക്ഷണം അനിവാര്യമായി കാണുകയും അതിനായി സമ്പൂർണ നിരോധനം എന്ന മുദ്രാവാക്യം സ്വീകരിക്കുകയും ചെയ്തു. ചെമ്മീൻ സമ്പത്തിൽ തുടങ്ങി കിളിമീൻ, കണവ, കൂന്തൽ, ആഴക്കടൽ ചെമ്മീൻ തുടങ്ങി കടലിന്റെ അടിത്തട്ടിൽ വളരുന്ന എല്ലാത്തരം കടൽ ജീവികളും നശിപ്പിക്കപ്പെട്ടു.

ഇപ്പോൾ ട്രോളിങ് നിരോധനം കാര്യക്ഷമമായി നടപ്പിലാക്കാൻ സർക്കാർ സംവിധാനങ്ങൾ ശ്രമിക്കാറുണ്ട്. ട്രോളിങ് നിരോധന സമയത്ത് ചെറുവള്ളങ്ങളിലുള്ള മത്സ്യബന്ധനം നടത്തുന്നതിന് അനുമതിയുണ്ട്. ട്രോളിങ് കാലത്ത് വിഴിഞ്ഞം, നീണ്ടകര പോലുള്ള സ്ഥലങ്ങളിലേക്ക് പരമ്പരാഗത മത്സ്യതൊഴിലാളികൾ എത്തുകയും മത്സ്യബന്ധനത്തിലേർപ്പെടുകയും ചെയ്യുന്നു.

English Summary: State to enforce 52-day trawling ban

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA